ദുബൈ: മനോജും കുടുംബവും പകർത്തിയെഴുതിയ ബൈബിൾ ലോക റിക്കോർഡിൽ. മനോജ് എസ്.വർഗ്ഗീസ് ,അദ്ദേഹത്തിന്റെ ഭാര്യ സൂസൻ ,മക്കളായ കരുണും ക്യപയും ചേർന്ന് അഞ്ചര മാസം കൊണ്ട് പകർത്തി എഴുതി തയ്യാറാക്കിയ ബൈബിൾ ആണ് നിലവിലുള്ള റിക്കോർഡ് തകർത്ത് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ ലോക റിക്കോർഡിന് അർഹമായത്. മനോജും ഭാര്യയും ചേർന്ന് നല്കിയ രേഖകൾ യു.ആർ.എഫ് അധികൃതർ പൂർണ്ണമായും പരിശോധിക്കുകയും വീഡിയോ കോൺഫ്രൻസിലൂടെ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള ഔദ്യോഗിക അറിയിപ്പ് നല്കുകയും ചെയ്തു.

സർട്ടിഫിക്കറ്റും അംഗികാരമുദ്രയും ഫലകവും യു.ആർ.എഫ് ജൂറി ചെയർമാൻ ഗിന്നസ് ഡോ. സുനിൽ ജോസഫ് മനോജിനും കുടുംബത്തിനും സമ്മാനിക്കും. പ്രഖ്യാപന ചടങ്ങിന്റെ ഒരുക്കങ്ങൾ ദുബൈയിൽ ആരംഭിച്ചു.

85.5 സെ.മി നീളവും 60.7 സെ.മി വീതിയും 46.3 സെ.മി ഉയരവും 1500 പേജുകളും 151 കിലോഗ്രാം തൂക്കവും ഉള്ള ബൈബിൾ പകർത്തി എഴുതുവാൻ തുടങ്ങിയത് മനോജിന്റ ഭാര്യ സൂസൻ ആയിരുന്നു.ഒപ്പം ദുബൈ ഇന്ത്യൻ ഹൈസ്സ്‌കൂൾ വിദ്യാർത്ഥിയായ മകൻ കരുണും അൽ-വർഖ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ മകൾ ക്യപയും പഠന തിരക്കുകൾക്കിടയിലും ബൈബിൾ പകർത്തിയെഴുതുന്നതിൽ അതിയായ താത്പര്യം കാണിച്ചു. സ്‌കൂൾവിട്ട് വീട്ടിലെത്തിയാൽ ഗൃഹപാഠങ്ങൾ വേഗത്തിൽ ചെയ്തുതീർക്കും. ബാക്കിവരുന്ന സമയം ബൈബിൾ എഴുത്തിൽ മുഴുകും.അതിനിടയിൽ വീടിന്റെ അന്തരീക്ഷമാകെ ബൈബിൾ എഴുത്തിനായി മാറിയിരുന്നു.ഏകദേശം 60 പേനകൾ ഇതിനായി ഉപയോഗിച്ചു.

യാത്രകൾ, ഷോപ്പിങ് അങ്ങനെ പ്രിയപ്പെട്ടതെല്ലാം എഴുത്തിനായി കുടുംബം മാറ്റിവെച്ചു.ചില ദിവസങ്ങളിലെ എഴുത്ത് 12 മണിക്കൂർവരെ നീണ്ടുപോയിരുന്നു. വിചാരിച്ചതിലും വേഗത്തിലാണ് എഴുത്ത് യായത്.ബൈബിളിന്റെ ചില പേജുകളിൽ ചിത്രങ്ങളാണ്. ബൈബിൾ വചനവുമായി ബന്ധപ്പെട്ട ഈ ചിത്രങ്ങൾ ഇവർതന്നെ വരച്ചുചേർത്തു.ബൈബിൾ എഴുതുന്നത് ചിത്രീകരിച്ച വീഡിയോ ഉൾപ്പെടെയാണ് യൂണിവേഴ്സൽ റിക്കോർഡ്‌ ഫോറത്തിന്റെ ലോക റെക്കോഡിനായി അധികൃതർക്ക് അയച്ചു കൊടുത്തത്.

ഇതിനോടകം നിരവധി പ്രമുഖർ ആണ് ജെബൽ അലിയിലെ മാർത്തോമ പള്ളിയിൽ പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന ബൈബിൾ കാണുന്നതിന് എത്തി കൊണ്ടിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിൽ തിരുവല്ല വേങ്ങൽ കുഴിക്കാട്ട് വർഗ്ഗീസ് കെ.മാത്യു-സാറാമ്മ വർഗ്ഗീസ് ദമ്പതികളുടെ മകനായ മനോജ് കഴിഞ്ഞ 2 പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്നു. കഴിഞ്ഞ 15 വർഷത്തോളം നേഴ്സ് ആയി ജോലി ചെയ്തിരുന്ന ഭാര്യ സൂസൻ ഇപ്പോൾ മനോജിന്റെ ബിസിനസിൽ പ്രോത്സാഹനമായി ഒപ്പമുണ്ട്.

മനോജിനും കുടുംബത്തിനും നാട്ടിൽ അനുമോദനം നല്കുന്നതിന് ഉള്ള തിരക്കിലാണ് പ്രദേശവാസികളും, സുഹൃത്തുക്കളും.