കോട്ടയംകാരിയായ മഞ്ജു എന്ന യുവതിയുടെ ജീവിതം വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ഓരോ മലയാളിപെണ്‍കുട്ടികള്‍ക്കും ഒരു മാതൃകയാണ്. കാരണം ഒരു ലക്‌ഷ്യം ഉണ്ടെങ്കില്‍ അത് നേടാന്‍ വഴികള്‍ നിരവധി എന്ന് ഈ യുവതിയുടെ അനുഭവം പറഞ്ഞു തരും. മഞ്ജുവിനു കുട്ടിക്കാലം മുതലേ ഒരാഗ്രഹമുണ്ടായിരുന്നു, വലുതാവുമ്പോൾ ഡോക്ടറാകണം. അങ്ങനെ മഞ്ജു ഓരോ ക്ലാസ്സിലും നന്നായി പഠിച്ചു.  സ്‌കൂളിലെ മികച്ച വിദ്യാർത്ഥിനിയായി. ഒടുവിൽ പ്ലസ്‌ടുവിലും സ്‌കൂളിന്റെ അഭിമാനം ഉയർത്തിപ്പിടിച്ചു. പക്ഷെ മെഡിക്കൽ എൻട്രൻസിന് ശ്രമിച്ച മഞ്ജുവിനെ ദൈവം കൈവിട്ടു.

റാങ്ക് വന്നപ്പോൾ ബിഎസ്‌സി നഴ്സിങ്ങിനാണ് അഡ്മിഷൻ ലഭിച്ചത്. വേണ്ടെന്നു വയ്ക്കാൻ മഞ്‍ജുവിന് തോന്നിയില്ല. അങ്ങനെ നഴ്‌സിംഗ് വിദ്യാർത്ഥിയായി. ഉന്നത മാർക്കോടെ പാസായി. ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുമ്പോഴും ഡോക്ടറാവുക എന്ന മഞ്ജുവിന്റെ സ്വപ്നത്തിനു മാറ്റമൊന്നും ഉണ്ടായിരുന്നില്ല. കാലം വേഗത്തിൽ മുന്നോട്ടോടിക്കൊണ്ടിരുന്നു, ഇന്ന് മഞ്ജു യുകെയിലാണ്. നഴ്സായ മഞ്ജു അവിടെവച്ചു ഡോക്ടറായി. എങ്ങനെയന്നല്ലേ… ആ കഥ ഇങ്ങനെ:

ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഡോക്ടർ ആവണമെന്നത്. അതിനുവേണ്ടി കുട്ടിക്കാലം തൊട്ടേ നന്നായി പഠിച്ചു. പാലായ്ക്കടുത്തുള്ള കൊഴുവനാലാണ് എന്റെ നാട്. തനി നാട്ടിൻപുറം. അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്. പ്ലസ് ടു വരെ ഞാനായിരുന്നു സ്കൂളിൽ ഒന്നാമത്. പ്ലസ് ടു കഴിഞ്ഞതും ഞാൻ കേരള എൻട്രൻസിന് വേണ്ടി പരിശ്രമിച്ചു. പക്ഷേ മെഡിസിന് സീറ്റ് കിട്ടിയില്ല. ആ സമയത്തു തന്നെ നഴ്‌സിംഗിനുള്ള നാഷണൽ എൻട്രൻസ് ടെസ്റ്റ് എഴുതിയിരുന്നു. അതിൽ റാങ്ക് നേടുകയും ചെയ്തു. അങ്ങനെ നഴ്‌സിംഗിന് പഠിക്കാനായി ഡൽഹി എയിംസിൽ ചേർന്നു. നഴ്സിങിന് ചേരാതെ ഒരിക്കൽ കൂടി എംബിബിഎസിന് ശ്രമിക്കാമെന്നു വീട്ടുകാർ നിർബന്ധിച്ചെങ്കിലും എനിക്ക് മനസു വന്നില്ല. ദൈവം തന്ന അവസരമാണ് നഴ്‌സിംഗ് എന്നുതോന്നി. അവിടെയും നന്നായി പഠിച്ചു. റാങ്കോടെയാണ് ഞാൻ പാസായത്. എന്നാൽ അപ്പോഴും ഡോക്ടർ എന്റെ സ്വപ്നം മനസിൽ പതിഞ്ഞുകിടപ്പുണ്ടായിരുന്നു എന്ന് മഞ്ജൂ പറയുന്നു.

അപ്പോഴാണ് നഴ്‌സിംഗ് കഴിഞ്ഞവർക്ക് വിദേശത്ത് ജോലി തേടി പോകുന്നതാണ് കൂടുതൽ നേട്ടമെന്ന് ഞാൻ മനസ്സിലാക്കുന്നത്. ആ കാലഘട്ടത്തിൽ സാധാരണ നഴ്‌സിംഗ് കഴിഞ്ഞവർ പോകുന്നത് കുവൈറ്റ്, ഖത്തർ, അമേരിക്ക, ദുബായ് എന്നിവിടങ്ങളിലേക്കാണ്. ആരും പോകാത്ത ഒരു സ്ഥലത്തു പോകണമെന്ന് ആഗ്രഹിച്ചു നോക്കിയിരുന്നപ്പോഴാണ് 2000 സെപ്റ്റംബറിലാണ് ഞാൻ പത്രത്തിലെ പരസ്യം കണ്ടത്. നഴ്‌സായി യുകെയിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട് എന്നതായിരുന്നു ആ പരസ്യം. ആരും യുകെയിൽ പോകാത്ത ആ കാലത്തു ഞാൻ ആദ്യമായി ഇന്റർവ്യൂവിൽ പങ്കെടുത്തു. ഇവിടുന്ന് ഡയറക്റ്റ് റിക്രൂട്ട്മെന്റായിരുന്നു.

ഒക്ടോബറിൽ ആണ് ഞാൻ യുകെയിൽ നഴ്‌സായിട്ട് ജോയിൻ ചെയ്യുന്നത്. അവിടെയെത്തി ജോലി തുടങ്ങി. ഒരു ദിവസം ചീഫ് നഴ്‌സിംഗ് ഓഫീസറോട് പറഞ്ഞു, എനിക്ക് മാസ്റ്റേഴ്‍സിന് പഠിക്കണമെന്ന്. അവർ തന്നെ എനിക്ക് സ്‌കോളർഷിപ്പ് അനുവദിച്ചുതന്നു. മാസ്റ്റേഴ്സ് കഴിഞ്ഞാണ് ഞാൻ റിസേർച്ചിനു പോകുന്നത്. അങ്ങനെയാണ് യുകെയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി യുവതിക്ക് റിസർച്ച് കൾച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കാൻ അവസരം കിട്ടുന്നത്. അങ്ങനെ എനിക്ക് ഡോക്ടറേറ്റ് കിട്ടി. ഡോക്ടർ മഞ്ജുവായി.

ഇവിടെവന്ന ശേഷവും ഞാൻ മെഡിസിന് ശ്രമിച്ചിരുന്നു. പക്ഷെ ചില പ്രാക്റ്റിക്കൽ ഇഷ്യൂസ് കാരണം പോകാൻ പറ്റിയില്ല. ഇനിയും എനിക്ക് ഓപ്‌ഷനുണ്ട്, മെഡിസിൻ ചെയ്യാം. പക്ഷെ ചെയ്യില്ല. കാരണം ഇത്രയുംകാലവും എന്നെ തുണച്ച ഈ ഫീൽഡ് വിട്ടുപോകും. റിസർച്ചിൽ തുടരാനാണ് ഇപ്പോഴത്തെ ആഗ്രഹം. ഇപ്പോൾ പേരിനു മുന്നിൽ ഒരു ഡോക്ടർ ഉണ്ടല്ലോ. ഡോക്ടറേറ്റ് എടുത്തതും ഒരു പ്രതികാരമാണ്, മഞ്ജൂ പറയുന്നു.

നമുക്ക് കിട്ടുന്ന അവസരങ്ങൾ പാഴാക്കാതിരിക്കുക. അതാണ് എല്ലാവരോടുമായി തനിക്ക് പറയാനുള്ളത് എന്ന് മഞ്ജൂ പറയുന്നു. ഓരോരുത്തർക്കും പല ആഗ്രഹങ്ങളും കാണും. അത് കിട്ടിയില്ല എന്നുവച്ച് നിരാശപ്പെടാതെ മുന്നോട്ടു പോവുകയാണ് വേണ്ടത്. നമുക്ക് ദൈവം തരുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. ഇപ്പോൾ ഗ്രേറ്റർ മാഞ്ചസ്റ്റർ ക്ലിനിക്കൽ റിസർച്ച് നെറ്റ് വർക്കിൽ (സിആർഎൻ) അസിസ്റ്റന്‍റ് റിസർച്ച് ഡെലിവറി മാനേജരായി നിയമിതയായ മഞ്ജു ജൂണ്‍ 28ന് സ്ഥാനം ഏറ്റെടുക്കും. കൊഴുവനാൽ മഞ്ഞാമറ്റം പള്ളത്ത് ചാക്കോച്ചൻ-ആനിയമ്മ ദന്പതികളുടെ മകളാണ് മഞ്ജു. ഭർത്താവ് ഡോ. ലക്സണ്‍ ഫ്രാൻസിസ് കെഎസ്ഇബി മുൻ എൻജിനീയറും യുകെയിലെ ഒഐസിസി നേതാവുമാണ്. ലിവിയ, എൽവിയ, എല്ലിസ് എന്നിവർ മക്കളാണ്.

read more.. മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന് മാര്‍. സ്രാമ്പിക്കല്‍ തിരി തെളിക്കും.. ആദ്യസഹായം ഫാ. ചിറമേലിന്. കരുണയുടെ ലോകത്തേയ്ക്ക് മലയാളം യുകെയും….