ബർമിംഗ്ഹാം . വചനത്തിലൂടെയാണ് ദൈവം നമ്മോട് സംസാരിക്കുന്നതെന്നും ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് അത് മനസിലാക്കുവാൻ നമ്മെ സഹായിക്കുന്നതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ . “ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ രൂപതകളിൽ “സംസാരിക്കുന്ന ദൈവം “എന്ന വചനത്തെ ആസ്പദമാക്കിയുള്ള വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വർഷത്തിൽ നാം എല്ലാവരും സഭാ വ്യക്തി ജീവിതങ്ങളിൽ ഈ വചനത്തെ ഏറ്റെടുക്കുകയും ദൈവത്തിന്റെ രക്ഷാകര വചനം അനുസരിച്ചു ജീവിതം ക്രമപ്പെടുത്തുകയും ചെയ്യുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ ഈ വർഷത്തെ പ്രഥമ മീറ്റിംഗ് ബർമിംഗ്ഹാമിൽ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . വികാരി ജനറൽ റെവ. ഫാ. ജിനോ അരീക്കാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ രൂപതയുടെ വിവിധ റീജിയനുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു . ഡയറക്ടർ റവ . ഫാ. ജോർജ് എട്ടുപറയിൽ ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ കീഴിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന വിവിധ പരിപാടികൾ വിശദീകരിച്ചു . വിവിധ വിഷയങ്ങൾ സംബന്ധിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ചകളും , ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ കീഴിൽ നടക്കുന്ന ബൈബിൾ കലോത്സവം ഉൾപ്പടെ ഉള്ള വിവിധ പരിപാടികൾ ഏകോപിപ്പിക്കുന്നതിനും , സംഘാടനത്തിനും ആയുള്ള വിവിധ കമ്മറ്റികളും തിരഞ്ഞെടുത്തു. ബൈബിൾ കമ്മീഷൻ കോഡിനേറ്റർ ആയി ആന്റണി മാത്യു , ജോയിന്റ് കോഡിനേറ്റർ മാരായി മർഫി തോമസ് , ജോൺ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു .ബൈബിൾ കലോത്സവത്തിൽ കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് പ്രതിനിധികൾ നൽകിയ നിർദേശങ്ങൾ ഇനി വരുന്ന പ്രത്യേക കമ്മറ്റിയിൽ വിശദമായ ചർച്ച ചെയ്യുവാനും തീരുമാനം എടുത്തു .