മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

ചെങ്ങന്നൂര്‍ നിയമസഭാംഗമായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന മഞ്ജു വാര്യര്‍ക്കെതിരെ സിപിഎമ്മിന്റെ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നു. എങ്കിലും അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമാണ് ഉണ്ടാവുക.

മഞ്ജുവാര്യരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കള്‍ ഉയര്‍ത്തുന്ന വാദഗതികള്‍ ബാലിശമാണ്. കേരളത്തില്‍ നടന്ന ബിജെപിയുടെ അഖിലേന്ത്യാ സമ്മേളനത്തിന്റെ വേദിയില്‍ മഞ്ജു നൃത്തം അവതരിപ്പിച്ചതാണ് ചില നേതാക്കള്‍ വലിയ കുറ്റമായി ചൂണ്ടിക്കാട്ടുന്നത്. മോദിയുള്‍പ്പെടെ ബിജെപിയുടെ ഇന്ത്യയിലെ പ്രമുഖ നേതാക്കന്മാരെല്ലാം പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പക്ഷേ കലാകാരിയെന്ന നിലയിലും കലയ്ക്ക് രാഷ്ട്രീയമില്ലെന്നും നല്ലൊരു വേദി തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുന്ന നൃത്തത്തിനുവേണ്ടി ഉപയോഗപ്പെടുത്തുക മാത്രമാണ് മഞ്ജു വാര്യര്‍ ചെയ്തതെന്നുമാണ് മഞ്ജുവിന്റെ ആരാധകരുടെ ന്യായീകരണം.

മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെ സിപിഎമ്മിലെ പല പ്രമുഖ നേതാക്കന്മാരുമായി അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന മഞ്ജു സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്‍നിരയിലായിരുന്നു. യുഡിഎഫിന്റെ കോട്ടയായിരുന്ന ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ കെ കെ രാമചന്ദ്രന്‍ നായരിലൂടെ ഇടതുപക്ഷം അട്ടിമറി വിജയം നേടുകയായിരുന്നു. മഞ്ജുവിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നെങ്കില്‍ മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍. ഇതിനിടിയിലാണ് സ്ഥാനമോഹികളായ ചില പ്രാദേശിക നേതാക്കള്‍ ഉടക്കുമായി രംഗത്തെത്തിയത്.