ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: മലങ്കര കത്തോലിക്കാ സഭയുടെ പുണ്യപിതാവും പുനരൈക്യ ശില്‍പിയുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുനാള്‍ യുകെയിലെ മലങ്കര കത്തോലിക്കാ സഭാ മിഷന്‍ കേന്ദ്രങ്ങളില്‍ വിവിധ തിരുക്കര്‍മ്മങ്ങളോടെ ആചരിക്കുന്നു. പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത 1953 ജൂലൈ 15ന് കാലം ചെയ്തു. മലങ്കര കത്തോലിക്കാ പ്രഥമ സഭാമേലധ്യക്ഷനായിരുന്നു. സഭയില്‍ ദൈവദാസനായി വണക്കപ്പെടുന്നു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ റോമില്‍ നടന്നുവരുന്നു.

മലങ്കരയുടെ സൂര്യതേജസായിരുന്ന ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുനാള്‍ യുകെയിലെ വിവിധ മലങ്കര സഭാ മിഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് നടത്തപ്പെടുക. പൊതുവായ ശുശ്രൂഷകള്‍ ഐല്‍സ്‌ഫോര്‍ഡ്, ഷെഫീല്‍ഡ് എന്നിവിടങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.

ജൂലൈ 22 ഞായറാഴ്ച യുകെയിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഐല്‍സ്‌ഫോര്‍ഡ് സെന്ററില്‍ മലങ്കര സഭാമക്കള്‍ ഒന്നിച്ചു കൂടും. ഭക്തിസാന്ദ്രമായ പദയാത്രയില്‍ കാവി വസ്ത്രങ്ങളണിഞ്ഞ് വിശ്വാസികള്‍ പങ്കുചേരും. ചരിത്രമുറങ്ങുന്ന മണ്ണിലൂടെ കിഴക്കിന്റെ ന്യൂമാന്‍ എന്ന് അറിയപ്പെടുന്ന ദൈവദാസന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ സ്മരണ പുതുക്കി ദൈവജനം വള്ളിക്കുരിശുമേന്തി നടന്നുനീങ്ങും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കുന്ന പദയാത്രക്ക് ശേഷം വിശുദ്ധ കുര്‍ബാനയും അനുസ്മരണ സമ്മേളനവും നടത്തപ്പെടും. സഭാ കോ-ഓര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കമൂട്ടില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ജൂലൈ 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയം കേന്ദ്രീകരിച്ച് അനുസ്മരണ പദയാത്രയും വി.കുര്‍ബാനയും അനുസ്മരണ സമ്മേളനവും ക്രമീകരിച്ചിരിക്കുന്നു. സെന്റ് തോമസ് മൂര്‍ ദേവാലയത്തില്‍ നിന്നും രണ്ട് മണിക്ക് പ്രാരംഭ പ്രാര്‍ത്ഥനയോടെ പദയാത്രയ്ക്ക് തുടക്കം കുറിക്കും. ഷെഫീല്‍ഡിന്റെ പാതയോരത്തു കൂടി വള്ളിക്കുരിശേന്തി, കാവി പുതച്ച്, ജപമാല രഹസ്യങ്ങള്‍ ഉരുവിട്ട് നീങ്ങുന്ന സംഘത്തിന് സെന്റ് പാട്രിക് ദേവാലയത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന വിശുദ്ധ കുര്‍ബാനയും അനുസ്മരണ സമ്മേളനവും സ്‌നേഹവിരുന്നും. ഷെഫീല്‍ഡിലെ സെന്റ് പീറ്റേഴ്‌സ് മലങ്കര മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്ക് സഭയുടെ യുകെ കോ ഓര്‍ഡിനേറ്റര്‍ ഫാ,തോമസ് മടുക്കമൂട്ടില്‍, ചാപ്ലയിന്‍മാരായ ഫാ.രഞ്ജിത്ത് മഠത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കും.