മസാല ബോണ്ട് വിറ്റഴിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരും കിഫ്ബിയും ഇതുവരെ രണ്ടു കോടി 29 ലക്ഷം രൂപ ചെലവിട്ടതായി ധനവകുപ്പ്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓപ്പണ്‍ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തില്‍ 16ലക്ഷത്തിലേറെ രൂപ ചെലവായി. ബോണ്ടുകള്‍ വിറ്റഴിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക് ഫീസ് ഇനത്തില്‍ ഒരു കോടി 83 ലക്ഷം രൂപ ചെലവിട്ടതായും ധനവകുപ്പ് വ്യക്തമാക്കി.

ലണ്ടന്‍, സിങ്കപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിറ്റഴിക്കാനായി ചെലവിട്ട തുകയുടെ വിശദാംശങ്ങളാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ധനവകുപ്പ് നല്‍കിയത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ക്ഷണമനുസരിച്ച് ‘റിങ് ദ ബെല്‍’ ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തില്‍ കിഫ്ബി 12,98,243 രൂപയാണ് ചെലവിട്ടത്.

ഇതേ ആവശ്യത്തിനായി സര്‍ക്കാര്‍ 3,65000 രൂപയും ചെലവിട്ടു. ആകെ ചെലവായത് 16,63,243 രൂപ. മസാല ബോണ്ട് വില്‍പനയ്ക്കായി ബാങ്കുകള്‍ക്കും അനുബന്ധ ഏജന്‍സികള്‍ക്കും ഫീസായി നല്‍കിയത് 1,65,68,330 രൂപ, ആക്സിസ് ബാങ്ക്,ഡിഎല്‍എ പിപ്പര്‍ യു കെ എന്നീ കമ്പനികള്‍ക്കാണ് മസാല ബോണ്ട് വില്‍പന നടത്തിയ ഇനത്തില്‍ ഏറ്റവുമധികം കമ്മീഷന്‍ നല്‍കിയത്.

ഈ കമ്പനികള്‍ വഴിയാണ് ഏറ്റവുമധികം മസാല ബോണ്ടുകള്‍ വില്‍പന നടത്തിയതെന്ന് കിഫ്ബി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ എത്ര കമ്പനികളാണ് കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയതെന്നോ നിക്ഷേപകര്‍ ആരെല്ലാമെന്നോ സര്‍ക്കാരോ കിഫ്ബിയോ വ്യക്തമാക്കിയിട്ടില്ല. മസാല ബോണ്ടുകള്‍ വഴി ഇതുവരെ 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്.