ജോജി തോമസ്.

അടുത്തയിടെ നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിൻ ഒരു പുതുയുഗപ്പിറവിക്ക്‌ നാന്ദിയാവേണ്ടതാണ് കാരണം വർഗീയതയും, പ്രാദേശിക വാദങ്ങളും, ജാതി സമവാക്യങ്ങളും ദീർഘനാളായി ഫലം നിർണയിച്ചിരുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ വികസന അജണ്ട പ്രധാന തെരഞ്ഞെടുപ്പ് വിഷയമായത്‌ എന്തുകൊണ്ടു പുരോഗമനപരമാണ്. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി ഡൽഹിയിൽ നടന്ന വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് 70 നിയമസഭാ മണ്ഡലങ്ങളിൽ 60 നേടി വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ തിരിച്ചെത്താൻ കാരണമായത്.

സേവനം അവകാശമാക്കിയ ആം ആദ്മി പാർട്ടിയുടെ സർക്കാർ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ വൻ പുരോഗതിയാണ് രാജ്യതലസ്ഥാനമായ ഡൽഹിയേ നയിച്ചത്. സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കിയ കേജ്രിവാളിന്റെ നിശ്ചയദാർഢ്യം ഒരു അഴിമതി രഹിത ഭരണം ഇന്ത്യയിൽ സാധ്യമാക്കാൻ കഴിയുമെന്ന് രാജ്യത്തിന് കാട്ടിക്കൊടുത്തു.

അടുത്തകാലത്തായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നൽകാനുള്ളത് വികസനത്തിന്റെ സന്ദേശമല്ല മറിച്ച് വെറുപ്പിന്റെയും, ഭിന്നിപ്പിന്റെയുമാണ്. അതുകൊണ്ടു തന്നെയാണ് ഡൽഹി നിയമസഭയിലേക്ക് വികസനവും, അഴിമതിരഹിത ഭരണവും വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിട്ട കെജ് രിവാളും കൂട്ടരും വ്യത്യസ്തരാകുന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനിടയിൽ വിഭാഗീയത ആളിക്കത്തിച്ചും, രാമക്ഷേത്ര നിർമാണത്തിനുള്ള ഓർഡിനൻസ് പാസാക്കിയും ഭൂരിപക്ഷ സമുദായത്തെ കു‌ടെ നിർത്താൻ ശ്രമിച്ച പ്രധാന എതിരാളികളായ ബി.ജെ.പി ക്ക്‌ ജനങ്ങൾ നൽകിയ സന്ദേശമാണ് രാമക്ഷേത്രത്തേക്കാൾ പ്രധാനം ജനക്ഷേമം ലക്ഷ്യമാക്കിയുള്ള സദ്ഭരണമുള്ള രാമരാജ്യമാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന്. വരുംകാലങ്ങളിൽ വികസനവും അഴിമതിരഹിത സദഭരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക്‌ അനുകൂലമായി ജനങ്ങൾ ചിന്തിക്കാൻ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് കാരണമായാൽ അത് ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു പുതിയ യുഗപ്പിറവിക്ക്‌ കാരണമാകും.

 

 ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.