ചരിത്ര നേട്ടത്തിലൂടെ വീണ്ടും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍! ഇത്തവണ ”സാംസ്‌കാരിക വിനിമയം”

ചരിത്ര നേട്ടത്തിലൂടെ വീണ്ടും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍! ഇത്തവണ ”സാംസ്‌കാരിക വിനിമയം”
March 13 04:51 2019 Print This Article

മാഞ്ചസ്റ്റര്‍:എക്കാലവും വ്യത്യസ്തതയിലൂടെ മുന്നേറുന്ന മലയാള സംഘടനയാണ് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ (എം.എം .എ). യു.കെയിലെ ഒട്ടുമിക്ക മലയാളിക്കൂട്ടായ്മകളും ഓണം, ക്രിസ്ത്മസ് ആഘോഷങ്ങളുമായി ഒതുങ്ങിക്കൂട്ടുമ്പോള്‍ അസീമമായ പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്തുകയാണവര്‍.

മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലുമായി ചേര്‍ന്ന് കഴിഞ്ഞ നാലുവര്‍ഷമായി മാഞ്ചസ്റ്റര്‍ ഫെസ്റ്റിവല്‍, മാഞ്ചസ്റ്റര്‍ ഡേ പരേഡ് തുടങ്ങിയവയിലുള്ള സഹകരണം തുടരുന്നതോടൊപ്പം കേരള വിനോദ സഞ്ചാര വകുപ്പുമായി ചേര്‍ന്ന് ആസൂത്രണം ചെയ്ത ”സാംസ്‌കാരിക വിനിമയം” പദ്ധതി വന്‍ വിജയത്തിലേക്കു നീങ്ങുന്നു. ബ്രിട്ടനിലെ കലാകാരന്മാരെ കേരളത്തിലെ കലാസാംസ്‌കാരിക വേദികളില്‍ പരിചയപ്പെടുത്തുന്നതോടൊപ്പം കേരളത്തിലെ കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ അഭിരുചികള്‍ ഇംഗ്ലീഷ് മണ്ണില്‍ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.

സിറ്റി കൗണ്‍സിലിനുവേണ്ടി, വാക് ദി പ്ലാങ്കിന്നെയും, മാഞ്ചസ്റ്റര്‍ ഡേ പരേഡിന്റെ ക്രീയേറ്റീവ് ഡയറക്ടറിനെയും, കേരള വിനോദ സഞ്ചാര വകുപ്പിനുവേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷനേയും തമ്മില്‍ ബന്ധിപ്പിക്കുന്നത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ആണ്. ഉത്തരവാദിത്ത ടൂറിസത്തില്‍ രാജ്യാന്തര പുരസ്‌കാരമായ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നു മാഞ്ചസ്റ്റര്‍ ഡേ പരേഡിന്റെ ക്രീയേറ്റീവ് ഡയറക്ടര്‍ കൂടിയായ ശ്രീമതി. കാന്‍ഡിഡ ബോയ്‌സ്, ലണ്ടനിലെ മീറ്റിംഗിനെ തുടര്‍ന്ന്, കേരളത്തിലെത്തി ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനെ സന്ദര്‍ശിച്ചിരുന്നു. ടൂറിസം മിഷന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കലാകാരന്മാര്‍ക് മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുമെന്നതിനാലും കേരള ടൂറിസത്തിന് മാര്‍ക്കറ്റിംഗില്‍ ലഭിക്കുന്ന അനന്തമായ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടും സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് ശ്രീമതി. കാന്‍ഡിഡ ബോയ്‌സിനെ കേരളത്തിലേക്ക് ക്ഷണിച്ചത്. തുടര്‍ന്ന് നടന്ന കൂടിക്കാഴ്ച്ചയില്‍ ഒരു ദീര്‍ഘകാല കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം ആവിഷ്‌കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കേരളത്തിലെ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ടൂറിസം മേഖലയ്ക്കും ഒരുപോലെ ഗുണപരമാകുമെന്ന പ്രതീക്ഷയില്‍ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ സഹകരണത്തെ മന്ത്രി പ്രത്യേകം പ്രശംസിച്ചു.

വൈക്കത്തെയും തിരുവന്തപുരം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെയും ഉത്തരവാദിത്ത ടൂറിസം മിഷന് യൂണിറ്റുകള്‍ മിഷന് കോ-ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ ശ്രീമതി. കാന്‍ഡിഡ ബോയ്‌സിന് നേരില്‍ കാണിച്ച് പരിചയപ്പെടുത്തിയിരുന്നു. ഈ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ തെയ്യത്തിന്റെ മുഖരൂപങ്ങള്‍ ഉണ്ടാക്കുന്നവര്‍, യക്ഷഗാനീ, ബൊമ്മയാട്ടം, തീയാട്ട് കളം, കഥകളി എന്നിവ ഉള്‍പ്പെടയുള്ള വിവിധ കലാപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച അവര്‍ ഇതില്‍ നിന്നും ഒന്നാം ഘട്ടമെന്ന നിലയില്‍ പ്രസ്തുത കലാരൂപങ്ങളുടെ ത്രിമാന നിര്‍മ്മിതികള്‍ ഈ വര്‍ഷത്തെ മാഞ്ചസ്റ്റര്‍ ഡേ പരേഡിന്റെ മുഖ്യ ആകര്‍ഷണമായി മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് പ്രോഗ്രാമില്‍ ഭാഗമാക്കുന്നതിനായി ആദ്യ ഘട്ടത്തില്‍ തെരെഞ്ഞടുത്ത കാസര്‍കോട് നിന്നുള്ള ആര്‍.ടി മിഷന്‍ കള്‍ച്ചറല്‍ ഗ്രൂപ്പ് അംഗമായ ശ്രീ. അനില്‍ കാര്‍ത്തികയെയും കൊല്ലം ചന്ദനത്തോപ്പിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ നിന്നുള്ള രണ്ടു കലാ വിദ്യാര്‍ത്ഥികളെയും മാഞ്ചസ്റ്റര്‍ ഡേ പാരഡിലെ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫ്‌ളോട്ടുകള്‍ ഡിസൈന്‍ ചെയ്യുവാന്‍ ക്ഷണിച്ചത്.

തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റും പ്രമുഖ ടൂര്‍ കമ്പനിയായ ഇന്റര്‍സൈറ്റ് ഹോളിഡേയ്‌സിന്റെ യൂറോപ്യന്‍ പ്രതിനിധിയുമായ ശ്രീ. വില്‍സണ്‍ മാത്യു മന്ത്രിക്കു ഔദ്യോഗിക ക്ഷണക്കത്ത് കൈമാറി. ചടങ്ങില്‍ കേരളാ ടൂറിസം വകുപ്പ് സിറ്റി കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തുന്ന ”കേരളാ ഫെസ്റ്റിവല്‍ 2020’യുടെ ഔദ്യോഗിക പ്രഖ്യാപനവും നടത്തപ്പെട്ടു. ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് IAS,ടൂറിസം ഡയറക്ടര്‍ ഡോ ബാലകിരണ്‍ IAS, ശ്രീ മോഹന്‍ലാല്‍ IFS (ചെയര്‍മാന്‍ കെ.ടി.ഐ.എല്‍), ശ്രീ രൂപേഷ്‌കുമാര്‍ (റെസ്‌പോണ്‍സിബിള്‍ ടൂറിസം കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു . തെരെഞ്ഞെടുക്കപ്പെട്ട കലാപ്രവര്‍ത്തകര്‍ക്കുള്ള മുഴുവന്‍ ചിലവുകളും മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലും ആര്‍ട്ട് കൗണ്‍സിലും ചേര്‍ന്നു വഹിക്കും.

 

കേരളടൂറിസവും ഉത്തരവാദിത്ത ടൂറിസം മിഷനും മാഞ്ചസ്റ്റര്‍ ിറ്റിയും ചേര്‍ന്ന് ഒരു ദീര്‍ഘകാല കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് തുടക്കമിടാന്‍ അവസരം ലഭിച്ചത് കേരളത്തിലെ കലാപ്രവര്‍ത്തകര്‍ക്കു പ്രത്യേകിച്ചും കേരള ടൂറിസത്തിനു പൊതുവിലും വലിയ കുതിച്ചു ചാട്ടത്തിനു സഹായകമാകും. സംസ്ഥാന ടൂറിസത്തിനും ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തങ്ങള്‍ക്കും ലഭിച്ച വലിയ അംഗീകാരമായി ഈ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ചു പ്രോഗ്രാമിനുള്ള ക്ഷണത്തെ വിലയിരുത്താം. ടൂറിസം മേഖലയില്‍ സംസ്ഥാനത്ത് നടക്കുന്ന കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ് പ്രവര്‍ത്തനങ്ങള്‍ ഇതോടെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയരാനുള്ള സാധ്യതയേറി.

മുന്നോട്ടു വെക്കുന്ന ഉദ്യമങ്ങള്‍ക്കു അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന പൂര്‍ണ സഹകരണമാണ് ഇത്തരം പദ്ധതികളുടെ വിജയത്തിന് നിദാനമെന്നു സെക്രട്ടറി ശ്രീ അരുണ്‍ചന്ദ് അവകാശപ്പെട്ടു. 350 ഓളം അംഗങ്ങളും നൂറിലേറെ കുട്ടികള്‍ പഠിക്കുന്ന സപ്ലിമെന്ററി സ്‌കൂളും മുതല്‍ക്കൂട്ടായുള്ള മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ ഇതര മലയാളി സംഘടനകള്‍ക്കും മാതൃകയാവുമെന്നു പ്രത്യാശിക്കുന്നതായി പ്രസിഡന്റ് അനീഷ് കുര്യന്‍ അഭിപ്രായപ്പെട്ടു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles