ഒളിമ്പിക്സ് യോഗ്യതാ ട്രയല്‍ മത്സരത്തില്‍ വനിതകളുടെ 51 കിലോ വിഭാഗത്തില്‍ എംസി മേരി കോം ലോക യൂത്ത് ചാമ്പ്യന്‍ നിഖാത്ത് സരീനെ പരാജയപ്പെടുത്തി. ആറ് തവണ ലോക ചാമ്പ്യനും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവുമായ മേരി സ്‌കോര്‍ 9-1 നാണ് സരീനെതിരെ വിജയിച്ചത്. വിജയത്തോടെ മേരി കോം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചൈനയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

നേരത്തെ മേരി കോം റിതു ഗ്രേവാളിനെയും സരീന്‍ ജ്യോതി ഗുലിയയെയും കീഴടക്കിയിരുന്നു. ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേത്രിയായ മേരികോം മുപ്പത്തിയാറുകാരിയാണ്. തെലങ്കാനയിലെ നിസാമാബാദില്‍നിന്നുള്ള സരീന്റെ പ്രായം 23. ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളില്‍ ബോക്സിങ് ഫെഡറേഷന്റെ മാനദണ്ഡങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് മേരി കോമിനെ നേരത്തെ വെല്ലുവിളിച്ച് ശ്രദ്ധേപിടിച്ചുപറ്റിയ താരമാണു സറീന്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്താതിരുന്നിട്ടും മേരിയെ സെലക്ഷന്‍ ട്രയല്‍സ് കൂടാതെ ഒളിമ്പിക്സ് യോഗ്യതയ്ക്ക് അയക്കാനുള്ള തീരുമാനത്തിനെതിരെ സരീന്‍ രംഗത്തു വന്നിരുന്നു. മത്സരശേഷം മേരി കോം സരീന് കൈ കൊടുക്കാതെയാണ് മടങ്ങിയത്.