സാബു ചുണ്ടക്കാട്ടില്‍

ഇന്നലെ മാഞ്ചസ്റ്റര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊച്ചു കേരളമായി മാറുകയായിരുന്നു. ഒരിക്കലും മറക്കാനാവാത്ത അപൂര്‍വ സുന്ദര ദിനത്തിനാണ് ഇന്നലെ മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിച്ചത്. പൊന്നിന്‍ കുരിശുകളും വെള്ളികുരിശുകളും, മുത്തുക്കുടകള്‍ ഏന്തിയ മങ്കമാരും, ഗാനമേളയും എല്ലാം പ്രവാസി ആയി എത്തിയപ്പോള്‍ നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന തിരുന്നാള്‍ അനുഭവങ്ങളിലേക്ക് ഏവരെയും കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. മാഞ്ചസ്റ്ററിന്റെ തെരുവീഥികള്‍ വിശ്വാസികളാല്‍ നിറഞ്ഞപ്പോള്‍ മികച്ച ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവിനാലും തിരുന്നാള്‍ ചരിത്രമായി.

ആര്‍ഷഭാരത സംസ്‌കാരവും,ആംഗലേയ സംസ്‌കാരവും കൂട്ടിയിണക്കി തുടര്‍ച്ചയായ 12 വര്‍ഷവും നടക്കുന്ന തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു ആയിരങ്ങള്‍ക്ക് സായൂജ്യം. മാര്‍തോമാശ്ലീഹായുടെ പാരമ്പര്യം പേറി ജീവിക്കുന്ന കേരള നസ്രാണികളുടെ പാരമ്പര്യത്തിന്റെ ഉച്ചത്തിലുള്ള പ്രഘോഷണമായി മാറുകയായിരുന്നു തിരുന്നാള്‍ ആഘോഷങ്ങള്‍.

ഇന്നലെ രാവിലെ 10 മണി ആയപ്പോഴേക്കും വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയം നിറഞ്ഞു കവിഞ്ഞിരുന്നു. അള്‍ത്താരയും പള്ളിപരിസരവും എല്ലാം കൊടിതോരണങ്ങളാല്‍ തിളങ്ങിയപ്പോള്‍ ആദ്യ പ്രദക്ഷിണം ഗില്‍ഡ് റൂമില്‍ നിന്നും ആരംഭിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി എത്തിയ വൈദിക ശ്രേഷ്ഠരെയും ചെണ്ടമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ചു കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിച്ച സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അള്‍ത്താരയിലേക്ക് ആനയിച്ചതോടെ ഇടവ വികാരി റെവ.ഡോ ലോനപ്പന്‍ അരങ്ങാശേരിയുടെ ആമുഖ പ്രസംഗത്തോടെ അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനക്ക് തുടക്കമായി. പന്ത്രണ്ടോളം വൈദികര്‍ ദിവ്യബലിയില്‍ സഹ കാര്‍മ്മികത്വം വഹിച്ചു.

വിശുദ്ധ തോമാശ്ളീഹാ തെളിയിച്ചുതന്ന വിശ്വാസ ദീപത്തെ മുറുകെ പിടിച്ചു ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കുവാനും,
മനസാന്തരത്തിന്റെയും, പൊരുത്തപ്പെടലിന്റെയും അവസരമായി തിരുന്നാള്‍ മാറണമെന്നും ദിവ്യബലി മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രശാമ്പിക്കല്‍ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.
ഇടവകയിലെ ഗായക സംഘത്തിന്റെ ശ്രുതിശുദ്ധമായ ആലാപനങ്ങള്‍ ദിവ്യബലിയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

ദിവ്യബലിയെ തുടര്‍ന്ന് മിഷന്‍ ലീഗ് ഉത്ഘാടനം

ദിവ്യബലിയെ തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ യുവജന സംഘടന ആയ മിഷന്‍ലീഗിന്റെ ഇടവക തല ഉത്ഘാടനം അഭിവന്ദ്യ പിതാവ് നിര്‍വഹിച്ചു. കുട്ടികള്‍ക്ക് പതാകകള്‍ നല്‍കികൊണ്ടായിരുന്നു ഉത്ഘാടനം നടന്നത്.

ദിവ്യബലിയെ തുടര്‍ന്ന് ലോനപ്പന്‍ അച്ചന്റെ പിറന്നാള്‍ ആഘോഷവും ഇന്നലെ ജന്മദിനം ആയിരുന്ന ലോനപ്പന്‍ അച്ചന്റെ പിറന്നാള്‍ ആഘോഷവും ദിവ്യബലിയെ തുടര്‍ന്ന് നടന്നു. ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ പിതാവിനൊപ്പം കേക്ക് മുറിച്ചുകൊണ്ടായിരുന്നു ആഘോഷം. ഇടവകയിലെ മാതൃവേദി പ്രവര്‍ത്തകര്‍ അച്ചന് ബൊക്കെയും ആശംസാ കാര്‍ഡുകളും സമ്മാനമായി നല്‍കി.

ഇതേ തുടര്‍ന്ന് നടന്ന ലദീഞ്ഞിനെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണത്തിനു തുടക്കമായി. പതാകകള്‍ ഏന്തി സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവജന സംഘടനകളും പ്രദക്ഷിണത്തിന്റെ മുന്‍നിരയില്‍ അണിനിരന്നപ്പോള്‍ പൊന്നിന്‍ കുരിശുകളും, വെള്ളികുരിശുകളും, മരക്കുരിശുകളും, മുത്തുക്കുടകളും എല്ലാം പ്രദക്ഷിണത്തില്‍ അണിനിരന്നു. പ്രദക്ഷിണ വീഥികളില്‍ ഗതാഗതം നിയന്ത്രിച്ചു പോലീസ് പ്രദക്ഷിണത്തിനു വഴിയൊരുക്കി. വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങളും വഹിച്ചു മാഞ്ചസ്റ്ററിന്റെ തെരുവീഥികളില്‍കൂടി നടന്ന തിരുന്നാള്‍ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായി മാറുകയായിരുന്നു. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും, തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച വിതരണവും, സ്‌നേഹവിരുന്നും നടന്നു. ഇതേ തുടര്‍ന്ന് കൃത്യം മൂന്നുമണിക്ക് ഫോറം സെന്ററിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

മനം നിറഞ്ഞു വേണുഗോപാലിന്റെ ഗാനമേള

ഇടവക വികാരി റവ.ലോനപ്പന്‍ അരങ്ങശ്ശേരി ഏവര്‍ക്കും സ്വാഗതം ആശംസിച്ചതോടെ മലയാളത്തിന്റെ പ്രിയ ഗായകന്‍ ജി വേണുഗോപാല്‍ വേദിയില്‍ എത്തിയപ്പോള്‍ നിലക്കാത്ത കൈയടികളോടെയാണ് കാണികള്‍ വേണുഗോപലിനെ സ്വീകരിച്ചത്. തുടര്‍ന്ന് ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ എന്ന ഭക്തി ഗാനത്തോടെ ഗാനമേളക്ക് തുടക്കമായി. വേണുഗോപാലിനൊപ്പം ഐഡിയ സ്റ്റാര്‍ സിംഗര്‍ ഡോ.വാണി ഉള്‍പ്പെടെയുള്ള ഗായകര്‍ പാടിക്കയറിയപ്പോള്‍ ഒരിക്കലും മറക്കാനാവാത്ത സംഗീത രാവിനാണ് മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിച്ചത്. ജി.വേണുഗോപാല്‍ മെലഡികള്‍ വഴി കാണികളുടെ കൈയടി ഏറ്റുവാങ്ങിയപ്പോള്‍ ഡോ.വാണിയും, ഡോ ഭഗത്തുമെല്ലാം ഫാസ്റ്റ് നമ്പറുകളിലൂടെ കത്തിക്കയറിയപ്പോള്‍ ഫോറം സെന്ററില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് മികച്ച വിരുന്നായി.

നിറക്കൂട് എന്ന ചിത്രത്തിലെ പൂമാനമേ ..എന്ന ഗാനവും മൂന്നാം പക്കം എന്ന സിനിമയിലെ ഉണരുമീ ഗാനം എന്നിവയും കാണികള്‍ നിറഞ്ഞ കൈയടികളോടെ ഏറ്റുവാങ്ങി. പാട്ടിനൊപ്പം ചുവടു വെച്ച് കുട്ടികളും വേദിയില്‍ എത്തിയതോടെ ഗാനമേള ഏവരും നന്നായി ആസ്വദിച്ചു.ുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ റെയിന്‍ബോ രാഗാസ് ആണ് ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കിയത്.

ഇടവേളയില്‍ റാഫിള്‍ നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി ഒന്നര പവന്‍, രണ്ടാം സമ്മാനമായി ഒരു പവന്‍, മൂന്നാം സമ്മാനമായി അര പവന്‍ സ്വര്‍ണ്ണവും സമ്മാനമായി നല്‍കി. കൂടാതെ അഞ്ചു പ്രോത്സാഹന സമ്മാനങ്ങളും വിജയികള്‍ക്ക് നല്‍കി. ഇടവക വികാരി റെവ.ഡോ ലോനപ്പന്‍ അരങ്ങാശേരി,ട്രസ്റ്റി മാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, ട്വിങ്കിള്‍ ഈപ്പന്‍, എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച 101 അംഗ കമ്മറ്റി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. തിരുന്നാള്‍ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഇടവക വികാരി റവ.ഡോ ലോനപ്പന്‍ അരങ്ങാശേരി, തിരുന്നാള്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ സാബു ചുണ്ടക്കാട്ടില്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.