പള്ളിക്കോണം രാജീവ്

ചില പ്രാചീന സംസ്കൃതകാവ്യങ്ങളിൽ “വിഷഘ്ന” എന്ന പേരിലാണ് മണിമലയാറിനെ സൂചിപ്പിച്ചിരിക്കുന്നത്. വിഷത്തെ നശിപ്പിക്കുന്നവൾ എന്നർത്ഥം. ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാടും മേടും താണ്ടിയെത്തുന്ന ശുദ്ധജലവാഹിനിയായതിനാൽ ഈ നാമകരണം തികച്ചും യുക്തം. പുല്ലകയാർ, വല്ലപ്പുഴ, വല്ലവായ്പുഴ എന്നൊക്കെയും മുൻകാലങ്ങളിൽ വിളിച്ചിരുന്നു. ഏരുമേലിക്ക് മുമ്പുള്ള ഭാഗത്തെ ഇന്നും പുല്ലകയാർ എന്നു തന്നെയാണ് വിളിക്കാറുള്ളത്. തിരുവല്ലായിലൂടെ ഒഴുകുന്നതിനാലാണ് വല്ലയാർ എന്നും വല്ലവായ്പുഴ എന്നും അറിയപ്പെടുന്നത്

മീനച്ചിലാറിനും പമ്പയുടെയും ഇടയിലായി കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ 92 കിലോമീറ്റർ നീളത്തിൽ ഒഴുകുന്നു. ഉത്ഭവസ്ഥാനം ഇടുക്കി ജില്ലയിലെ ഏലപ്പാറ പഞ്ചായത്തിലെ അമൃതമേടാണ്. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും അഴുതയാറിന്റെയും (പമ്പയുടെ കൈവഴി) തേയിലപ്പുരയാറിന്റെയും (പെരിയാറിന്റെ കൈവഴി) ഉത്ഭവസ്ഥാനങ്ങൾ അമൃതമേട് തന്നെയാണ് എന്നത് ഈ പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

പതനസ്ഥാനത്തെത്തുമ്പോൾ പമ്പയുമായി ചേർന്ന് നിരവധി കൈവഴികളിലൂടെ ജലം പങ്കിടുന്നു. കുട്ടനാടിന്റെ ഏറിയ ഭൂഭാഗവും ഈ നദിയുടെ സ്വാധീനത്തിലാണ്. വേമ്പനാട്ടു കായലിലെ പതനസ്ഥാനം കൈനകരിയാണ്.

പുരാതനകാലം മുതൽ സുഗന്ധവ്യഞ്ജനവാണിജ്യവുമായി ബന്ധപ്പെട്ട് പ്രധാന ഗതാഗതമാർഗ്ഗമെന്ന നിലയിൽ മണിമലയാറിന് വളരെയേറെ പ്രാധാന്യമുണ്ട്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിലെ റോമൻ ചക്രവർത്തിയായ അഗസ്റ്റസ് സീസറുടെ മുദ്രപതിപ്പിച്ച നാണയങ്ങൾ കാഞ്ഞിരപ്പള്ളിയിൽനിന്ന് കണ്ടെടുത്തതിനാൽ മണിമലയാറ്റിലേയ്ക്കെത്തുന്ന ചിറ്റാറിന്റെ കരയിലെ കാഞ്ഞിരപ്പള്ളിയുടെ വാണിജ്യപൈതൃകം എത്രയും പ്രാചീനമാണെന്ന് തെളിയുന്നു. കാഞ്ഞിരപ്പള്ളിയങ്ങാടിയിൽനിന്ന് നെല്ക്കിണ്ട (നിരണം), ബെറാക്കേ (പുറക്കാട്) എന്നീ പ്രാചീനതുറമുഖങ്ങളിലേക്ക് വാണിജ്യവിഭവങ്ങൾ എത്തിച്ചിരുന്നത് മണിമലയാറ്റിലൂടെയായിരുന്നു. കമ്പംമെട് ചുരം കടന്ന് മധുരയിലേക്ക് പ്രാചീന മലമ്പാത ഇണ്ടായിരുന്നതിനാൽ സഹ്യനെ കടന്നെത്തിയിരുന്ന പാണ്ടിവിഭവങ്ങളും കപ്പൽ കയറാൻ മണിമലയാറിനെ ആശ്രയിച്ചിരിക്കാം. കാഞ്ഞിരപ്പള്ളിയുടെ ഇന്നും തുടരുന്ന വാണിജ്യ പ്രാധാന്യത്തിന് ഹേതുവായത് മണിമലയാറിന്റെ സാമീപ്യം തന്നെയാണെന്നതിൽ സംശയമില്ല.

പലപ്പോഴായി മണിമലയാറിന്റെ ലാവണ്യം പലയിടങ്ങളിലായി കണ്ടറിഞ്ഞിട്ടുണ്ട് എങ്കിലും ആ നദിയുടെ ഉത്ഭവസ്ഥാനങ്ങൾ നേരിൽ കാണാനുണ്ടായ അനുഭവമാണ് ഓർമ്മയിൽ തങ്ങിനിൽക്കുന്നത്. വാഗമൺ മലനിരകൾക്ക് അമൃതമേട്ടിൽ നിന്ന് ഉത്ഭവിക്കുന്ന രണ്ടു കൈവഴികൾ! അവയിലൊന്ന് മദാമ്മക്കുളത്തിൽ വെള്ളച്ചാട്ടമായി എത്തി മൂപ്പൻമലയുടെ ചെരുവിലൂടെ പടിഞ്ഞാറോട്ട് കുത്തനെ ഒഴുകി ഇളംകാടിനടുത്തെത്തുന്നു. അമൃതമേട്ടിലെ തന്നെ ഉപ്പുകുളത്തിൽ വന്നു ചേരുന്ന നീർച്ചാലുകളും തടയിണ കവിഞ്ഞൊഴുകി ഇളംകാട്ടിലെത്തി ആദ്യത്തെ കൈവഴിയോടു ചേരുന്നു.

കോലാഹലമേടിന് തെക്കുനിന്ന് ആരംഭിക്കുന്ന നീർച്ചാലുകൾ ചേർന്ന് തെക്കോട്ടൊഴുകി വല്യേന്ത കടന്ന് എന്തയാറായി ഇളംകാട്ടിലെത്തുമ്പോൾ ആദ്യശാഖകൾ ഒപ്പം ചേരുന്നു. വെംബ്ലിയിലെത്തുമ്പോൾ കിഴക്ക് ഉറുമ്പിക്കരയിൽ നിന്ന് തുടങ്ങി വെള്ളാപ്പാറ വെള്ളച്ചാട്ടവും, വെംബ്ലി വെള്ളച്ചാട്ടവും കടന്ന് പാപ്പാനിത്തോട് വന്നുചേരുന്നു. പെരുവന്താനത്തിന് കിഴക്ക് പുല്ലുപാറ മലനിരകളിൽനിന്ന് തുടങ്ങി പടിഞ്ഞാറോട്ടൊഴുകുന്ന കൊക്കയാർ കൂട്ടിക്കലിൽ വച്ച് ഒപ്പം ചേരുന്നു. താളുങ്കൽ തോടും കൂട്ടിക്കലിൽ സംഗമിക്കുന്നു.

പുല്ലകയാർ എന്ന പേരോടെ തെക്കോട്ടൊഴുകി മുണ്ടക്കയത്തെത്തുമ്പോൾ പാഞ്ചാലിമേടിന്റെ പടിഞ്ഞാറൻ ചെരുവുകളിൽനിന്ന് ഉത്ഭവിക്കുന്ന തോടുകൾ ചേർന്ന നെടുംതോടും പൈങ്ങണതോടും മഞ്ഞളരുവിയും ഒപ്പം ചേരുന്നു. എരുമേലിക്ക് വടക്ക് കൊരട്ടിയിലെത്തുമ്പോൾ വെൺകുറിഞ്ഞിയിൽനിന്ന് തുടങ്ങി വടക്കോട്ടൊഴുക്കി എരുമേലി ധർമ്മശാസ്താ ക്ഷേത്രത്തെ തഴുകിയെത്തുന്ന എരുമേലിത്തോട് വന്നുചേരുന്നു.

വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന പുല്ലകയാർ വിഴിക്കത്തോടിനും ചേനപ്പാടിക്കുമിടയിലൂടെ വടക്കുപടിഞ്ഞാറ് ദിശയിൽ ഒഴുകിയെത്തുമ്പോൾ പൊടിമറ്റത്തു നിന്നാരംഭിച്ച് കാഞ്ഞിരപ്പള്ളിയിലൂടെ ഒഴുകിയെത്തുന്ന ചിറ്റാർ ചേരുന്നതോടെ പുല്ലകയാർ മണിമലയാറായി മാറുന്നു. ചെറുവള്ളി എസ്റ്റേറ്റും പൊന്തൻപുഴ വനവും ഇതിന് തെക്കാണ്. ചെറുവള്ളി ഗ്രാമത്തിന്റെ തെക്കേ അതിരിലൂടെ ഒഴുകി മണിമലയിലെത്തിച്ചേരുന്നു.

പിന്നീട് തെക്കുപടിഞ്ഞാറു ദിശയിലാണ് ഗതി.
കോട്ടാങ്ങലും കുളത്തൂർമൂഴിയും കടന്ന് വായ്പൂരെത്തുന്നു. മല്ലപ്പള്ളി കടന്നാൽ പിന്നീട് ഒഴുക്ക് തെക്കോട്ടാണ്. കീഴ്‌വായ്പൂരും വെണ്ണിക്കുളവും കഴിഞ്ഞ് കല്ലൂപ്പാറയെ ഒന്നു ചുറ്റിക്കറങ്ങി കവിയൂരിന് തെക്കു ചേർന്ന് കുറ്റൂരെത്തുന്നു. വല്ലപ്പുഴയായി തിരുവല്ലാ ഗ്രാമത്തിന് തെക്കതിരായി വെൺപാലയും കടന്ന് നെടുമ്പുറത്തെത്തുമ്പോൾ പമ്പയുമായി ബന്ധിപ്പിക്കുന്ന ആദ്യ കൈവഴിയായ വരട്ടാർ കിഴക്കുനിന്ന് വന്നുചേരുന്നു.

തുടർന്ന് ആലംതുരുത്തെത്തുമ്പോൾ പമ്പയിൽ നാക്കിടയിൽ നിന്നുവരുന്ന കൈവഴി സംഗമിക്കുന്നു. പുളിക്കീഴും കഴിഞ്ഞ് നീരേറ്റുപുറത്തെത്തിയാൽ വടക്കോട്ടാണ് സഞ്ചാരം. നീരേറ്റുപുറത്തു നിന്ന് തുടങ്ങി തലവടിയും എടത്വയും ചമ്പക്കുളവും നെടുമുടിയും കടന്ന് കൈനകരിയിൽ വച്ച് വേമ്പനാട്ടുകായലിലേക്ക് പതനത്തിലേയ്ക്കുള്ള ആദ്യകൈവഴി എത്തുന്നു. ഈ ഭാഗമത്രയും നിരവധി തോടുകൾ കൊണ്ട് മണിമലയാറും പമ്പയും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.

പ്രധാന നദി നീരേറ്റുപുറത്തു നിന്ന് വടക്കോട്ടൊഴുകി മുട്ടാർ കടന്ന് കിടങ്ങറയിലെത്തി രണ്ടായി പിരിയുന്നു. പടിഞ്ഞാറേ ശാഖ രാമങ്കരി, പുളിങ്കുന്ന്, മങ്കൊമ്പ് എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി കൈനകരിയിൽ വച്ച് കായലിൽ ചേരുന്നു. കിഴക്കൻശാഖ കിടങ്ങറയിൽനിന്ന് തുടങ്ങി കുന്നംകരി, വെളിയനാട്, കാവാലം എന്നീ പ്രദേശങ്ങൾ കടന്ന് കൈനകരിക്ക് കിഴക്കുവച്ച് കായലിൽ ചേരുന്നു.

നദിയൊഴുകുന്ന പ്രദേശങ്ങൾ സാംസ്കാരികമായും സമ്പന്നമാണ്. പുരാതനമായ ശാക്തേയ ഗോത്രാരാധനാ സ്ഥാനമായ വള്ളിയാങ്കാവിൽ ഭഗവതി ക്ഷേത്രത്തിനെ ചുറ്റിയൊഴുകുന്ന കൈവഴി പാഞ്ചാലിമേട്ടിൽനിന്നാണ് ഉത്ഭവിക്കുന്നത്. നിരവധി കാവുകളും ഗോത്രാരാധനാ കേന്ദ്രങ്ങളുമാണ് നദീതടത്തിലാകെയുള്ളത്. പേട്ടതുള്ളലും ചന്ദനക്കുടവും ഒരേ ആചാരത്തിന്റെ ഭാഗമായ എരുമേലി നദിയുടെ സംഭാവനയാണ്. ഡച്ചുരേഖകളിൽ എരുമേലൂർ എന്ന് രേഖപ്പെടുത്തിയ മലയോര വ്യാപാരകേന്ദ്രമാണ് എരുമേലി. കാഞ്ഞിരപ്പള്ളിയിലേതുപോലെ തന്നെ റാവുത്തർ സമൂഹം വ്യാപാരത്തിനായി കുടിയേറി പാർത്തയിടം. ശബരിമല അയ്യപ്പന്റെ പുരാവൃത്തവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രം!

ശബരിഗിരി വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കാനിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് നദിയുടെ തെക്കേക്കരയിലാണ്. തെക്കംകൂർ രാജവംശത്തിന്റെ പരദേവതയായ ചെറുവള്ളി ഭഗവതിയുടെ ക്ഷേത്രം അല്പം വടക്കോട്ടു മാറിയാണ്. ചെറുവള്ളി എസ്റ്റേറ്റിൽ മേഞ്ഞു നടക്കുന്ന തനി നാടൻ ഇനമായ ചെറുവള്ളിക്കുള്ളൻപശുക്കൾ വിഷഘ്നയുടെ ദിവ്യതീർത്ഥവും നദീതടത്തിലെ ഔഷധസസ്യങ്ങളും സേവിച്ച് മേന്മയുള്ള പാൽ ചുരത്തുന്നവയാണ്.

നദി മണിമലയിലെത്തുമ്പോഴാണ് തനിസ്വരൂപം വെളിവാക്കുന്നത്. അതുകൊണ്ടുതന്നെയാവാം സ്ഥലനാമം നദിയുടെ തന്നെ പേരായി മാറിയത്. കേരളത്തിലെ പ്രസിദ്ധമായ പടയണിയാണ് മണിമലയാറിന്റെ തീരത്തെ കോട്ടാങ്ങൽ ദേവീക്ഷേത്രത്തിൽ നടക്കാറുള്ളത്.

നദി ഒഴുകിയെത്തുന്ന കല്ലൂപ്പാറ പ്രദേശത്തിന് ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുണ്ട്. പഴയ തെക്കുംകൂർ നാട്ടുരാജ്യത്തിൽ ഉൾപ്പെട്ടിരുന്ന ഈ പ്രദേശത്ത് ആധിപത്യം ഇടപ്പള്ളി രാജാക്കന്മാർക്കായിരുന്നു. ഒരു രാജ്യത്തു തന്നെ അന്യരാജ്യത്തെ രാജാവിന്റെ അധീനതയിൽ വരുന്ന പ്രദേശം! 14-ാം നൂറ്റാണ്ടു മൂന്നര നൂറ്റാണ്ടോളം കല്ലൂപ്പാറ എളങ്ങല്ലൂർ സ്വരൂപ(ഇടപ്പള്ളി) ത്തിന്റെതായിരുന്നു. പ്രസിദ്ധമായ കല്ലൂപ്പാറ പള്ളി പണി കഴിച്ചത് ഇടപ്പള്ളിത്തമ്പുരാന്റെ ആശീർവാദത്തോടെയെന്ന് ചരിത്രം. എരുമേലിയും കാത്തിരപ്പള്ളിയും പോലെ തന്നെ കല്ലൂപ്പാറയും വ്യാപാരകേന്ദ്രമായിരുന്നു. മാത്രമല്ല, പോർച്ചുഗീസ് -ഡച്ചു കാലഘട്ടത്തിൽ ഇടപ്പള്ളിയുമായുണ്ടായ കുരുമുളക് വ്യാപാരത്തിന്റെ പ്രധാനകേന്ദ്രവും കല്ലൂപ്പാറയായിരുന്നു.

മണിമലയാറിന്റെ തീരത്ത് പുരാതനകേരളത്തിലെ രണ്ട് ബ്രാഹ്മണഗ്രാമങ്ങൾ സ്ഥിതിചെയ്യുന്നു. കവിയൂരും തിരുവല്ലയും. പല്ലവകാല ശില്പങ്ങളോട് സാമ്യപ്പെടുന്ന അപൂർവ്വ ശിലാസൃഷ്ടികളോടുകൂടിയ ഗുഹാക്ഷേത്രവും മനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമായ ശ്രീകോവിലും ഹനുമാന്റെ ഉപദേവാലയവുമുള്ള കവിയൂർ മഹാദേവക്ഷേത്രവും ഗ്രാമത്തിന്റെ സാംസ്കാരിക അടയാളങ്ങളാണ്.

വല്ലയാർ, വല്ലവായ്‌ എന്നീ പേരുകൾ നദിക്ക് ലഭിക്കുന്നത് തിരുവല്ലാ ഗ്രാമത്തിന്റെ സാമീപ്യത്തിൽനിന്നാണ്. മുല്ലേലിത്തോട് എന്ന കൈവഴി മണിമലയാറ്റിൽ നിന്നു തുടങ്ങി തിരുവല്ല ഗ്രാമത്തിനുള്ളിലൂടെയൊഴുകി മണിമലയാറ്റിൽ തന്നെ ചേരുന്നു. ഗ്രാമക്ഷേത്രമായ ശ്രീവല്ലഭക്ഷേത്രത്തിന്റെ തെക്കുഭാഗത്തു കൂടിയാണ് ഈ കൈവഴി ഒഴുകുന്നത്. ഒരു കാലത്ത് മണിമലയാറിന്റെ തടങ്ങളിൽ കരിമ്പുകൃഷിക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഇപ്പോൾ നാമമാത്രമായി കരിമ്പുകൃഷിയുണ്ട്.

കുട്ടനാട്ടിലെ ഭൂരിഭാഗം പ്രദേശത്തുമുള്ള നെൽക്കൃഷി പ്രധാനമായും മണിമലയാറിനെ ആശ്രയിച്ചാണ്. പഴയ നാട്ടുരാജ്യങ്ങളുടെ അതിർത്തി നിർണ്ണയിച്ചിരുന്നതും മണിമലയാറായിരുന്നു. നീരേറ്റുപുറത്തിന് കിഴക്ക് തെക്കുംകൂറും പടിഞ്ഞാറു ചെമ്പകശ്ശേരിയുമായിരുന്നു. മുട്ടാർ, കിടങ്ങറ പ്രദേശങ്ങൾ തെക്കുംകൂറിലായിരുന്നെങ്കിൽ അതിന് പടിഞ്ഞാറും ചെമ്പകശ്ശേരി തന്നെ. കാവാലത്തിന് പടിഞ്ഞാറ് മങ്കൊമ്പ് , പുളിങ്കുന്ന് പ്രദേശമാകട്ടെ വടക്കുംകൂർ റാണിയുടെ അധീനതയിലായിരുന്നു. കാവാലത്തിനടുത്ത് മണിമലയാറിനോട് ചേർന്ന് പതിനേഴാം നൂറ്റാണ്ടിൽ ഒരു തുഴച്ചിൽ സ്കൂൾ ഉണ്ടായിരുന്നതായി ഡച്ചുകാരുടെ ഒരു ഭൂപടത്തിൽ കാണുന്നു.

നീരേറ്റുപുറം, ചമ്പക്കുളം എന്നിവിടങ്ങളിലെ വള്ളംകളികൾ, എടത്വാ പള്ളി പെരുന്നാൾ ഒക്കെയും മണിമലയാറിന്റെ സാംസ്കാരികപൈതൃകത്തിന്റെ അടയാളങ്ങൾ കൂടിയാണ് . **നാഗപ്പുല്ല്* പാമ്പുവിഷചികിത്സയില്‍ ഉപയോഗിച്ചിരുന്നു.* അതുള്ള സ്ഥലത്തു പാമ്പുകള്‍ വരില്ല എന്നും വിഷഹാരികള്‍ വിശ്വസിച്ചിരുന്നു. മലമുകളില്‍ മണിമലയാര്‍ നാഗപ്പുല്ലുകള്‍ക്കിടയിലൂടെ ഒഴുകുന്നതാണു പാമ്പുവിഷത്തിനു പ്രതിവിധിയാകാന്‍ കാരണം എന്നു പഴമക്കാര്‍. വിഷഘ്ന (विषघ्ना) എന്നു പേരു കിട്ടിയത് അങ്ങനെയാണ്. മണിമലയാറിലെ വെള്ളമെടുക്കാന്‍ ദൂരദേശങ്ങളില്‍നിന്നും നാട്ടുവൈദ്യന്മാര്‍/വിഷഹാരികള്‍ എത്തുമായിരുന്നു. നാഗപ്പുല്ല്, കരിമ്പു പോലെ ഉയരമുള്ളതാണ്. അതു വെട്ടി ഉണക്കി ഊന്നുവടിയായി ഉപയോഗിച്ചിരുന്നു. ഇതു പാമ്പുകളെ അകറ്റും എന്നു വിശ്വസിച്ചിരുന്നു.