മോദിയെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയ മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

by News Desk 1 | December 7, 2017 6:42 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ മണിശങ്കര്‍ അയ്യറെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. മോദിക്കെതിരായ പരാമര്‍ശത്തില്‍ കാരണം കാണിക്കല്‍ നോട്ടീസും അയ്യര്‍ക്കു നല്‍കിയിട്ടുണ്ട്

ഡല്‍ഹിയില്‍ ബി ആര്‍ അംബേദ്കറിന്റെ പേര് നല്‍കിയിട്ടുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മോദിയെ താഴ്ന്ന തരക്കാരനെന്ന് മണിശങ്കര്‍ അയ്യര്‍ വിശേഷിപ്പിച്ചത്. തുടര്‍ന്ന് പ്രസ്താവന വിവാദമായതോടെ താന്‍ ഉദ്ദേശിച്ച രീതിയിലല്ല പ്രസ്താവന വ്യാഖ്യാനം ചെയ്യപ്പെട്ടതെന്ന വാദവുമായി മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയിരുന്നു. ഇംഗ്ലീഷില്‍ ചിന്തിച്ച് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴുണ്ടായ പിഴവാണെന്നും ഹിന്ദി തന്റെ മാതൃഭാഷയല്ലെന്നും മണിശങ്കര്‍ വ്യക്തമാക്കി.

തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തിനു പിന്നാലെ മണിശങ്കര്‍ അയ്യര്‍ മാപ്പു പറയുകയും ചെയ്തു. ഇതിനും പിന്നാലെയാണ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.

താഴ്ന്ന തരക്കാരനെന്ന് തന്നെ വിശേഷിപ്പിച്ച മണി ശങ്കര്‍ അയ്യര്‍ക്ക് ഇന്ന് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ വച്ച് മോദി മറുപടി നല്‍കിയിരുന്നു. മണി ശങ്കര്‍ അയ്യറുടെ പരാമര്‍ശത്തിന് ഗുജറാത്ത് മറുപടി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ മോദി പറഞ്ഞു. ‘ശരിയാണ്, സമൂഹത്തിലെ പാവപ്പെട്ടവരുടെ ഇടയില്‍നിന്നുള്ള വ്യക്തിയാണ് ഞാന്‍. ജീവിതത്തിലെ ഓരോ നിമിഷവും ചിലവഴിക്കുന്നത് പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ഒ ബി സി വിഭാഗത്തിനും വേണ്ടി പ്രവര്‍ത്തിക്കാനാണ്. അവര്‍ എന്തു വേണമെങ്കിലും പറയട്ടെ. നമുക്ക് നമ്മുടെ ജോലി ചെയ്യാം’,മോദി പറഞ്ഞു.

Source URL: http://malayalamuk.com/mani-shankar-ayyar-suspended/