ജോജി തോമസ്

ആധുനിക കാലഘട്ടം കോവിഡ് – 19ന് മുൻപും ശേഷവും എന്ന് വേർതിരിച്ച് നിരീക്ഷിക്കപ്പെടുമ്പോൾ യുകെ ഉൾപ്പെടെയുള്ള മലയാളികളുടെ പ്രധാന കുടിയേറ്റ മേഖലകളിൽ കനത്ത തൊഴിൽ നഷ്ടത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 25 ലക്ഷത്തോളം മലയാളികൾക്ക് ഉപജീവനമാർഗ്ഗം പ്രദാനം ചെയ്യുന്ന ഗൾഫ് മേഖലയിൽ കനത്ത തൊഴിൽ നഷ്ടവും തുടർന്നുണ്ടാകുന്ന കൂട്ട പലായനവും ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ക്രൂഡോയിലിന്റെ കനത്ത വില തകർച്ചയാണ് ഗൾഫ് മേഖലയെ പ്രതിസന്ധിയിലാക്കിയത്.

പക്ഷേ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പല വികസിത രാജ്യങ്ങളിലെയും പ്രവാസിമലയാളികളുടെ പ്രതിസന്ധി. പല തൊഴിൽ മേഖലകളിൽ നിന്നും അവസരങ്ങളിൽ കാര്യമായ കുറവാണ് വന്നിരിക്കുന്നത്. യുകെയിൽ മലയാളികളുടെ പ്രധാന തൊഴിൽ മേഖലകളിൽ ഒന്നായ നഴ്സിംഗ് ഹോമുകളിൽ നല്ലൊരു ശതമാനവും കോവിഡ് മരണങ്ങൾ മൂലം അടച്ചുപൂട്ടലിന്റെ വക്കിലാണ്. നഴ്സിംഗ് മേഖലയിലെ തൊഴിലവസരങ്ങളിലും സാരമായ കുറവിന് കെയർ ഹോം ബിസിനസിന്റെ തകർച്ച കാരണമാകും. യുകെയിലും മറ്റും തൊഴിലവസരങ്ങൾക്കായി കാത്തിരിക്കുന്ന നൂറുകണക്കിന് മലയാളി നേഴ്സുമാരുടെ പ്രതീക്ഷകൾക്കാണ് കോവിഡ് – 19 മങ്ങലേൽപ്പിച്ചിരിക്കുന്നത്. ഇതിനുപുറമേയാണ് റസ്റ്റോറന്റ്, പെട്രോൾ സ്റ്റേഷൻ തുടങ്ങിയ തൊഴിലിടങ്ങളിൽ സംഭവിക്കുവാൻ പോകുന്ന പ്രതിസന്ധി. ഈ രണ്ട് മേഖലകളും മലയാളികൾക്ക് വളരെയധികം തൊഴിലവസരങ്ങൾ നൽകിയിരുന്നതാണ്. സാമൂഹികാകലം പാലിക്കേണ്ടതിന്റെ ആവശ്യകത തുടരുന്നടത്തോളം കാലം റസ്റ്റോറന്റുകളിൽ വളരെ കുറച്ച് ഉപഭോക്താക്കളെയേ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളു.

ഇത്തരത്തിൽ തൊഴിൽ പ്രതിസന്ധി നേരിടുമ്പോൾ അതിജീവനത്തിനായിട്ട് പ്രവാസികൾക്ക് പലപ്പോഴും തങ്ങളുടെ ഇന്ത്യയിലെ സമ്പാദ്യം വിറ്റഴിക്കുകയാണ് പോംവഴി. യുകെ മലയാളികളിൽ ഭൂരിഭാഗവും തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം ഇന്ത്യയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. പ്രവാസികളുടെ അധ്വാനത്തിൽ നിന്നുണ്ടായ ഈ നിക്ഷേപങ്ങൾ രാജ്യ പുരോഗതിയെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രവാസികളെ സഹായിക്കേണ്ട കടമ മാതൃരാജ്യത്തിനുണ്ട്. പ്രവാസികളുടെ മൂലധന നേട്ട നികുതി കുറച്ചുകാലത്തേയ്ക്കെങ്കിലും ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവുകയാണെങ്കിൽ അതുകൊണ്ട് ഉണ്ടാകുന്ന ആശ്വാസം ചില്ലറയല്ല.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.