ജോജി തോമസ്‌
മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത വളരെ പ്രശസ്തമാണ്. ചായപ്പാീടികയും നാല്‍ക്കവലകളും നാലാള്‍ കൂടുന്ന ഏതു സ്ഥലവും നമുക്ക രാഷ്ട്രീയ സംവാദത്തിനുള്ള വേദികളാണ്. ലോക രാഷ്ട്രീയം മുതല്‍ പ്രാദേശികമായുള്ള ചെറിയ ചെറിയ സംഭവങ്ങളില്‍ വരെ ഒല്‍ഞ്ഞിരിക്കുന്ന രാഷ്ര്ര്ടീയ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളേക്കുറിച്ചുള്ള ഒരു സാമാന്യബോധം മലയാളിക്കുണ്ട്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വേദിയാകുന്നത് പ്രധാനമായും കുട്ടികളെ സ്‌കൂളില്‍ വിടുന്നതും തിരികെ കൂട്ടിക്കൊണ്ടു വരുന്നതുമായ സന്ദര്‍ഭങ്ങളിലാണ്. പക്ഷേ നമ്മുടെ രാഷ്ട്രീയ സംവാദങ്ങളില്‍ കടന്നു വരുന്ന വിഷയങ്ങളില്‍ കൂടുതലും ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ രാഷ്ട്രീയമാണ്.

ഈ രാഷ്ട്രീയ സംഭവവികാസങ്ങളാകട്ടെ പ്രവാസികളുടെ ജീവിതത്തെ പ്രത്യേകിച്ച് പാശ്ചാത്യ നാടുകളിലേക്ക് കുടിയേറിയവരുടെ ജീവിതത്തെ പ്രത്യക്ഷമായോ പരോക്ഷമായോ വളരെക്കുറച്ച് മാത്രം സ്വാധീനിക്കുന്നതുമാണ്. മലയാളി സ്വന്തം നാട്ടില്‍ ആയിരിക്കുമ്പോള്‍ രാഷ്ട്രീയ സംവാദങ്ങളില്‍ മാത്രമല്ല, നമ്മുടെ ഭാഗധേയം നിര്‍ണയിക്കുന്ന ഇലക്ഷന്‍ പ്രക്രിയ ഒക്കെ ഉള്‍പ്പെടുന്ന ജനാധിപത്യ വ്യവസ്ഥയില്‍ അത്യാവശ്യം വേണ്ട രാഷ്ട്രീയ പ്രവര്‍ത്തനമൊക്കെ ഇടപെടലുകള്‍ നടത്താറുണ്ട്. പക്ഷേ മലയാളി പ്രവാസി മലയാളി ആയിക്കഴിയുമ്പോള്‍ കുടിയേറിയ രാജ്യത്തെ വിധി നിര്‍ണായകമായ പല രാഷ്ട്രീയ പ്രശ്‌നങ്ങളോടും പുറംതിരിഞ്ഞ് നില്‍ക്കുകയും കേരളത്തിലെ വിഴുപ്പലക്കല്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുകയും ചെയ്യുന്ന നിര്‍ഭാഗ്യകരമായ ഒരു സാഹചര്യം ചില സന്ദര്‍ഭങ്ങളില്‍ ഉരുത്തിരിഞ്ഞ് വരുന്നുണ്ട്.

പ്രശസ്ത രാഷ്ട്രീയ ചിന്തകനായ ഹരോള്‍ഡ് ലാസ്‌കി പറയുന്നുണ്ട് ഒരു രാഷ്ട്രത്തിന്റെ ഭാഗഭാക്കായി നാം വര്‍ത്തിക്കുമ്പോഴുളള അവസ്ഥയെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് പറയുന്നത്. ഒരു രാഷ്ട്രത്തിന്റെ ഭാഗഭാക്കായി നമ്മള്‍ പ്രവര്‍ത്തിക്കുമ്പോള്‍, ജീവിക്കുമ്പോള്‍, നാം നമ്മുടെ വോട്ടവകാശം വിനിയോഗിക്കുമ്പോള്‍ എല്ലാം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാകുകയാണ്. കുടിയേറ്റ സമൂഹത്തില്‍ ഭൂരിപക്ഷവും കുടിയേറിയ രാജ്യങ്ങളിലെ പൗരത്വം വരെ സ്വീകരിച്ചെങ്കിലും മുമ്പ് സൂചിപ്പിച്ചതുപോലെ ഒരു രാഷ്ട്രത്തിന്റെ ഭാഗഭാക്കായി ജീവിക്കുന്ന പ്രക്രിയയില്‍ നാം എത്രമാത്രം പുരോഗമിച്ചിരിക്കുന്നു എന്നത് ഒരു ചോദ്യ ചിഹ്നം ആണ്.

നമ്മള്‍ എല്ലാം പാശ്ചാത്യ സമൂഹത്തെ കണ്ട് പഠിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷ് സമൂഹത്തെ മാതൃകയാക്കണമെന്ന് പറയുന്ന, നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഭാഷയെയും ഒരു പുച്ഛത്തോടെ കാണുന്ന പ്രവാസി മലയാളികളുടെ ഇടയിലുളള പരിഷ്‌കൃത വാദികളും ഈയൊരു കാര്യത്തില്‍ വ്യത്യസ്തമായ സമീപനമല്ല പിന്തുടരുന്നത്. നമ്മള്‍ ജീവിക്കുന്ന രാജ്യത്തെ ജനാധിപത്യ പ്രക്രിയയോടെ മൗനവും നിസംഗതയും വച്ച് പുലര്‍ത്തിയാല്‍ നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ അത് വിഘാതമായിത്തീരും. ഈയൊരു സാഹചര്യത്തില്‍ 2016 മെയ് ജൂണ്‍ മാസങ്ങളില്‍ ബ്രിട്ടനില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഹിതപരിശോധന നമ്മളെ ഓരോരുത്തരെയും സംബന്ധിച്ച് നിര്‍ണായകമാണ്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ വേണ്ടയോ എന്ന ചോദ്യം മലയാളിയെ സംബന്ധിച്ചിടത്തോളം വളരെയധികം ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. കാരണം നമ്മുടെ മനസിലേക്കും ആദ്യം വരുന്നത് 2004ന് മുമ്പ് എവിടെ തിരിഞ്ഞാലും ധാരാളം തൊഴിലവസരങ്ങള്‍ കാലഘട്ടം ആയിരിക്കും. യൂറോപ്പിനുളളില്‍ മനുഷ്യവിഭവശേഷിയുടെ നിയന്ത്രണങ്ങളില്ലാത്ത നീക്കം സാധ്യമായതിന് ശേഷം മലയാളിക്ക് തൊഴില്‍ താത്പര്യങ്ങളുളള പല മേഖലകളിലും നമുക്ക് തിരിച്ചടിയുണ്ടായിട്ടുണ്ടെന്നുളളത് ഒരു വസ്തുതയാണ്.

റഫറണ്ടത്തില്‍ നമ്മള്‍ രേഖപ്പെടുത്തുന്ന വോട്ട് അന്തിമമായിരിക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറാനാണ് ജനങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ ആ തീരുമാനം അന്തിമമായിരിക്കും. വീണ്ടും ഒരു തിരിച്ച് പോക്ക് സാധ്യമല്ലാത്ത ഒരു പിന്‍മാറ്റമായിരിക്കുമത്. റഫറണ്ടത്തില്‍ ബ്രിട്ടന്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്ന ചോദ്യം Should the united kingdom remain a member of European Union or leave the European Union എന്നതാണ്. കഴിഞ്ഞ ജനറല്‍ ഇലക്ഷന് മുന്നോടിയായി നടന്ന ക്യാംപെയിനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദിഷ്ട റഫറണ്ടം നടക്കുന്നത്.

ഇരുപത്തെട്ട് രാഷ്ട്രങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക കൂട്ടായ്മയാണ് യൂറോപ്യന്‍ യൂണിയന്‍ എന്നറിയപ്പെടുന്നത്. യൂറോപ്യന്‍ യൂണിയന്‍ എന്ന ആശയവും അതിന്റെ ഉത്ഭവവും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഉണ്ടായത്. സാമ്പത്തികമായും രാഷ്ട്രീയമായും ബന്ധങ്ങള്‍ ഉളള രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തിലേര്‍പ്പെടാനുളള സാധ്യത കുറവാണ്. എന്ന ആശയത്തില്‍ നിന്നാണ് യൂറോപ്യന്‍ യൂണിയന്‍ എന്ന സങ്കല്‍പ്പത്തിന്റെ ഉത്ഭവം. യൂറോപ്യന്‍ യൂണിയനിലുളള പത്തൊമ്പത് രാജ്യങ്ങള്‍ പൊതുകറന്‍സിയാണ് ഉപയോഗിക്കുന്നത്. യൂറോപ്യന്‍ യൂണിയന് സ്വന്തമായി പാര്‍ലമെന്റും പരിസ്ഥിതി, ട്രാന്‍സ്‌പോര്‍ട്ട്, ഉപഭോക്തൃ അവകാശങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വിപുലമായ അധികാരങ്ങളുമുണ്ട്. യൂണിയനിലെ അംഗരാജ്യങ്ങള്‍ക്കിടയിലുളള മനുഷ്യവിഭവശേഷിയുടെ സുഗമവും നിയന്ത്രണങ്ങളില്ലാത്തതുമായ നീക്കവും ലഭ്യതയുമാണ് യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും വലിയ പ്രത്യേകത.

ലേബര്‍ പാര്‍ട്ടിയുടെയും ലിബറല്‍ ഡെമോക്രാറ്റുകളുടെയും പ്രഖ്യാപിത നിലപാട് ബ്രിട്ടന്റെ കയ്യില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ നിലവിലുളളതില്‍ കൂടുതല്‍ അധികാരങ്ങള്‍ കരസ്ഥമാക്കാത്തിടത്തോളം ഒരു റഫറണ്ടത്തിന്റെ ആവശ്യമില്ലെന്നതാണ്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും റഫറണ്ടത്തിന് എതിരാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നവരുടെ പ്രധാന വാദഗതികള്‍ താഴെ പറയുന്നവയാണ്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനിലെ മെമ്പര്‍ഷിപ്പ് നിലനിര്‍ത്താന്‍ വളരെയധികം പണം ചെലവഴിക്കുന്നുണ്ടെങ്കിലും തിരിച്ച് ഒരു പ്രയോജനവും ലഭിക്കുന്നില്ല.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ കുടിയേറ്റം നിയന്ത്രിക്കാന്‍ സാധിക്കും.
യൂറോപ്യന്‍ യൂണയിന്‍ തീരുമാനത്തിന് അനുസരിച്ചാണ് രാജ്യത്തിന്റെ നയപരിപാടികളും ഭാവിയും ഇരിക്കുന്നത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വാദിക്കുന്നവര്‍ക്ക് ഇതിനൊക്കെ ഫലപ്രദമായ മറുപടിയുണ്ട്. ആവശ്യസാധനങ്ങളുടെ വിലക്കയറ്റം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നത് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നത് കൊണ്ടാണെന്നാണ് അനുകൂലികള്‍ വാദിക്കുന്നത്. ബ്രിട്ടീഷ് കമ്പനികള്‍ക്ക് യൂറോപ്പ് എന്ന ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നിലേക്ക് സുഗമമായ കയറ്റുമതി സാധ്യമാകും. നിലവില്‍ ബ്രിട്ടനിലെ പത്തിലൊന്ന് തൊഴിലവസരങ്ഹളും യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായുളള വ്യാപാരത്തില്‍ അധിഷ്ഠിതമാണ്. ബ്രിട്ടീഷ് കമ്പനികള്‍ക്ക് മികച്ചതും ചെലവുകുറഞ്ഞതുമായ മനുഷ്യവിഭവശേഷിയുടെ ലഭ്യതയും യൂറോപ്യന്‍ യൂണിയനിലെ അംഗത്വം മൂലമാണ് ലഭിക്കുന്നത് തുടങ്ങിയവയാണ് യൂറോപ്യന്‍ യൂണിയനെ അനുകൂലിക്കുന്നവര്‍ നിരത്തുന്ന വാദമുഖങ്ങള്‍. ഇതിനൊക്കെ പുറമെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ അത് ബ്രിട്ടന്റെ പ്രതിച്ഛായയെ ആഗോളതലത്തില്‍ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

നമ്മള്‍ കുടിയേറിയ രാജ്യത്തിന്റെ താത്പര്യങ്ങളും നമ്മുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു തീരമാനമെടുത്ത് ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാന്‍ മലയാളി സമൂഹം മുന്നോട്ട് വരേണ്ടതുണ്ട്. ഒത്തൊരുമയോടെ നിന്നാല്‍ മലയാളികള്‍ക്ക് നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശേഷിയുളള ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുന്ന ഒരു സമ്മര്‍ദ്ദഗ്രൂപ്പാകാന്‍ സാധിക്കും. അത്തരത്തില്‍ രാഷ്ട്രീയ ഉള്‍ക്കാഴ്ചയുളള പ്രവര്‍ത്തനങ്ങളും സമീപനങ്ങളുമാകട്ടെ നാളെ പ്രവാസി മലയാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

jojyവേക്ക്ഫീല്‍ഡില്‍ താമസിക്കുന്ന ജോജി തോമസ്‌ മലയാളം യുകെ ന്യൂസ് ടീം മെമ്പറും, ആനുകാലിക സംഭവങ്ങള്‍ നിരീക്ഷിച്ച് പൊതു ജനങ്ങളുടെ മുന്‍പിലേക്ക് എത്തിക്കുന്ന സാമൂഹ്യ നിരീക്ഷകനുമാണ്. ജോജി തോമസ് എല്ലാ മാസാന്ത്യങ്ങളിലും മലയാളം യുകെയില്‍ മാസാന്ത്യാവലോകനം എന്ന പംക്തി കൈകാര്യം ചെയ്തു വരുന്നു.