ന്യൂസ് ഡെസ്ക് .

മാഞ്ചസ്റ്ററിലെ സാഡിൽവർത്ത് മൂറിൽ ഉണ്ടായ  വൻ അഗ്നിബാധ നിയന്ത്രണാതീതമായി തുടരുന്നു.  നാലു ദിവസമായി തുടരുന്ന തീ നിയന്ത്രിക്കാനുള്ള ഫയർ സർവീസിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. സ്ഥിതിഗതികൾ വഷളാകുന്നതിനാൽ അടിയന്തിര സാഹചര്യം നേരിടാൻ മിലിട്ടറി തയ്യാറെടുക്കുകയാണ്. മിലിട്ടറി യൂണിറ്റുകൾ അടിയന്തിരമായി രംഗത്തിറങ്ങുന്നതിനായി സ്റ്റാൻഡ് ബൈയിലാണ്. നിരവധി മലയാളി കുടുംബങ്ങളും താമസിക്കുന്ന പ്രദേശങ്ങളും അഗ്നിബാധ മൂലമുള്ള ദുരിതത്തിലാണ്. അധികൃതർ മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് സാഡിൽ വർത്ത് മൂറിൽ അഗ്നിബാധയുണ്ടായത്. വൃക്ഷങ്ങളും പുൽമേടുകളും അഗ്നി വിഴുങ്ങുകയാണ്. ബ്രിട്ടണിലെ താപനില 30 ഡിഗ്രിയോട് അടുക്കുന്നതിനാൽ തീ പടരുന്നതിനുള്ള സാധ്യത കൂടി വരുകയാണ്. കൂടാതെ ചെറിയ തോതിലുള്ള കാറ്റും സ്ഥിതിഗതികൾ മോശമാക്കുന്നു. കാർബ്രൂക്ക്, സ്റ്റാലിബ്രിഡ്ജ്, ഓൾഡാം, ടേം സൈഡ് പ്രദേശങ്ങളിൽ പുകയും ചാരവും മൂലം ജനജീവിതം ദുരിതത്തിലാണ്. നിരവധി മലയാളി കുടുംബങ്ങൾ ഈ മേഖലയിലുണ്ട്. വീട് പൂർണമായും അടച്ചു കഴിയാനാണ് അധികൃതർ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ആസ്മ സംബന്ധമായ അസുഖമുള്ളവർ തീർത്തും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.

ഏകദേശം 800 ഏക്കറോളം വരുന്ന മലയോരം അഗ്നി ചാമ്പലാക്കിക്കഴിഞ്ഞു. 5 മൈലോളം നീളത്തിൽ പുകപടലങ്ങൾ ഉയരുന്നുണ്ട്. നാല് പതോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്തെ പല സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. 10 ഫയർ എഞ്ചിനുകൾ തീയണയ്ക്കാൻ പരിശ്രമിക്കുന്നുണ്ട്. കൂടാതെ ഹെലികോപ്ടറിൽ നിന്നും വാട്ടർ സ്പ്രേ നടത്തുന്നുണ്ട്. അഗ്നിബാധ മൂലമുള്ള പുക 30 മൈൽ ദൂരത്തേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ എയർപോർട്ടിന്റെ പ്രവർത്തനങ്ങളെ ഇതുവരെയും ബാധിച്ചിട്ടില്ലെങ്കിലും സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.