കോവിഡ് മഹാമാരി ഒട്ടേറെ ജീവിതങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പലർക്കും ജോലി നഷ്ടപ്പെട്ടു. ശമ്പളമില്ലാത്ത അവധിയിലാണ് മറ്റു പലരും. കുടുംബവുമായി കഴിഞ്ഞിരുന്നവരാണ് ജോലി നഷ്ടത്തിലൂടെ ഏറ്റവുമധികം ദുരിതത്തിലായത്. മാസവരുമാനം മുഴുവൻ താമസ വാടക, സ്കൂൾ ഫീസ്, വീട്ടുചെലവ് എന്നിവയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന മധ്യവർഗക്കാർക്ക് കൈയിൽ ഒന്നും ബാക്കിയാകാറില്ല. ഇത്തരക്കാർക്ക് ഇൗ വിഷകമകരമായ അവസ്ഥയിൽ ആരോടും കടം ചോദിക്കാൻ പോലും പറ്റില്ലല്ലോ. ജോലി നഷ്‌ടപ്പെട്ട തന്റെ കുടുംബം കടന്നുപോകുന്ന അവസ്ഥാന്തരങ്ങള്‍ വരച്ചിടുകയാണ് കോട്ടയം ഇൗരാറ്റുപേട്ട സ്വദേശിനിയും യുവ എഴുത്തുകാരിയുമായ ദുബായിൽ താമസിക്കുന്ന വീട്ടമ്മ മഞ്ജു ദിനേശ് :

”മാർച്ചിൽ സ്കൂൾ പൂട്ടിയ മകനും ജോലി നഷ്ടപെട്ട ഭർത്താവും വീട്ടിലിരിക്കാൻ തുടങ്ങിയതുകൊണ്ട് കൊറോണ വാർത്തകൾ വലുതായി ബാധിക്കാത്ത മട്ടായിരുന്നു ജീവിതം, തുടക്കത്തിൽ. ഇടയ്ക്കിടെ പാർക്കിലും മാളിലും ബന്ധുവീട്ടിലുമൊക്കെ പോയി സമയം പോകവേ പെട്ടന്നാണ് നാട്ടിലും ഇവിടെയുമൊക്കെ ലോക്ഡൗൺ എന്ന കാർമേഘപടലം വന്ന് മൂടുന്നത്.

കൊറോണയുടെ ട്രോളുകളും തമാശകളും ഒക്കെയായി ഒരാഴ്ച കടന്നു പോയി. ജോലി അന്വേഷണത്തിലായിരുന്നു ഭർത്താവ്, അപ്പോഴും. കൊറോണ അതും വെള്ളത്തിലാക്കി. നാട്ടിൽ പാത്രം കൊട്ടുകയും വിളക്ക് തെളിയിക്കുകയും ഇവിടെ ദേശീയഗാനം ആലപിക്കുകയും ഒക്കെ ചെയ്‌തപ്പോൾ ഒന്നും മിണ്ടാതെ ഇതൊക്കെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്കായിട്ടിട്ടുള്ള നന്ദി പ്രകടനമാണെന്നു മനസ്സിലാക്കി വീട്ടിൽ ഒതുങ്ങിക്കൂടി.

പതിയെ മരണനിരക്കുകളും വൈറസ് വ്യാപനവും ഒരു ദുരന്തമായി നമ്മുടെ മുന്നിൽ തകർത്താടുന്നത് ഭീതിയോടെ അറിഞ്ഞു. നമ്മളിൽ ഒരാൾക്ക് വന്നാൽ മാത്രമേ നമുക്കും ഇതിന്റെ ഭീകരാവസ്ഥ മനസിലാകൂ എന്ന് അറിയവേ രാഷ്ട്രീയ മതചിന്തകൾക്ക് അതീതമായി ‘ഒന്നാണ് നമ്മൾ’ എന്നുള്ള തത്ത്വം ലോകം അറിയുന്നത് കൗതുകത്തോടെ നോക്കിക്കണ്ടു.

 പത്തുവയസ്സുകാരൻ മകന് കൊറോണയോട് ദേഷ്യം. കളിക്കാനോ പുറത്തിങ്ങാനോ സമ്മതിക്കാത്ത കൊറോണയെ സ്വന്തം അമ്മയോട് താരതമ്യപ്പെടുത്തി. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയപ്പോൾ കെട്ടിപ്പിടിച്ചു സോറി പറച്ചിലും കരച്ചിലും പിന്നീടത് പ്രാർഥനയിലേക്കും വഴിമാറി. അവന്റെ കൂട്ടുകാരനും കുടുംബത്തിനും പോസിറ്റീവ് ആയെന്നുള്ള വാർത്ത കേട്ടപ്പോൾ ഓടിച്ചെന്നു ഭഗവാനോട് ‘അവർക്കൊന്നും വരുത്തല്ലേ ദൈവമേ, ഇതൊന്ന് മാറ്റിത്തരുമോ?’

എന്ന് കൈകൂപ്പിയുള്ള അപേക്ഷയും കണ്ണീരും കണ്ടപ്പോൾ, സ്വാർഥതയില്ലാതെ ലോകത്തിലെ സകലർക്കും വേണ്ടി പ്രാർഥിക്കാൻ നമ്മളെ പഠിപ്പിച്ച കൊറോണ സ്നേഹത്തിന്റെ രൂപത്തിലും അവതരിച്ചോയെന്നൊരു സംശയം.

പുതിയ പാചക പരീക്ഷണങ്ങളിൽ മുഴുകിയപ്പോളും മനസ്സിൽ ഭക്ഷണം കഴിക്കാനാകാതെ ഇരിക്കുന്നവരുടെ മുഖങ്ങൾ തെളിഞ്ഞുവന്നു. ഫോണെടുത്ത് ആവേശത്തോടെ സംസാരിച്ചപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ഈ ആപത്ത് ഘട്ടത്തിലും കൂടെയുണ്ടെന്ന തോന്നൽ മനസ്സിനെ ശക്തമാക്കി. നാട്ടിലോട്ട് വിളിക്കാൻ ഉത്സാഹം കൂടി. അവിടെ ബന്ധുക്കളെയും വീടും പരിസരവും കണ്ടപ്പോൾ ഇതൊക്കെ എന്ന് ഇനി കാണും എന്നുള്ള ഒരു നീറ്റൽ മനസ്സിലെവിടെയോ തുള്ളിത്തുളുമ്പി വരികയായിരുന്നു. അതിനിടക്ക് അമ്മക്ക് വന്ന അസുഖം മാനസികമായി ഏറെ തളർത്തിയെങ്കിലും ഈശ്വരൻ കൈവിട്ടില്ല.

ഒരു വശത്ത് കാലിയാകുന്ന കീശ. അത് അറിയിക്കാതെ എന്നെയും മക്കളേയും ചേർത്തുനിർത്തുന്ന ഭർത്താവ്. ചില്ലറ തല്ലുകൊള്ളിത്തരങ്ങളുമായി മക്കൾ ആകുലതകൾ കുറേയൊക്കെ അകറ്റി നിർത്തി. ചേർത്ത് പിടിക്കേണ്ട സമയം ഇതല്ലാതെ ഏതാണ്? ഒരു ദിവസം ബാൽക്കണി വൃത്തിയാക്കിയപ്പോൾ ‘ഞാനിപ്പോ പെരുംതച്ചൻ ആയേനെ’ എന്ന് പറഞ്ഞ ഭർത്താവിനോട് ഇത്രേം പൊങ്ങച്ചം പറയല്ലെന്നു പറഞ്ഞപ്പോൾ ‘താഴോട്ട് നോക്ക്, അവിടെ ഒരാൾ ഇരിക്കുന്നത് കണ്ടോ? എന്റെ കൈയ്യിൽ നിന്ന് ചുറ്റിക താഴെ വീണിരുന്നേൽ?’കേട്ടപ്പോൾ അന്ധാളിച്ച് തലയിൽ കൈവച്ചുനിൽക്കാനേ പറ്റിയുള്ളൂ.

ഞങ്ങൾ ഒന്നിച്ചാണല്ലോയെന്നുള്ള ആശ്വാസത്തിരിക്കുന്ന വീട്ടുകാർ പുറത്തുപോവല്ലെന്നുള്ള പല്ലവി ആവർത്തിക്കുമ്പോൾ അവരുടെ ഉത്കണ്ഠ മുഖത്തു വായിച്ചെടുക്കാം. കൂട്ടുകാരായ ആരോഗ്യപ്രവർത്തകരുടെ കഷ്ടപ്പാടു കഥകൾ കേൾക്കുമ്പോൾ മനസ്സ് വേദനിക്കുന്നു. മറ്റുള്ളവർക്കായി ജീവിതം ഹോമിക്കുന്നവർക്കിടയിൽ ജീവിതം പലതും ഓർമിപ്പിക്കുകയാണ്.

 കൂട്ടുകാരിയുടെ ബന്ധുക്കൾക്കും കൂട്ടുകാരനും കുടുംബത്തിനും പോസിറ്റീവ് ആയപ്പോൾ പേടിച്ചതും പിന്നീടവരൊക്കെ നെഗറ്റീവ് ആണെന്ന് കേട്ടപ്പോൾ സന്തോഷിച്ചതും മറക്കാനാകാത്ത ഓർമകളായി എന്നും കൂടെയുണ്ടാകും. അറിയുന്നവരും അല്ലാത്തവരുമായുള്ള ചിലരുടെ വിയോഗങ്ങൾ അതിനിടയിൽ കണ്ണീരു വീഴ്ത്തി. അച്ഛൻ മരിച്ചിട്ട് ഒരുനോക്കു കാണാൻ കഴിയാത്ത കൂട്ടുകാരനേയും നാട്ടിൽ നോക്കിയിരിക്കുന്നവരെ കാണാൻ കഴിയാതെ ഭാഗ്യം കെട്ടവരും മനസ്സിൽ മായ്ക്കാനാകാത്ത കറുത്തപാടുകൾ കോറിയിടുന്നു.

പുണ്യമാസം അപ്പോഴേയ്ക്കും വന്നെത്തി. മകന്റെ കൂട്ടുകാരൻ ക്ലാസിലേയ്ക്ക് വേണ്ട കുറെ പുസ്തകങ്ങൾ റമസാൻ സമ്മാനമായി വാങ്ങിത്തന്നു. ജോലിയില്ലാതെ ഇരിക്കുന്നത് അവർ അറിഞ്ഞിരിക്കാം. നിറകണ്ണുകളോടെ അത് വാങ്ങുമ്പോൾ നല്ല മനസ്സുകൾ എത്രയോ ഇനിയും ഉണ്ടെന്നു സന്തോഷപൂർവ്വം ഓർത്തു. സ്കൂൾ ഫീസ് മൂന്നിലൊന്നാക്കി സ്കൂൾ അധികൃതരും സഹായിച്ചു. ‘കാശില്ലേൽ പറയണേ, എന്താവശ്യമുണ്ടേലും ചോദിക്കാൻ മടിക്കല്ലേ’എന്ന് കൂട്ടുകാർ ഒരേപോലെ പറഞ്ഞപ്പോൾ നമ്മൾ എത്ര സമ്പത്തുള്ളവർ ആണെന്ന് അഭിമാനം തോന്നിപ്പോയി!. കൂട്ടുകാർ എന്നുള്ള സമ്പത്ത് അതൊരു അക്ഷയപാത്രം പോലെയാണ്.

മനുഷ്യരെല്ലാം ഒരു ചെറിയ വൈറസിന്റെ മുന്നിൽ ഒന്നുമല്ലെന്ന് മനസിലാക്കി ഈ കാലം കടന്നുപോകുമ്പോൾ കൂടുതൽ തിരിച്ചറിവ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. മുഖാവരണം കൊണ്ട് മനുഷ്യനെ തിരിച്ചറിയാത്തവരാക്കി കൊറോണ. പക്ഷേ ആത്മാർഥയും സ്നേഹവും, സൗഹൃദത്തിന്റെ നൈർമല്യവും ഒരു മൂടുപടവും കൊണ്ട് മൂടിവയ്ക്കാനാകില്ല എന്ന് ജീവിതത്തിലെ ലോക് ഡൗൺ കാലം എന്നോട് മന്ത്രിക്കുന്നു.