മാട്രിമോണിയൽ സൈറ്റിൽ വ്യാജ പ്രൊഫൈൽ നൽകി തട്ടിപ്പു നടത്തിയ നഴ്സ് പിടിയിൽ. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ്‌ സ്മിതയെയാണ് എറണാകുളം സെന്റ്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. 15 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന കൊച്ചി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

കൊച്ചിയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ മാനേജർ ആയ യുവാവാണ് പരാതിയുമായി സെന്‍ട്രൽ പോലീസിനെ സമീപിച്ചത്. പരാതിയിൽ പറയുന്നത് ഇങ്ങനെ. 2015 ലാണ് യൂവാവ് മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തത്. പലരുടെയും പ്രൊഫൈലുകൾ തിരയുന്നതിന് ഇടയിലാണ് ശ്രുതി ശങ്കർ എന്ന പേരിൽ ഒരു പ്രൊഫൈലും ചിത്രവും ശ്രദ്ധയിൽപ്പെടുന്നത്. ഇഷ്ടം തോന്നി അങ്ങോട്ട് സമീപിച്ചു.

സൈറ്റിലെ നമ്പറിൽ വിളിച്ചപ്പോൾ ഫോണെടുത്തത് ബന്ധു ആയിരുന്നു. ഒടുവിൽ യുവതിയുമായി സംസാരിക്കാൻ മറ്റൊരു നമ്പർ നൽകി. അങ്ങനെ ശ്രുതി ശങ്കർ എന്ന വ്യാജ പ്രൊഫൈലിന്റെ ബലത്തിൽ സ്മിത യുവാവുമായി അടുത്തു. ജാതക ചേർച്ച ഉണ്ടെന്നും വിവാഹം ഉറപ്പിച്ചെന്നും തെറ്റിദ്ധരിപ്പിച്ചു. പലതവണയായി 15 ലക്ഷം രൂപ യുവാവിൽ നിന്നും തട്ടിയെടുത്തു.

എന്നാൽ ഒരു തവണ പോലും നേരിൽ കാണാനോ ഒരു വീഡിയോ കോളിൽ സംസാരിക്കാനോ പോലും സമ്മതിച്ചില്ല. ഒടുവിൽ 2018 തനിക്ക് ക്യാൻസർ ആണെന്ന് പറഞ്ഞു സ്മിത വിവാഹത്തിൽ നിന്ന് പിന്മാറി. നാണക്കേട് ഭയന്ന് യുവാവ് ഒന്നും പുറത്തു പറഞ്ഞില്ല.

കുറച്ചു നാളുകൾക്കു ശേഷം നിയതി നാരായണൻ എന്ന പേരിൽ മറ്റൊരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്മിത വീണ്ടും യുവാവിനെ ബന്ധപ്പെട്ടു. ആദ്യം മെസ്സേജുകൾ അയച്ചു. പിന്നീട് ഫോണിൽ സംസാരിച്ചപ്പോൾ യുവാവിന് ആളെ മനസ്സിലായി. അതോടെയാണ് താൻ വലിയ സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടത്.

പരാതിയെതുടർന്ന് സെൻട്രൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സ്‌ ആയ 43 കാരി സ്മിതയാണ് തട്ടിപ്പുകാരി എന്ന് കണ്ടെത്തിയത്. യുവാവിനെ പരിചയപ്പെട്ടപ്പോൾ ഡോക്ടർ ആണെന്നായിരുന്നു സ്മിത പറഞ്ഞത്. തിരുവനന്തപുരത്തു നിന്ന് കസ്റ്റഡിയിലെടുത്ത യുവതിയെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.