ജോൺ കുറിഞ്ഞിരപ്പള്ളി

ഞങ്ങളുടെ  ടാക്സി സാമാന്യം നല്ല വേഗതയിൽ  ഓടിക്കൊണ്ടിരിക്കുന്നു. പുറകിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന റോഡരികിലെ  കാഴ്ചകളിൽ ഞാൻ  വിരസത അകറ്റാൻ വെറുതെ  നോക്കിയിരുന്നു.
ബാംഗ്ലൂർ കെംപെഗൗഡ ഇൻ്റെർനാഷണൽ എയർപോർട്ടിലേക്ക് ഇനി കഷ്ട്ടിച്ചു പത്തു കിലോമീറ്റര് ദൂരം കാണും.
മനസ്സിൽ ടെൻഷൻ കൂടി വരുന്നു.ശ്രുതിയോട് എന്ത് പറയണം?അവൾ എങ്ങിനെയാണ് പ്രതികരിക്കുക? ഞാൻ പോകേണ്ട എന്ന് പറഞ്ഞാൽ അവൾ യാത്ര ഉപേക്ഷിക്കുമോ?
അങ്ങിനെ ഒരു നൂറുകൂട്ടം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വരുന്നുണ്ട്.
എല്ലാകാര്യങ്ങളും നിസ്സാരമായികാണുന്ന എനിക്ക് ഇത്രയധികം ടെൻഷൻ ഉണ്ടാകാൻ പാടില്ലാത്തതാണ്.
നഷ്ടം സംഭവിക്കും എന്ന അവസ്ഥ വരുമ്പോൾ മാത്രമേ പലതിൻ്റെയും വിലയറിയൂ എന്ന് പറയുന്നത് വളരെ ശരിയാണ്.കാർ റേഡിയോയിൽനിന്നും കേൾക്കുന്ന പാട്ടിലേക്ക് ശ്രദ്ധ‌ തിരിച്ചുവിടാൻ ഒരു വിഫല ശ്രമം നടത്തിനോക്കി.
ഞാൻ ജോൺ  സെബാസ്റ്റ്യനെ ശ്രദ്ധിച്ചു. എന്തുകൊണ്ടോ അവനും ടെൻഷനിൽ ആണന്നു തോന്നുന്നു.അവൻ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചു ഇരിക്കുകയാണ്.അവൻ്റെ കാര്യം വളരെ പരിതാപകരമായിരുന്നു.ഒരു ഗുണ്ടയെപ്പോലെ പെരുമാറുമെങ്കിലും അടുത്തറിയുമ്പോൾ സഹതാപം തോന്നും.എഞ്ചിനീറിങ്ങിന് അവസാന സെമസ്റ്റർ പരീക്ഷക്ക്‌ മുൻപ് കോളേജിൽ ഉണ്ടായ ഒരു അടിപിടി കേസ് അവൻ്റെ ഭാവി തകർത്തു കളഞ്ഞു അവനെ  രണ്ടു വർഷത്തേക്ക് കോളേജിൽനിന്ന്   സസ്‌പെൻഡ് ചെയ്തു.
ഇപ്പോൾ രണ്ടു വർഷം  കഴിഞ്ഞിരിക്കുന്നു. പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് അവൻ.
നാണക്കേടും വീട്ടിൽനിന്നുമുള്ള കുറ്റപ്പെടുത്തലുകളും കേട്ടും കണ്ടും  മടുത്ത് അവൻ ബാംഗ്ലൂരിൽ വന്നതാണ്.ഒരു ചെറിയ ജോലിയിൽ തട്ടിയും മുട്ടിയും കഴിയുകയാണ്.സ്നേഹിക്കുന്നവർക്കുവേണ്ടി എന്തും ചെയ്യുന്ന അവൻ്റെ  സ്വഭാവം അവനെ കുഴിയിൽ ചാടിക്കുന്നു.
അവൻ ചോദിച്ചു,”മാത്യു, നിന്നെ ഒറ്റികൊടുക്കുന്ന ആ യൂദാസ് ആരാണ്?”
സത്യം അവനോടു തുറന്നു പറയണോ എന്ന് ഒരു നിമിഷം ഞാൻ സംശയിച്ചു.ഞാൻ പറയുന്നത് കേൾക്കാൻ അവൻ കാതും കൂർപ്പിച്ച് ഇരിക്കുകയാണ്.അവനോട് അത് പറയണോ ?
ഞാൻ പറഞ്ഞു,”അത്………….”
ജോൺ സെബാസ്റ്റ്യൻ വിളിച്ചു പറഞ്ഞു,”നോക്കൂ ..”അവൻ സൈഡിലേക്ക് കൈ ചൂണ്ടി.”വണ്ടി നിർത്തൂ”
ഡ്രൈവർ കാർ പെട്ടന്ന് ബ്രേക്കിട്ടു.
” എന്താ? എന്തു പറ്റി?”
റോഡരുകിൽ ആക്സിഡന്റ് ആയി ഒരു കാർ കിടക്കുന്നു.
“അത്,പ്രസാദിൻ്റെ  കാർ അല്ലെ?അതെ.അത് അവൻ്റെ കാർ തന്നെ.”
ഞങ്ങൾ വണ്ടി സൈഡിൽ ഒതുക്കി നിർത്തിയിട്ട് ആക്സിഡന്റ്  നടന്ന  സ്ഥലത്തേക്കു ചെന്നു. പ്രസാദ്   അബോധാവസ്ഥയിൽ വണ്ടിക്കകത്ത് കുടുങ്ങിക്കിടക്കുന്നു.കാറിൻ്റെ  ബോണറ്റ് പൂർണമായി തകർന്നിരിക്കുന്നു.ഓവർ സ്പീഡിൽ സൈഡിലെ റെയ്ൽസിൽ ഇടിച്ചു തകർന്നതാണ്.
ഏതാനും വഴിപോക്കരും വാഹനങ്ങളിൽ വരുന്നവരും  എന്തു പറ്റി എന്നറിയാൻ എത്തി നോക്കുന്നുണ്ട്. ചുറ്റും കുറച്ചു ആളുകൾ കൂടി നിൽപ്പുണ്ട്.
ആൾക്കൂട്ടത്തിലുള്ള ആരോ ആംബുലൻസിനും പോലീസിനും ഫോൺ ചെയ്തു.
എനിക്ക് അങ്ങിനെ നോക്കിനിൽക്കാൻ കഴിയുന്നില്ല.ഞാനും ജോൺസെബാസ്റ്റ്യനും കൂടി പ്രസാദിനെ കാറിനകത്തുനിന്ന് മറ്റുള്ളവരുടെ സഹായത്തോടെ പുറത്തിറക്കി കിടത്തി.
ആബുലൻസും പോലീസും വന്നു.
പ്രസാദിന് എന്തു സംഭവിച്ചു എന്നറിയാതെ അവനെ റോഡിൽ വിട്ടിട്ടു പോകാൻ മനസ്സു വരുന്നില്ല.ജോൺ സെബാസ്റ്റ്യൻ പറഞ്ഞു “നീ എയർപോർട്ടിൽ പൊയ്ക്കോളു. ഞാൻ ഹോസ്പിറ്റലിൽ പോയി കാര്യങ്ങൾ അന്യേഷിച്ചു വരാം.”
പ്രസാദിനെ അവിടെ എങ്ങിനെ  വിട്ടിട്ടു പോകും?എന്തൊക്കെയാണെങ്കിലും മനസ്സിൽ സഹതാപത്തിന്റെ മുളകൾ പൊട്ടുന്നത് ഞാനറിഞ്ഞു.ഇങ്ങനെയുള്ള അവസരത്തിൽ കണ്ടില്ലെന്ന് വയ്ക്കാൻ എനിക്ക് കഴിയില്ല.അബോധാവസ്ഥയിൽ കിടക്കുന്ന പ്രസാദ് ,ഒരിക്കൽ അവൻ എൻ്റെ സുഹൃത്തായിരുന്നു.
ഞാൻ ശ്രുതിയെ വിളിച്ചു.
ഫോൺ എടുത്തപ്പഴേ അവൾ പറഞ്ഞു,”മാത്തു,ഞാൻ ഒരു പത്തുമിനിറ്റുകഴിഞ്ഞിട്ട് തിരിച്ചുവിളിക്കാം ”
ഫോൺ ഡിസ് കണക്ട് ആയി.അവൾ തിരക്കിലാണെന്ന് തോന്നുന്നു.
ജോൺ സെബാസ്റ്റ്യൻ നിർബന്ധിച്ചു “നീ എയർപോർട്ടിലേക്ക് പൊയ്ക്കോളു. ഞാൻ ഹോസ്പിറ്റലിൽ പോയി വിവരങ്ങൾ അന്യേഷിക്കാം.”
ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല.ശ്രുതിയെ കണ്ടേ പറ്റൂ.ഈ നിർണായക സമയത്തിൽ അവളെ കാണാതിരിക്കാൻ കഴിയില്ല.
അവസാനം ഞാൻ എയർപോർട്ടിൽ പോയി ശ്രുതിയെ കാണാൻ തീരുമാനിച്ചു.
ശ്രുതിയുടെ കോൾ വന്നു;” മാത്തു നീ എവിടെയാ?”
ഞാൻ എന്തു പറയണമെന്ന് സംശയിച്ചു.നടന്ന സംഭവങ്ങൾ അവളോട് ഫോണിൽ പറയാതിരിക്കുന്നതാണ് നല്ലത്.കാണുമ്പൊൾ നേരിട്ട് പറയാം.വെറുതെ ഈ അവസരത്തിൽ അവളെ അപ്സെറ്റ് ആക്കേണ്ട. “ദാ,ഞാൻ എയർപോർട്ടിൽ എത്താറായി”
“ശരി”
ഞാൻ തിരിച്ചു ടാക്സിയിലേക്ക് കയറാൻ തുടങ്ങുമ്പോൾ  ഒരു പോലീസ്‌കാരൻ  അടുത്തുവന്നു,”നിങ്ങൾക്ക് പരിചയമുള്ള ആളാണോ ഇത്?”
“അതെ”.
“നിങ്ങൾ സ്റ്റേഷൻ വരെ ഒന്ന് വരണം.ഇയാളെക്കുറിച്ചുള്ള മുഴുവൻ ഡീറ്റൈൽസും ഞങ്ങൾക്ക് വേണം.അയാളുടെ ബോഡി ചെക്കപ്പ് ചെയ്തപ്പോൾ അയാൾ ഡ്രഗ്സ് ഉപയോഗിച്ചിരുന്നു എന്ന് ഒരു സംശയം ഡോക്ട്ടർ  പറയുകയുണ്ടായി.”
പ്രസാദിനെയുംകൊണ്ട് ആംബുലൻസ് നീങ്ങി തുടങ്ങിയിരുന്നു.
ജോൺ സെബാസ്റ്റ്യൻ എന്നെ നോക്കി,”ഇത് കുഴഞ്ഞ കേസാണ്.നാർക്കോട്ടിക് സെൽ അന്വേഷിച്ചാൽ ആകെ കുഴയും.ജാമ്യം പോലും കിട്ടില്ല.”
“ഞങ്ങൾ എയർ പോർട്ടിൽ ഒരാളെ യാത്ര അയക്കാൻ പോകുകയായിരുന്നു.പരിചയമുള്ള ആളായതുകൊണ്ട് ടാക്സി നിർത്തി നോക്കിയതാണ്.ഞങ്ങൾ എയർപോർട്ടിൽ പോയിട്ട്  സ്റ്റേഷനിൽ വരാം .”
അയാൾ അത് കേട്ടതായി ഭാവിച്ചതേയില്ല.
“സോറി,സ്റ്റേഷനിൽ വന്ന് ഡീറ്റെയിൽസ് തന്നിട്ട് നിങ്ങൾക്ക് പോകാം .ഇപ്പോൾ വണ്ടിയിൽ കയറൂ”.
വണ്ടിയിൽ കയറുകയല്ലാതെ മറ്റു മാർഗ്ഗമില്ല.
ഉദ്ദേശിച്ചതുപോലെ ഒരു മോശം ആളായിരുന്നില്ല ആ പോലീസ്‌കാരൻ .വളരെ മാന്യമായിട്ടായിരുന്നു  അയാളുടെ  പെരുമാറ്റം .
അയാൾ പറഞ്ഞത് പ്രസാദിൻ്റെ  പരിക്കുകൾ സീരിയസ് ആണെന്ന് തോന്നുന്നില്ല എന്നാണ്. ആക്സിഡൻറെ  ഷോക്കിൽ  അവന് ബോധം നഷ്ടപെട്ടതായിരിക്കും .
പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ കുറെ അധികം ചോദ്യങ്ങൾ ചോദിച്ചു. എല്ലാം വിശദമായി എഴുതിയെടുത്തു.ഞങ്ങൾ പറയുന്നതെല്ലാം അയാൾ വളരെ ശ്രദ്ധിച്ചു കേട്ടിരുന്നു.ആവശ്യമെങ്കിൽ വീണ്ടും റിപ്പോർട്ട് ചെയ്യണം, എന്ന കണ്ടീഷനിൽ ഞങ്ങളെ പോകാൻ അനുവദിച്ചു.
“ഓരോ വയ്യാവേലി വന്ന് തലയിൽ കയറുന്നത് കണ്ടില്ലേ? സമയം പോയി.എന്നാലും എയർപോർട്ടിൽ പോയി നോക്കാം “ജോൺ സെബാസ്റ്റ് സ്റ്റ്യൻ  പറഞ്ഞു.
ഞങ്ങളുടെ വിഷമം പോലീസ്‌കാർക്ക് മനസ്സിലാകുമോ?ഞങ്ങൾ വന്ന ടാക്സിക്കാരൻ പോലീസ് സ്റ്റേഷനിലേക്ക് വന്നതേയില്ല.
രണ്ടു മണിക്കൂർ സമയം സ്റ്റേഷനിൽ ചിലവഴിക്കേണ്ടി വന്നതുകൊണ്ട് ഞങ്ങൾ താമസിച്ചു പോയിരിക്കുന്നു.ഒരു ടാക്സി വിളിക്കാനുള്ള ശ്രമത്തിലായി ഞങ്ങൾ.
ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് സബ് ഇൻസ്‌പെക്ടർ ഒരു പോലീസ്‌കാരനോട് പറഞ്ഞു,”അവരെ എയർപോർട്ടിൽ കൊണ്ടുപോയി വിട്”
എയർപോർട്ടിൽ എത്തുമ്പോൾസമയം ഒമ്പതര ആയിരിക്കുന്നു.അവളുടെ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് കഴിഞ്ഞിരിക്കുന്നു.എനിക്ക് സഹിക്കാൻ കഴിയുന്നില്ല.ഇങ്ങനെയുള്ള ഒരു നിർണ്ണായക നിമിഷത്തിൽ നമ്മളുടേത് അല്ലാത്ത കുറ്റം കൊണ്ട് എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.
ഇനി എന്ത് ചെയ്യാനാണ്?വെയ്റ്റിംഗ് റൂമിലെ കസേരയിൽ പോയി ഇരുന്നു.
ഞാൻ മൊബൈലിൽ  നോക്കി
അവളുടെ മെസ്സേജ്.
രക്തം എന്റെ മുഖത്തേക്ക് ഇരച്ചുകയറി.വായിക്കാൻ നോക്കുമ്പോൾ അനിയത്തിയുടെ ഫോൺ കോൾ വരുന്നു.
അരിശം വന്നിട്ട് കണ്ണുകാണാൻ വയ്യാതായി.
“നിനക്ക് വേറെ പണിയൊന്നുമില്ലേ?”സാധാരണ അവളോട് ദേഷ്യപ്പെടാറില്ല.പക്ഷെ ഇപ്പോൾ മനസ്സ് നിയന്ത്രണത്തിൽ നിൽക്കുന്നില്ല.
“ചേട്ടാ,അല്ല എന്നോട് എന്തിനാ ദേഷ്യപ്പെടുന്നത്?നീ മത്തായി തന്നെ.മണ്ടൻ മത്തായി.”
“നിർത്തടി…”അത് ഒരു അലർച്ചയായിരുന്നു.അവൾ പിന്നെ ഒന്നും പറഞ്ഞില്ല,ഫോൺ ഡിസ് കണക്ട് ചെയ്തു.
“ലോകം അവസാനിച്ചിട്ടൊന്നുമില്ല.നീ കൂൾ ആകൂ.നമുക്ക് നോക്കാം”.ജോൺ സെബാസ്റ്റിയൻ പറഞ്ഞു.ഈ അവസരത്തിൽ അവൻ കൂടെയുള്ളത് നന്നായി.
ശ്രുതിയുടെ മെസ്സേജ് വായിച്ചുനോക്കി.മാത്തു,നീ വരുന്നതും കാത്തു ഞാനിരുന്നു.നീ, പോകണ്ട ശ്രുതി എന്ന് പറയുന്നത് കേൾക്കാൻ ഞാൻ മോഹിച്ചു.അങ്ങിനെ പറഞ്ഞിരുന്നെങ്കിൽ ഞാൻ യാത്ര ഉപേക്ഷിക്കുമായിരുന്നോ?അറിയില്ല.എനിക്ക് ഉറപ്പുണ്ട് നീ എന്തെങ്കിലും ഏടാകൂടത്തിൽ കുടുങ്ങിയിട്ടുണ്ടാകും.അല്ലെങ്കിൽ നീ വരാതിരിക്കുമെന്ന് തോന്നുന്നില്ല.നീ എന്നെ  അവഗണിച്ചാലും എനിക്ക് നിന്നെ മറക്കാൻ കഴിയില്ല.ഞാൻചെന്നിട്ടു വിളിക്കാം”.
“നമുക്ക് പോകാം.അവൾ പോയി.”ഞാൻ പറഞ്ഞു.
“ശരി”
ഞങ്ങൾ പുറത്തേക്ക് നടന്നു.
എയർ പോർട്ടിലെ തിരക്കിൽ ,മുഖങ്ങളില്ലാത്ത മനുഷ്യരുടെ കൂട്ടത്തിലേക്ക് ഇറങ്ങാം.ഇപ്പോൾ ആൾക്കൂട്ടത്തിൻ്റെ  ആരവങ്ങളില്ല.എങ്ങും നിശ്ശബ്ദത മാത്രം.എങ്ങിനെയാണ് വികാരങ്ങളുടെ പ്രവാഹത്തെ തടഞ്ഞുനിറുത്തുക എന്ന് ആരും മനസ്സിലാക്കി തരേണ്ട.
നിസ്സംഗത മാത്രം.
“മാത്യു,മുഖം തുടക്കൂ.കൊച്ചുകുട്ടികളെപ്പോലെ...”ജോൺ സെബാസ്റ്റിയൻ .
പുറകിൽ നിന്നും ആരോ വിളിക്കുന്നു.”മാത്യു,ഒന്ന് നിൽക്കൂ”.
ഞങ്ങൾ തിരിഞ്ഞു നോക്കി.
അത്ഭുതം കൊണ്ട് ഞങ്ങൾ മരവിച്ചതുപോലെയായി.

(തുടരും)