ജോജി തോമസ്

ഒരമ്മയുടെ സ്‌നേഹവും കരുതലും ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണ നേതൃത്വത്തില്‍ നിന്ന് ഓരോ മലയാളിക്കും അനുഭവപ്പെടേണ്ട സാഹചര്യത്തില്‍ എങ്ങും സംശയത്തിന്റെയും അസംതൃപ്തിയുടെയും വികാരമാണ്. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു ദുരന്തത്തെ നെഞ്ചുറപ്പോടെ നേരിടാന്‍ മലയാളികള്‍ക്കായെങ്കിലും അതിനു ശേഷമുണ്ടായ പല വിവാദങ്ങളും ഒഴിവാക്കാന്‍ സാധിക്കുന്നതായിരുന്നു. ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയേക്കുറിച്ച് വാദപ്രതിവാദങ്ങള്‍ സ്വാഭാവികമാണെങ്കിലും കേരളം നേരിട്ട വെള്ളപ്പൊക്കക്കെടുതിക്കു ശേഷം കേന്ദ്ര ഗവണ്‍മെന്റ് കേരളത്തോട് നീതികേട് കാണിച്ചു എന്നതാണ് പൊതുവികാരം. കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുള്ള സാമ്പത്തിക പിന്തുണയുടെ കാര്യത്തിലും വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലുമെല്ലാം ഒരമ്മയുടെ സ്‌നേഹത്തിലുപരിയായി ചിറ്റമ്മനയമാണ് പ്രളയാനന്തര കേരളത്തിലെ ജനത കണ്ടത്. പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും പ്രകൃതിക്ഷോഭത്തെ നേരിട്ടപ്പോള്‍ കിട്ടിയ പരിഗണനയല്ല കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ലഭിച്ചത്.

സാമ്പത്തികവും രാഷ്ട്രീയവും ഭാഷാപരവുമായ അവഗണനയെക്കുറിച്ച് വിന്ധ്യപര്‍വതത്തിന് ഇപ്പുറത്തുള്ള ജനതയുടെ പരാതിക്ക് സ്വാതന്ത്ര്യാനന്തര ഭാരതത്തോളം പഴക്കമുണ്ട്. പലപ്പോഴും ഡല്‍ഹി ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍ചേരിയിലുള്ള പാര്‍ട്ടികള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണം നടത്തിയത് ഈ പരാതിക്ക് ആക്കം വര്‍ദ്ധിപ്പിച്ചു. ഡല്‍ഹി ഭരിക്കുന്ന രാഷ്ട്രീയകക്ഷികളുമായുള്ള ഈ വിയോജിപ്പ് കാരണം 356-ാം വകുപ്പു പ്രകാരം പിരിച്ചുവിട്ട സംസ്ഥാന ഗവണ്‍മെന്റുകളില്‍ കൂടുതലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായികരുന്നു. ഇന്ത്യയില്‍ ആദ്യമായി 356-ാം വകുപ്പ് ഉപയോഗിച്ച് ഒരു സംസ്ഥാന ഗവണ്‍മെന്റിനെ പിരിച്ചുവിടുന്നതുതന്നെ 1959 ജൂലൈ 31ന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ ആയിരുന്നു. കേരളത്തിന് എക്കാലവും കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം അര്‍ഹിക്കുന്നതില്‍ കുറവായിരുന്നു. രണ്ടാം യുപിഎ മന്ത്രിസഭ മാത്രമാണ് ഇതിന് ഒരു അപവാദം. 1990കള്‍ വരെ കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് ക്യാബിനറ്റ് റാങ്കുള്ള ഒരു മന്ത്രിയെ ലഭിക്കുന്നത് വലിയ സംഭവമായി കരുതിയിരുന്നു.

സാമ്പത്തികവും ഭാഷാപരവുമായ വിവേചനം ഇതിലും ഉപരിയാണ്. ഹിന്ദിയിതര ഭാഷകളോടും ദക്ഷിണേന്ത്യന്‍ ഭാഷകളോടും പരമ്പരാഗതമായി തുടരുന്ന ഈ വിവേചനം ഇന്നും തുടരുന്നു. കേരളം പോലെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര ഖജനാവിലേക്ക് നല്‍കുന്നത് വളരെ വലുതും നോര്‍ത്തിന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കൂടുതലും ആണെങ്കിലും പദ്ധതി വിഹിതം നിശ്ചയിക്കുമ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക വകയിരുത്തുമ്പോഴും കേരളത്തിന് ഈ പരിഗണന ലഭിക്കാറില്ല. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ നാല് ശതമാനത്തില്‍ താഴെ മാത്രം വരുന്ന കേരളീയരാണ് നാണ്യവിഭവങ്ങളുടെ കയറ്റുമതിയിലൂടെയും വിദേശ മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിലൂടെയും രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ ശേഖരത്തിന്റെ മുപ്പത് ശതമാനത്തിലധികം സംഭാവന ചെയ്യുന്നത്. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്ന് മൂലധന നിക്ഷേപത്തിന്റെ ഒരൊഴുക്കുതന്നെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് ഉണ്ടാകുന്നതായി കാണാന്‍ സാധിക്കും. പൊതുമേഖലാ ബാങ്കുകളിലെ മലയാളികളുടെ നിക്ഷേപത്തിന്റെ വളരെക്കുറഞ്ഞ അനുപാതമേ കേരളത്തില്‍ വായ്പയായി വിതരണം ചെയ്യപ്പെടുന്നുള്ളു. സംസ്ഥാന വികസനത്തിനാവശ്യമായ പദ്ധതികള്‍ക്കായി ഡല്‍ഹിയിലെ മേലാളന്‍മാരുടെ മുന്നില്‍ കാത്തു നില്‍ക്കുക മാത്രമല്ല, പലപ്പോഴും കേരളത്തിന് അനുവദിച്ച പദ്ധതികളും സംരംഭങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്ക് വഴിമാറിപ്പോയ ചരിത്രവുമുണ്ട്. ദക്ഷിണേന്ത്യക്കാരുടെ പ്രധാന ആഹാരമായ അരിയോടു പോലുമുണ്ട് ഈ വിവേചനം. ഗോതമ്പിന് എന്നും കൂടിയ സംഭരണ വില ലഭിക്കുകയും കൂടിയ തോതില്‍ സംഭരിക്കപ്പെടുകയും ചെയ്യുന്നു. റെയില്‍വേയുടെ കാര്യത്തിലും കേരളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാന സര്‍വീസുകളിലുമെല്ലാം ഈ വിവേചനമുണ്ട്. ഗള്‍ഫിനോട് കൂടുതല്‍ അടുത്തു കിടക്കുന്നത് കേരളമാണ്. പക്ഷേ, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ ടിക്കറ്റ് ചാര്‍ജ് കേരളത്തില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ നല്‍കേണ്ടി വരുന്നത് മലയാളിയുടെ പോക്കറ്റടിക്കുന്നതിന് ഉദാഹരണമാണ്.

നമ്മള്‍ മലയാളികള്‍ പൊതുവേ മദ്രാസികള്‍ എന്നാണ് നോര്‍ത്തില്‍ അറിയപ്പെടുന്നത്. എന്നാല്‍ മറ്റ് മദ്രാസികള്‍ക്ക് ലഭിക്കുന്ന പരിഗണന പോലും കേരളത്തിന് ലഭിക്കാറില്ല. ആനുകാലിക രാഷ്ട്രീയത്തിന്റെ വെളിച്ചത്തില്‍ ഈ അവഗണനയും പ്രതികാര മേേനാഭാവവും കൂടിവരികയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഒരു തലത്തിലും സ്വാധീനം ഉറപ്പിക്കാന്‍ സാധിക്കാത്ത സംസ്ഥാനമാണ് കേരളമെന്ന തിരിച്ചറിവാണ് പ്രതികാരബുദ്ധിയോടെയുള്ള ഈ അവഗണനയുടെ പ്രധാന കാരണം. പ്രകൃതിക്ഷോഭത്തില്‍പ്പെട്ട കേരളത്തോടുള്ള കേന്ദ്ര സമീപനം വിവേചനം അതിന്റെ പാരമ്യത്തിലെത്തിയതിന്റെ തെളിവാണ്. കേന്ദ്ര സംസ്ഥാന ബന്ധം പലപ്പോഴും കൊള്ളപ്പലിശക്കാരനും കടക്കാരനും തമ്മിലുള്ളതായി മാറി. അല്ലെങ്കില്‍ ദുരിതാശ്വാസമായി അനുവദിച്ച പരിമിതമായ സാമ്പത്തിക സഹായത്തില്‍ നിന്ന് അരിമേടിച്ച് തുക കുറയ്ക്കാന്‍ മുതിരില്ലായിരുന്നു.

പ്രളയ ദുരിതത്തില്‍പ്പെട്ട് നാല്‍പതിനായിരം കോടിയോളം നഷ്ടം സംഭവിച്ച കേരളത്തിന് ഒരു റാഫേല്‍ യുദ്ധവിമാനത്തിന് നല്‍കിയ തുകയെങ്കിലും സഹായമായി നല്‍കാമായിരുന്നു. അംബാനിക്കോ അദാനിക്കോ ആണ് ഇങ്ങനെയൊരു ദുരിതം സംഭവിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഇതിലേറെ നോവുമായിരുന്നു. സാമ്പത്തിക സഹായത്തേക്കാള്‍ ഉപരി കേരള ജനതയോടുള്ള കരുതലും സ്‌നേഹവും തെളിയിക്കപ്പെടേണ്ട അവസരമായിരുന്നു പ്രളയദുരിതം. കാരണം ഇന്ത്യയുടെ പുരോഗതിക്ക് മലയാളി നല്‍കിയ സംഭാവനകള്‍ വലുതാണ്. കേരളത്തിനുള്ള പദ്ധതി വിഹിതം കുറയാന്‍ കണ്ടെത്തുന്ന ന്യായീകരണം മലയാളിയുടെ ഉയര്‍ന്ന ജീവിതനിലവാരമാണ്. പക്ഷേ കേരളം ഇന്ന് ആര്‍ജ്ജിച്ച ഉയര്‍ന്ന ജീവിതനിലവാരം മലയാളിയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. നാടും വീടും ഉപേക്ഷിച്ച് അന്യനാട്ടില്‍ പോയി വിയര്‍പ്പൊഴുക്കിയും വിദ്യാഭ്യാസരംഗത്ത് കാര്യക്ഷമമായി പ്രവര്‍ത്തിച്ചതില്‍ നിന്നും മലയാളി നേടിയെടുത്തതാണ് ഇപ്പോഴത്തെ പുരോഗതി. ദുരിത സമയത്ത് കേന്ദ്രത്തിലെ ദാദാമാര്‍ സഹായത്തിനെത്തിയില്ലെങ്കിലും മലയാളികള്‍ ഒരു പുതിയ കേരളം ഇതിലും മനോഹരമായി പടുത്തുയര്‍ത്തും. കാരണം മലയാളികള്‍ എന്നും അദ്ധ്വാനിക്കാന്‍ മനസുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമാണ്. അതുകൊണ്ടാണ് പല നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനതയ്ക്കും കേരളം ഗള്‍ഫ് ആയത്.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.