ജോജി തോമസ്

വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളാണ് കേരളത്തെ ഇന്ത്യയിലെ മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാക്കിയതും ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കാൻ പ്രാപ്തമാക്കിയതും. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളിലൂടെ മനുഷ്യവിഭവശേഷിയിലുണ്ടായ വികസനങ്ങളാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തെ ജീവിതനിലവാരത്തിലും സാമ്പത്തിക പുരോഗതിയിലും മുൻനിരയിൽ എത്തിച്ചത്. എന്നാൽ അടുത്തിടെയുണ്ടായ ചില സംഭവങ്ങൾ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നമ്മൾ കൈവരിച്ച നേട്ടങ്ങളെ ചോദ്യം ചെയ്യുന്നതും പുരോഗതിയുടെ കാലോചിതമായ മുന്നേറ്റത്തിന്റെ അഭാവം ചോദ്യം ചെയ്യുന്നതുമാണ്. മരണാസന്നരായ രോഗികൾക്ക് അടിയന്തിരചികിത്സകൾ നൽകാൻ പര്യാപ്തമല്ലാത്ത സർക്കാർ ആശുപത്രികളും, പാമ്പുകൾ മേയുന്ന സ്കൂളുകളും കേരളത്തിന്റെ വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ അപര്യാപ്തതയുടെ നേർകാഴ്ചകളായി മാറിയിരിക്കുകയാണ്. സുൽത്താൻ ബത്തേരിയിലെ സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഷഹ്‌ല ഷെറിന്റെ ദാരുണ മരണം , കേരളം വിദ്യാഭ്യാസ ആരോഗ്യമേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ പിന്നോട്ട് അടിക്കുന്നതാണ് .

ഒരു സർക്കാർ എയ്ഡഡ് സ്കൂളും കാടുപിടിച്ച പരിസരവും

സ്വകാര്യ ആശുപത്രികളിലും സ്കൂളുകളിലും പോകാൻ സാമ്പത്തികശേഷിയില്ലാത്തവരുടെ മാത്രം ആശ്രയ കേന്ദ്രമായി മാറിയിരിക്കുകയാണ് കേരളത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങൾ. ഇതിനു പ്രധാന കാരണങ്ങൾ വിഭവശേഷിയുടെ ദുരുപയോഗവും, പ്രൊഫഷണൽ മാനേജ്മെന്റിന്റെ അഭാവവുമാണ്. സർക്കാർ സംവിധാനങ്ങളിൽ ജോലി ലഭിച്ചാൽ സംഘടിത ശേഷി വർദ്ധിപ്പിക്കുന്നതിലും, ജോലി ചെയ്യാതെ ശമ്പളം മേടിക്കുന്നതിലുമാണ് എല്ലാവരുടെയും ശ്രദ്ധ. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ വികസനത്തിനായി വകയിരുത്തിയിരിക്കുന്ന ബഡ്ജറ്റ് വികിതത്തിന്റെ നല്ലൊരു ശതമാനം ഉദ്യോഗസ്ഥ രാഷ്ട്രീയനേതൃത്വങ്ങൾ തട്ടിയെടുക്കുന്നതാണ് കേരളം ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മുൻകാലങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ തുടർന്നു പോകാത്തതിന്റെ പ്രധാനകാരണം. ഇതിനു പുറമെ വിദ്യാഭ്യാസ ആരോഗ്യ മേഘലകളിലെ ബഡ്ജറ്റ് വിഹിതം ഓരോ വർഷവും കുറഞ്ഞു വരുന്നത് ആശങ്കയുളവാക്കുന്നതാണ് .

ശരിയായ രീതിയിലുള്ള മാനേജ്മെന്റും വിഭവശേഷിയുടെ ഫലപ്രദമായ വിനിയോഗവും ഉണ്ടെങ്കിൽ സർക്കാർ സ്കൂളുകളും, ആശുപത്രികളും അതതു മേഖലകളിലെ മികവിന്റെ കേന്ദ്രങ്ങളായി തീരും. സർക്കാർ സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കാത്തവർ മാത്രം സ്വകാര്യ മേഖലകളിലേയ്ക്ക് പോകുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ വളരെ വലിയ ഭരണനൈപുണ്യം ഒന്നും ആവശ്യമില്ല. ഉന്നത വിദ്യാഭ്യാസ മേഖലകളിൽ മിടുക്കരായ വിദ്യാർഥികൾ പ്രവേശനത്തിനായി പ്രഥമ പരിഗണന നൽകുക ഐഐടി പോലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണന്നത് ഇവിടെ പ്രസക്തമാണ്. ഐഐടികളുടെയും, ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ചെറിയ പതിപ്പുകൾ പ്രാദേശികതലത്തിൽ രൂപപ്പെടുത്താൻ ആവശ്യമായത് ഭരണ നേതൃത്വത്തിന്റെ ഇച്ഛാശക്തി മാത്രമാണ്.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം