ഒറ്റപ്പെട്ടുപോകുമ്പോഴും പുറംലോമറിയാതെ ചിരിച്ചുകൊണ്ടു പിടിച്ചുനിന്ന സൈറാബാനു എന്ന കഥാപാത്രം പലപ്പോഴും മഞ്ജു വാര്യര്‍ എന്ന നടിയെത്തന്നെയാണു ഓര്‍മ്മിപ്പിച്ചതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി കെ വാര്യര്‍. എന്നാല്‍ മഞ്ജു എന്ന നടിയുടെ ജീവിതവും മൂന്നു വര്‍ഷംകൊണ്ടു വല്ലാതെ മാറിയിരിക്കുന്നു. പാവപ്പെട്ടവരെയും കഷ്ടപ്പെടുന്നവരെയുംകുറിച്ചു അവര്‍ പലപ്പോഴും ആലോചിക്കുന്നു. അവര്‍ക്കുവേണ്ടി സമയം മാറ്റിവയ്ക്കുന്നു എന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉണ്ണി കെ വാര്യര്‍ കുറിക്കുന്നു. ഒരു പ്രമുഖ മലയാളമാധ്യമത്തിനു എഴുതിയ ലേഖനത്തില്‍ ആണ് ഉണ്ണി കെ വാരിയര്‍ ഇങ്ങനെ എഴുതുന്നത് .
ഉണ്ണിവാര്യരുടെ ലേഖനത്തിലേക്ക്:

മൂന്നു വര്‍ഷം മുന്‍പ് ജീവിതത്തിന്റെ വഴിത്തിരിവില്‍ തൃശൂര്‍ പുള്ളിലെ വീട്ടിലേക്കു പോരാന്‍ തീരുമാനിച്ച ശേഷം മഞ്ജു വാരിയരെ കണ്ടിരുന്നു. എന്താണിനി ചെയ്യുകയെന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ‘കുറെ ദിവസമായി എനിക്കുറങ്ങാന്‍ പോലും പറ്റാത്തതിനു ഒരു കാരണം അതാണ്. എവിടെക്കാണു ജീവിതം പോകുന്നത് എന്നറിയില്ല. ‘ അച്ഛനും അമ്മയ്ക്കും ബാധ്യതയായി ജീവിക്കേണ്ടിവരുമോ എന്ന ചിന്ത മുഖത്തു കാണാമായിരുന്നു. അഭിനയിക്കുമോ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞു, ‘അറിയില്ല. എന്നെ എല്ലാവര്‍ക്കും വേണ്ടി വരുമോ എന്നറിയില്ലല്ലോ. 14 വര്‍ഷമായില്ലെ.’

വല്ലാതെ ഒറ്റപ്പെട്ടുപോയ അവസ്ഥ മുഖത്തു കാണാമായിരുന്നു. വളരെ കുറച്ചാണു സംസാരിച്ചിരുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം കെയ്‌റോഫ് സൈറാബാനു എന്ന സിനിമ കണുമ്പോള്‍ ഓര്‍ത്തതു പഴയ മഞ്ജുവിനെയാണ്.

ഒറ്റപ്പെട്ടുപോകുമ്പോഴും പുറംലോമറിയാതെ ചിരിച്ചുകൊണ്ടു പിടിച്ചുനിന്ന സൈറാബാനു എന്ന കഥാപാത്രം പലപ്പോഴും മഞ്ജു എന്ന നടിയെത്തന്നെയാണു ഓര്‍മ്മിപ്പിച്ചത്. അവരുടെ കൂടെ നടക്കുമ്പോള്‍ !!ഞാനതു കണ്ടതാണ്. ഇത് അഭിനയാണ്. എന്നാല്‍ മഞ്ജു എന്ന നടിയുടെ ജീവിതവും മൂന്നു വര്‍ഷംകൊണ്ടു വല്ലാതെ മാറിയിരിക്കുന്നു. പാവപ്പെട്ടവരെയും കഷ്ടപ്പെടുന്നവരെയുംകുറിച്ചു അവര്‍ പലപ്പോഴും ആലോചിക്കുന്നു. അവര്‍ക്കുവേണ്ടി സമയം മാറ്റിവയ്ക്കുന്നു. മനോരമ നല്ല പാഠത്തില്‍ ഒന്നാം സമ്മാനം നേടിയ അട്ടപ്പാടിയിലെ കുട്ടികളെ കാണാന്‍ ഒരു ദിവസം മുഴുവനും അവര്‍ ചിലവിട്ടു. അതുകൊണ്ടു പ്രത്യേക മൈലേജൊന്നും അവര്‍ക്കു കിട്ടാനിടയില്ല. അവരുടെ നന്മതന്നെയാണു അതിനു പുറകിലുണ്ടായിരുന്നത്. വയനാട്ടിലെ ഏതോ ആദിവാസി ഗ്രാമത്തില്‍ പോയത് ആരെയും അറിയിക്കാതെയാണ്. ഇങ്ങിനെ എത്രയോ യാത്രകള്‍.

ഗുണ്ടകള്‍ കൈകാര്യം ചെയ്ത നടിയെ ദിവസങ്ങളോളം അവര്‍ ചേര്‍ത്തു പിടിക്കുന്നതുപോലെ കൂടെ നില്‍ക്കുകയായിരുന്നു. ‘ഞാനുണ്ട് കൂടെ’ എന്നു ഹൃദയംകൊണ്ടു പറയുന്ന നിമിഷങ്ങള്‍. പുറംലോകം അറിയാത്ത ഭീകരയുടെ പേടി സ്വപ്നങ്ങള്‍ കാണാതെ ആ കുട്ടി ഉറങ്ങിയതിനു ഒരു കാരണം ഈ കൂടെ നില്‍ക്കല്‍ ആയിരിക്കാം. ഡാന്‍സുകളിച്ചു നേടുന്ന പണത്തിന്റെ വലിയൊരു ഭാഗം നല്‍കുന്നതു പാവപ്പെട്ടവര്‍ക്കാണ്. അതിനു മാത്രം വലിയ സമ്പാദ്യമൊന്നും മഞ്ജു വാരിയര്‍ക്കില്ല എന്നതാണു സത്യം.

സൈറാബാനുവെന്ന കഥാപാത്രത്തിന്റെ തിളക്കം മലയാളത്തിന്റെ അപൂര്‍വ തിളക്കമാണ്. അത്തരമൊരു കഥാപാത്രം കൈകാര്യം ചെയ്യാന്‍ കഴിവുള്ള എത്രപേരുണ്ട് എന്നു തിരിഞ്ഞു നോക്കുമ്പോഴാണു നാം ഈ നടിയെ അറിയുക. അതീവ ദയനീയവും ഭൂമിയോളം താഴ്ന്നുമുള്ള എത്രയോ സീനുകള്‍. അതീവ ഹൃദ്യമായ മുഖത്തു തിളക്കമുള്ള സീനുകള്‍. ഇവിടെ കാണുന്നതൊരു നടിയെത്തന്നെയാണ്. കന്മദം എന്ന സിനിമയില്‍ കണ്ട അതേ കരുത്തോടെ മഞ്ജു വാരിയര്‍ ഇപ്പോഴും ബാക്കിയാകുന്നു. ലോഹിതദാസ് എന്ന എഴുത്തുകാരന്റെ അസാന്നിധ്യം അറിയുന്നത് ഇവടെയാണ്. സൈറാബാനുവില്‍ ‘നിങ്ങള്‍ എന്റെ അമ്മയല്ലല്ലോ’ എന്നു ചോദിക്കുന്ന നിമിഷം മലയാള സിനിമയുടെ അപൂര്‍വമായ അഭിനയ മുഹൂര്‍ത്തമാണു നാം കാണുന്നത്. കെട്ടുകാഴ്ചകളില്ലാത്തൊരു മനോഹരമായ സിനിമ മഞ്ജു സ്വന്തം സിനിമയാക്കി മാറ്റുന്നു.

നടി എന്ന നിലയില്‍ മഞ്ജു വാരിയര്‍ തിരിച്ചുവരുമെന്നു അവരുടെ പഴയ സിനിമകള്‍ കണ്ട ആരും പറയും. എന്നാല്‍ മഞ്ജു വാരിയര്‍ എന്ന വ്യക്തി ഇതുപോലെ ഉദിച്ചുയരുമെന്നു പ്രതീക്ഷിച്ചതേയില്ല. ചെന്നൈയില്‍ താരപ്രഭയാര്‍ന്നൊരു ചടങ്ങില്‍ സ്വന്തം ജീവിതത്തെക്കുറിച്ചു മലയാളത്തെക്കാള്‍ മനോഹരമായ ഇംഗ്‌ളീഷില്‍ മഞ്ജു സംസാരിക്കുന്നതു അത്ഭുതത്തോടെ മാത്രമെ കണ്ടിരിക്കാനാകൂ. അളന്നു തൂക്കിയ വാക്കുകള്‍, അഹങ്കാരം പുരളാത്ത മുഖഭാവം.. ഇതഭിനയമല്ലെന്നു മനസ്സിലാക്കാന്‍ മനശാസ്ത്രം പഠിക്കേണ്ടതില്ല.

ഒരു പാടു ദുരന്തങ്ങള്‍ക്കു ശേഷം ആള്‍ത്തിരക്കിനിടയിലൂടെ തല ഉയര്‍ത്തി കടന്നു പോകുക എന്നതു എളുപ്പമല്ല. രണ്ടാം വരവില്‍ അഭിനയത്തോളം തന്നെ തിളക്കമാര്‍ന്നൊരു സമൂഹ ജീവിതവും മഞ്ജു കെട്ടിപ്പടുത്തിരിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതുപോലെ സാമൂഹ്യ പ്രശ്‌നത്തില്‍ ജനം അറിഞ്ഞും അറിയാതെയും ഇടപെട്ട നടികള്‍ ഉണ്ടെന്നു തോന്നുന്നില്ല. എത്രയോ പേര്‍ക്ക് അവരുടെ സാന്നിധ്യംപോലും കരുത്തും തണലുമാകുന്നു. പത്രസമ്മേളനത്തില്‍ അവസാനിക്കുന്ന പ്രതിബന്ധതയല്ല എന്നതും ഇതൊടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

നിങ്ങള്‍ക്കു ഈ സ്ത്രീയെ വിമര്‍ശിക്കാം വെറുക്കാം. പക്ഷെ വീണുപോയ ഒരിടത്തുനിന്നു തനിയെ എഴുനേല്‍ക്കുകയും സ്വന്തം വഴി കണ്ടെത്തുകയും അതിലൂടെ നിശബ്ദയായി നടന്നു വെളിച്ചം വിതറുകയും ചെയ്ത ഒരു സ്ത്രീയാണിതെന്നു മറക്കാനാകില്ല.ജീവിതത്തിന്റെ തിരിച്ചുവരവെന്നതു സിനിമയെക്കാള്‍ വലിയ നേട്ടമാണ്. ദൈവം തയ്യാറാക്കിവച്ച തിരക്കഥയില്‍ അവരതു ചെയ്തുകൊണ്ടേയിരിക്കുന്നു. ഉപദ്രവിക്കപ്പെട്ട നടിയെ അനുകൂലിക്കാന്‍ ചേര്‍ന്ന കൂട്ടായ്മയില്‍ നിറ കണ്ണുകളുമായി ഇരുന്ന മഞ്ജുവാരിയര്‍ എന്ന നടിയുടെ മനസ്സിലെ കടല്‍ കണ്ണുകളില്‍ കാണാമായിരുന്നു. അത്തരമൊരു കടല്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളെയാണു നമുക്കു വേണ്ടത്. സൈറാബാനുവില്‍ കാണുന്നത് ആ കടലാണ്. അത് അവരുടെ ഉള്ളിലെ കടലുതന്നെയാണ്. ഒറ്റപ്പെട്ടുപോയ ഒരുപാടു മലയാളി സ്ത്രീകളെ ഓര്‍ത്തു തിരയടിക്കുന്ന കടല്‍.