സ്പിരിച്വല്‍ ടീം. മലയാളം യുകെ.
പരിശുദ്ധ കന്യക അവളുടെ ദിവ്യസുതന്റെ പീഠാനുഭവങ്ങളോട് എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത വ്യക്തമാക്കുന്നവയാണ് ശിമയോന്റെ വചസ്സുകള്‍. അവര്‍ ദൈവാലയത്തില്‍ ഈശോയെ സമര്‍പ്പിച്ചപ്പോള്‍ മനുഷ്യകുല പരിത്രാണാര്‍ത്ഥം ഒരിക്കല്‍ കാല്‍വരിയില്‍ സമര്‍പ്പിക്കുവാനിരുന്ന മഹായജ്ഞത്തെ മുന്‍കൂട്ടി കണ്ടിരിക്കണം. ദൈവം നമുക്ക് സന്താനങ്ങളെ നല്‍കുന്നത് അവരെ നല്ലവരായി വളര്‍ത്തി ദൈവത്തിന് സമര്‍പ്പിക്കുന്നതിനാണ്. കുട്ടികളുടെ നല്ല വളര്‍ത്തലിലും സ്വഭാവ രൂപവല്‍ക്കരണത്തിലും കത്തോലിക്കാ വിശ്വാസത്തിലും മാതാപിതാക്കന്മാര്‍ എത്ര മാത്രം ശ്രദ്ധ ചെലുത്തുന്നുണ്ട്. അവരുടെ ആത്മരക്ഷയിലുള്ള ഉത്തരവാദിത്വം വിസ്മരിക്കരുത്.

പ്രാര്‍ത്ഥന.
മൂശയുടെ നിയമങ്ങള്‍ക്ക് വിധേയമായി ഞങ്ങള്‍ക്ക് നിയമാനുഷ്ഠാനത്തിന് മാതൃക നല്കിയ പരിശുദ്ധ കന്യകയെ, ദൈവീക നിയമങ്ങളും സഭയുടെ നിയമങ്ങളും അന്യൂനം പാലിക്കുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്ക് നല്കണമേ. അങ്ങേ ദിവ്യകുമാരനെ ദേവാലയത്തില്‍ കാഴ്ചവെച്ചു കൊണ്ട് ലോക രക്ഷയ്ക്കായി അങ്ങേ പുത്രന് സമര്‍പ്പിക്കുന്നതിനുള്ള സന്നദ്ധത പ്രകടമാക്കി. ദിവ്യ മാതാവേ, ഞങ്ങള്‍ അങ്ങേ ദിവ്യസുതനേയും അങ്ങയേയും സ്‌നേഹിച്ചു കൊണ്ട് വിശ്വസ്തതാപുര്‍വ്വം ജീവിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. ഞങ്ങള്‍ മഹാമനസ്‌കതയും സ്‌നേഹവുമുള്ളവരായി തീരുന്നതിന് അങ്ങേ മാതൃക പ്രചോദനമരുളട്ടെ.

സുകൃതജപം.
മറിയമേ സ്വസ്തി! നാഥേ സ്വസ്തി! സമുദ്ര താരമേ സ്വസ്തി!