സോഷ്യല്‍ മീഡിയ വമ്പനായ ഫേസ്ബുക്ക് ബിറ്റ്‌കോയിന്‍ രംഗത്തേക്കെന്ന് സൂചന. സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഇതേക്കുറിച്ചുള്ള സൂചന നല്‍കിയത്. ഫേസ്ബുക്കിനെ നന്നാക്കുമെന്ന 2018ലെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് സുക്കര്‍ബര്‍ഗ് പോസ്റ്റില്‍ അറിയിച്ചു. കേന്ദ്രീകൃതമാകുന്നതാണ് ഇന്റര്‍നെറ്റിന്റെ ദോഷങ്ങളില്‍ ഒന്ന്. ഫേസ്ബുക്കിനെ ഈ തിന്മയില്‍ നിന്ന് മോചിതമാക്കുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങള്‍ വരുത്തുന്നത്. സാങ്കേതികവിദ്യയുടെ ഉല്‍പ്പന്നമായ ബിറ്റ്‌കോയിന്‍ അതിന്റെ ഒരു ഭാഗമാണെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

ഇന്റര്‍നെറ്റ് ഇപ്പോള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന കമ്പനികളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്. ഇവരാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിനെ നിയന്ത്രിക്കുന്നത്. അധികാരത്തിന്റെ വികേന്ദ്രീകരണം എന്ന ഇന്റര്‍നെറ്റിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നിന് നേര്‍ വിപരീതമാണ് ഈ സ്ഥിതിവിശേഷം. ജനങ്ങളിലേക്ക് ഇന്റര്‍നെറ്റിന്റെ നിയന്ത്രണം എത്തിക്കുക എന്ന ലക്ഷ്യവുമായി ഈ സാങ്കേതികതയിലേക്ക് ഇറങ്ങിയ ഒട്ടേറെയാളുകള്‍ ഉണ്ട്. ഫേസ്ബുക്കിന്റെ മുദ്രാവാക്യവും ഇത് തന്നെയാണ്.

എന്നാല്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ചുരുക്കം ചിലരിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുകയും സര്‍ക്കാരുകള്‍ ജനങ്ങളെ നിരീക്ഷിക്കാനുള്ള ഉപകരണമാക്കി ഇന്റര്‍നെറ്റിനെ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തത് ജനങ്ങളിലുള്ള വിശ്വാസം ഇല്ലാതാക്കിയിട്ടുണ്ട്. ഈ വിശ്വാസം തിരിച്ചു പിടിക്കാന്‍ ബിറ്റ്‌കോയിന്‍ പോലെയുള്ള സംവിധാനങ്ങളെ ആശ്രയിക്കാം. എന്‍ക്രിപ്ഷനും ക്രിപ്‌റ്റോ കറന്‍സിയും പോലെയുള്ള സംവിധാനങ്ങള്‍ അധികാരം ജനങ്ങളിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. അതേസമയം ഇവയെ എങ്ങനെ നിയന്ത്രിക്കാമെന്നത് മറ്റൊരു പ്രശ്‌നമാണ്.

വിഷയത്തില്‍ ആഴത്തിലുള്ള പഠനം നടത്തി ഇവയുടെ മോശം ഫലങ്ങള്‍ തിരിച്ചറിഞ്ഞ് ശരിയായവ മാത്രം സേവനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നാണ് സുക്കര്‍ബര്‍ഗ് വാക്ക് നല്‍കുന്നത്. ബ്ലോക്ക്‌ചെയിനുകളുടെ ഭാഗികമായുള്ള രൂപം മാത്രമാണ് ക്രിപ്‌റ്റോകറന്‍സി. ബിറ്റ്‌കോയിനുകള്‍ എന്താണ്, ആരാണ് അതിന്റെ ഉടമ തുടങ്ങിയ വിവരങ്ങളും ഇതിനൊപ്പം വിനിമയം ചെയ്യപ്പെടുന്നുണ്ട്. ഇവ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്നതിന് പകരം കമ്പ്യൂട്ടറുകളുടെ ശൃംഖയില്‍ വിതരണം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. അതായത് ബിറ്റ്‌കോയിനുകളേക്കാള്‍ ഉപരിയായി ബ്ലോക്ക്‌ചെയിനുകള്‍ക്ക് സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകും. വിദഗ്ദ്ധരുടെ ഈ അഭിപ്രായം തന്നെയാണ് ഫേസ്ബുക്ക് സ്ഥാപകനും ആവര്‍ത്തിക്കുന്നത്.