നാളെ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് നൂറാം പിറന്നാള്‍. പിറന്നാള്‍ ദിനത്തിനരികെ, മാര്‍ത്തോമാ സഭയുടെ വലിയ ഇടയന്‍റെ ഒരു വൈകുന്നേരത്തെ കാഴ്ചകളാണിനി.

നൂറാംവയസിന്‍റെ അവശതകള്‍ക്കിടയിലും മാര്‍ത്തോമാ സഭയുടെ വലിയ ഇടയന് വിശ്രമമില്ലാത്ത ദിനങ്ങളാണ് ഇപ്പോള്‍. പിറന്നാള്‍ ആശംസകളുമായി എത്തുന്നവരെ നിറഞ്ഞ ചിരിയോടെതന്നെ സ്വീകരിക്കുകയാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. സ്നേഹാന്വേഷണങ്ങള്‍ക്കൊപ്പം നാട്ടിലെ വിവരങ്ങളും വിശേഷങ്ങളും അതിഥികള്‍ പങ്കുവയ്ക്കുന്നു.
നൂറുവയസിനിടെ ഉണ്ടായതെല്ലാം നല്ല അനുഭവമാണമെന്നും ഒറ്റക്കാര്യം മാത്രമാണ് വേദനിപ്പിച്ചിട്ടുള്ളതെന്നും വലിയ മെത്രാപ്പൊലീത്ത ഓര്‍ത്തെടുത്തു. മറ്റുള്ളവര്‍ക്ക് നന്മ‍ ചെയ്താല്‍ അത് പിന്നീട് നേട്ടമായി ഭവിക്കുമെന്ന് സമൂഹത്തെ ഓര്‍മിപ്പിക്കാനും വലിയ മെത്രാപ്പൊലീത്ത മറന്നില്ല.

പ്രാര്‍ഥനയും ഒപ്പംനിന്ന് ഫോട്ടോയുമെടുത്താണ് ഓരോ അതിഥികളും മടങ്ങുന്നത്. അതിഥികളെ പ്രാര്‍ഥനയോടെ ആശീര്‍വദിച്ച് അയക്കാനും വലിയ ഇടയന്‍ മറക്കുന്നില്ല. അവശതകള്‍ക്ക് കീഴടങ്ങാത്ത മനസുമായി വൈകുന്നേരത്തെ പൊതുപരിപാടിയില്‍ പങ്കെടുക്കാനായി കുളിച്ചൊരുങ്ങാന്‍ , എല്ലാവരോടും യാത്രപറഞ്ഞ് വലിയ മെത്രാപ്പൊലീത്ത മുറിയിലേക്ക് മടങ്ങി.