അഴിമതിക്കും , വിഘടന വാദത്തിനുമെതിരെയുള്ള പോരാട്ടം തുടരട്ടെ , കേന്ദ്ര ഗവൺമെന്റിന് അഭിവാദ്യങ്ങൾ … മാസാന്ത്യവലോകനം :ജോജി തോമസ് .

by News Desk | August 31, 2019 2:50 am

ജോജി തോമസ്

അടുത്ത കാലത്തു കേന്ദ്ര ഗവൺമെന്ററിൻെറ ഭാഗത്തുനിന്നുണ്ടായ രണ്ട് നിർണ്ണായ നീക്കങ്ങൾ വളരെ ശ്രദ്ധേയമായി . ആദ്യത്തേത് ജമ്മു കാശ്മീരിൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞു കൊണ്ട് വിഘടന വാദത്തിനതിരെയുള്ള ശക്തമായ നീക്കമായിരുന്നെങ്കിൽ രണ്ടാമത്തേത് പ്രമുഖ കോൺഗ്രസ് നേതാവും യു .പി .എ ഗവൺമെന്റിൽ നിർണ്ണായ സ്ഥാനങ്ങൾ വഹിച്ചതുമായ പി . ചിദംബരത്തെ അഴിമതികേസിൽ സി .ബി .ഐ അറസ്റ്റ് ചെയ്തതുമാണ് . ഈ രണ്ടു സംഭവങ്ങളിലൂടെ രാജ്യം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളായ അഴിമതിക്കും , വിഘടനാവാദത്തിനുമെതിരെ വളരെ വ്യക്തമായ സന്ദേശമാണ് ഇന്ത്യൻ ഗവൺമെന്ററിൻെറ ഭാഗത്തുനിന്ന് ഉണ്ടായത് .

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഉണങ്ങാത്ത മുറിവാണ് കാശ്മീരിലെ വിദേശ പിന്തുണയോടുള്ള വിഘടനവാദ പ്രസ്ഥാനങ്ങൾ . കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയിൽ കാശ്മീരിലെ വിഘടന വാദപ്രസ്ഥാനങ്ങൾ  ഇന്ത്യൻ ജനതയ്ക്ക് ഉണ്ടാക്കിയ ആൾ , ധന നഷ്ടത്തിൻെറ കണക്ക് അതിഭീകരമാണ് .ജമ്മു കാശ്മീർ നയത്തിൽ കാലാകാലങ്ങളായുള്ള സർക്കാരുകൾ ഇരുട്ടിൽ തപ്പുന്ന പ്രതീതിയാണ് ഉണ്ടായിരുന്നത് .എന്നാൽ അടുത്തയിടെ ഉണ്ടായ കേന്ദ്ര സർക്കാർ നടപടി കാശ്മീർ നയത്തിൽ വ്യക്തമായ ദിശാബോധം നൽകുന്നതും കാശ്മീരിലെ വിഘടനവാദത്തോടുള്ള പ്രീണനനയം അവസാനിപ്പിക്കുന്നതുമാണ് . ഭരണഘടനയുടെ 370 -)o വകുപ്പ് റദ്ദാക്കി ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞതിലൂടെ ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാവ്യവസ്ഥകളും ജമ്മു കശ്‌മീരിനും ബാധകമാകും . ജമ്മു കാശ്മീരിനെ ലഡാക്ക് ,കാശ്മീർ എന്നായി വിഭജിച്ച കേന്ദ്ര സർക്കാർ ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമായി മാറ്റുകയും ചെയ്തു .1950 -ൽ ഭരണഘടന നിലവിൽ വന്നതു മുതൽ ജമ്മു കാശ്മീരിന് പ്രത്യേക പദവി ലഭ്യമായിരുന്നു .ഭരണഘടനാ അസംബ്ലിയുടെ കാലാവധി 6 വർഷം , കാശ്മീരിനു പുറത്തുള്ള ഇന്ത്യക്കാർക്ക് സ്ഥാവര ജംഗമവസ്തുക്കൾ കാശ്മീരിൽ വാങ്ങാൻ സാധിക്കാത്ത സാഹചര്യമെല്ലാം ഭരണഘടനയുടെ 370 -)o വകുപ്പ് റദ്ദാക്കിയതിലൂടെ ഇല്ലാതാകും .ഇന്ത്യൻ പീനൽ കോഡിനു പകരം രൺബീർ സിങ്ങ് രാജാവിൻെറ കാലത്തേ രൺബീർ പീനൽകോഡ്‌ ആയിരുന്നു കാശ്മീരിൽ നിലവിൽ ഉണ്ടായിരുന്നത് .

കാശ്മീർ നയത്തിലുള്ളതു പോലെ തന്നെ കേന്ദ്ര സർക്കാരിൻെറ ഭാഗത്തുനിന്ന് ഉണ്ടായ ശ്രദ്ധേയമായ നീക്കമാണ് കടുത്ത അഴിമതി ആരോപണം നേരിടുന്ന പി . ചിദംബരത്തിൻെറ അറസ്റ്റിലൂടെ ഉണ്ടായത് .കേന്ദ്ര ഗവൺമെന്ററിൽ യു . പി . എ ഭരണകാലത്ത് ധനകാര്യ ആഭ്യന്തര വകുപ്പുകൾ കൈയ്യാളിയിരുന്ന ചിദംബരത്തിൻെറ അറസ്റ്റ് അഴിമതിക്കെതിരെയുള്ള പോരാട്ടമായി മാറണമെങ്കിൽ മോദി ഗവൺമെന്റ് വളരെയധികം മുന്നോട്ട്പോകേണ്ടിയിരിക്കുന്നു . സമൂഹത്തിൻെറയും ഭരണത്തിൻെറയും താഴെത്തട്ടിൽ നിന്ന് ഉന്നതങ്ങളിൽ വരെ വ്യാപിച്ചിരിക്കുന്ന അഴിമതി ഇല്ലാതാക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടാകണം . കഴിഞ്ഞ കാലഘട്ടങ്ങളിൽ ഉണ്ടായ വിവിധ അഴിമതി ആരോപണങ്ങളുടെ മേൽ ശക്തമായ നടപടികൾ ആവശ്യമാണ് .അല്ലെങ്കിൽ ചിദംബരത്തിനെതിരായ നടപടികൾ രാഷ്ട്രീയ പക പോക്കലിനപ്പുറം മറ്റൊരു സന്ദേശവും സമൂഹത്തിന് നൽകില്ല .

അഴിമതിയും , വിഘടനവാദവുമാണ് ദശകങ്ങളായി ഇന്ത്യയുടെ പുരോഗതിയേ പിന്നോട്ടടിക്കുന്ന പ്രധാന ഘടകങ്ങൾ . ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിധത്തിലാണ് അഴിമതിയുടെയും , വിഘടനവാദത്തിൻെറയും വളർച്ച .കേരളം കണ്ട മഹാപ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് സർക്കാരിൽ നിന്ന് അനുവദിച്ച സഹായധനം കിട്ടുന്നതിനു പോലും ഉദ്യോഗവൃന്ദത്തിന് പടി കൊടുക്കേണ്ട അവസ്ഥയിലേയ്ക്ക് എത്തി നിൽക്കുന്നു അഴിമതിയുടെ ഭീകരത .അതുകൊണ്ടു തന്നെ അഴിമതിയുടെയും വിഘടന വാദത്തിൻെറയും ഭീകരത തിരിച്ചറിഞ്ഞ് ഇന്ത്യൻ ജനത ഒന്നിച്ചു നിൽക്കേണ്ട അവസരമാണിത് .

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

Endnotes:
  1. ഇത് പൗരാവകാശത്തിൻെറ കഴുത്തറക്കൽ :മാസാന്ത്യവലോകനം… ജോജി തോമസ്: http://malayalamuk.com/masandhyavalokanam-ithu-pouravakashathinte-kazhutharakkal-by-joji-thomas/
  2. മലയാളികളുടേത് ഉൾപ്പെടെ യുകെയിലെ ആയിരക്കണക്കിന് തൊഴിൽസാധ്യതകൾ അനിശ്ചിതത്വത്തിൽ. മൂലധന നേട്ടനികുതി ഒഴിവാക്കി പ്രവാസികളെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. നഴ്സിംഗ് ഹോമുകളിൽ മാത്രം നഷ്ടമാകുന്നത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ. മാസാന്ത്യവലോകനം : ജോജി തോമസ്: http://malayalamuk.com/masandhyavalokanam-may-2020/
  3. ഫെഡറലിസത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിച്ച് കെജ്‌രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീര്‍ത്തത് അനുകരണീയമായ പ്രതിരോധം: http://malayalamuk.com/aap-sit-in-protest-at-lg-residence-maasadhya-avalokanam-joji-thomas/
  4. ഞങ്ങളും ഇന്ത്യാക്കാരാണ്, ഞങ്ങള്‍ക്കും ജീവിക്കണം; മലയാളി ഈ വിവേചനത്തിനു മുന്നില്‍ തോല്‍ക്കില്ല; മാസാന്ത്യാവലോകനം: http://malayalamuk.com/masandhya-avalokanam-joji-thomas-kerala-flood-151392-2/
  5. കേരളത്തിന്റെ മാനസികാരോഗ്യം വഴിതെറ്റുന്നുവോ? കൂടത്തായിയും, പ്രണയ പകകളും മലയാളിയോട് പറയുന്നതെന്ത്. മാസാന്ത്യവലോകനം : ജോജി തോമസ്‌.: http://malayalamuk.com/masandhyavalokanam-by-joji-thomas-october-2019/
  6. കോവിഡാനന്തര പ്രവാസജീവിതം നേരിടുന്ന വെല്ലുവിളികൾ. മാസാന്ത്യവലോകനം : ജോജി തോമസ്: http://malayalamuk.com/masandhyavalokanam-june-2020/

Source URL: http://malayalamuk.com/masandhyavalokanam-joji-thomas-august-2019/