സാബു ചുണ്ടക്കാട്ടില്‍

ഈ കഴിഞ്ഞ ജൂണ്‍ 14-ാം തീയതി തന്റെ സ്വര്‍ഗ്ഗീയ പിതാവിനോട് കൂടി ചേര്‍ന്ന ക്‌നാനായ സമുദായത്തിന്റെ പ്രഥമ മെത്രാപോലീത്തോ അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ 41-ാം ചരമദിനം ജൂലൈ 23-ാം തീയതി സെന്റ് മേരീസ് ക്‌നാനായ ചാപ്ലന്‍സിയില്‍ ഏറ്റവും ഭക്തിയോടും വിശുദ്ധിയോടും കൂടി ആചരിച്ചു. അഞ്ച് പതിറ്റാണ്ടുകള്‍ ഒരു നിറദീപം പോലെ തങ്ങളെ നയിച്ച തങ്ങളുടെ പ്രിയപ്പെട്ട കുന്നശ്ശേരി പിതാവിനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും അനുശോചനം അറിയിക്കുവാനുമായി യു.കെ.യിലെ എല്ലാ ക്‌നാനായ മക്കളും മാഞ്ചസ്റ്ററിലെ ക്‌നാനായ ചാപ്ലന്‍സിയില്‍ ഒത്തൊരുമിക്കുക ഉണ്ടായി.

സെന്റ് മേരീസ് ക്‌നാനായ ചാപ്ലിന്‍സിയുടെ ചാപ്ലയിനും വികാര്‍ ജനറലുമായ റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ മറ്റ് യു.കെ. ക്‌നാനായ വൈദികരായ ഫാ. സജി തോട്ടത്തില്‍, ഫാ. മാത്യു കട്ടിയാങ്കല്‍, ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ. ജസ്റ്റിന്‍ കാരക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കുര്‍ബാന മധ്യേ തന്റെ വചന സന്ദേശത്തില്‍ വലിയ പിതാവിന്റെ ജീവിതത്തിന്റെ വചന സന്ദേശത്തില്‍ വലിയ പിതാവിന്റെ ജീവിതത്തില്‍ നിന്നും തന്നെ സ്പര്‍ശിച്ച ചില സംഭവങ്ങള്‍ ക്‌നാനായ സമൂഹവുമായി പങ്കുവെച്ചു കൊണ്ടു ആ കര്‍മ്മയോഗിയുടെ ധന്യപാദങ്ങള്‍ പിന്തുടരുവാന്‍ ഫാ. മാത്യൂ കട്ടിയാങ്കല്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു. കുര്‍ബാനക്ക് ശേഷം നടന്ന ഒപ്പീസിനു ഫാ. സജി തോട്ടം നേതൃത്വം വഹിച്ചു.

കുര്‍ബാനക്കും ഒപ്പീസിനും ഷോണ്‍ പടപ്പുരക്കലും സെന്റ് മേരീസ് ക്‌നാനായ ചാപ്ലന്‍സി ക്വയറും ആലപിച്ച ഗാനങ്ങളും ലൈവ് ഓര്‍ക്കസ്ട്രയും ഏവരേയും സ്പര്‍ശിച്ചു. ഒപ്പീസിനു ശേഷം നടന്ന അനുസ്മരണ യോഗത്തില്‍ ചാപ്ലന്‍ ആയ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ അധ്യക്ഷത വഹിക്കുകയും ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ. ജസ്റ്റിന്‍ കാരക്കാട്ട്, യു.കെ.കെ.സി.എ പ്രസിഡന്റ് ശ്രീ. ബിജു മടക്കക്കുഴി, യു.കെ.കെ.സി.വൈ.എല്‍ നാഷണല്‍ ഡയറക്ടര്‍ ശ്രീമതി. ജോമോള്‍ സന്തോഷ്, ലണ്ടന്‍ ആന്റ് കെന്റ് സെന്റ് ജോസഫ്‌സ് ക്‌നാനായ ചാപ്ലന്‍സി ൃലു ശ്രീ. സാജന്‍ പടിക്കമ്യാലിയില്‍, സെന്റ് മേരീസ് KCWA പ്രസിഡന്റ് ശ്രീമതി ലിസി ജോര്‍ജ് എന്നിവര്‍ അനുശോചനം അറിയിക്കുകയും ചെയ്തു. എം.കെ.സി.എ പ്രസിഡന്റ് ശ്രീ. സാജന്‍ ചാക്കോ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. യോഗത്തിന് ശേഷം പരമ്പരാഗതമായ രീതിയില്‍ തന്നെ വലിയ പിതാവിന്റെ മന്ത്രായും ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥനകളോടു കൂടി നടത്തപ്പെട്ടു.

കേരളത്തില്‍ ക്‌നാനായക്കാര്‍ ചിട്ടയോടു കൂടെ മന്ത്രാക്ക് ഉള്‍പ്പെടുത്തുന്ന നെയ്യപ്പം, കരിക്കും വെള്ളം, അയമോദകം, പാച്ചോറു നേര്‍ച്ച, ചെറുപഴം എന്നിവ ഉള്‍ക്കൊള്ളിച്ചാണ് യു.കെ ക്‌നാനായ സമൂഹവും തങ്ങളുടെ വന്ദ്യ പിതാവിന്റെ മന്ത്രാ നടത്തിയത് എന്നത് വളരെ ശ്ലാഘനീയമാണ്. ഏറ്റവും ഒടുവില്‍ ചാപ്ലന്‍സിയുടെ KCWA അംഗങ്ങള്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറോടു കൂടി യു.കെ ക്‌നാനായ മക്കള്‍ തങ്ങളുടെ കര്‍മ്മ ധീരനും ധാര്‍ശനീകനുമായ കുന്നശ്ശേരി പിതാവിനു പ്രണാമം അര്‍പ്പിച്ച് തിരികെ സ്വഭവനങ്ങളിലേക്ക് പോയി.

ഒരു കുടുംബത്തിലെ കാരണവരുടെ 41-ാം ചരമദിനം ആചരിക്കുന്ന അതേ മനോഭാവത്തോടും വാത്സല്യത്തോടും കൂടിയാണ് യുകെയിലെ എല്ലാ ക്‌നാനായ മക്കളും ഒത്തൊരുമിച്ച് തങ്ങളുടെ സ്‌നേഹനിധിയായ വലിയ പിതാവിന്റെ 41-ാം ചരമദിനം ആചരിച്ചത്. ക്‌നാനായ സമുദായം എന്നും ഒരു കുടുംബം പോലെ പ്രവര്‍ത്തിക്കുന്നവരാണ് എന്നതിന്റെ വീണ്ടും ഒരു ഉത്തമ ഉദാഹരണം ആയിരുന്നു ജൂലൈ 23-ാം തീയതി സെന്റ് മേരീസ് ക്‌നാനായ ചാപ്ലന്‍സില്‍ നടന്ന എല്ലാ ചടങ്ങുകളും. ഈ ദിവസം ഏറ്റവും ഭക്തിയോടു കൂടെ ചിട്ടയായി ക്രമീകരിക്കുവാന്‍ ചാപ്ലൈന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെ കൂടെ ട്രസ്റ്റിമാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും MKCA & KCWA മെമ്പേഴ്‌സും വിവിധ കൂടാര യോഗ ഭാരവാഹികളും സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സും ഒരുമിച്ച് പ്രാര്‍ത്ഥിച്ചു.