ജോജി തോമസ്

കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ചലനാത്മകമായ ഭരണം നിലവിലുണ്ടെന്ന പ്രതീതി ജനങ്ങളില്‍ ഉണ്ടാകുന്നതിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്ന് സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയാണ്. നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്ന റോഡുകള്‍ മികച്ച ഭരണത്തിന്റെ പ്രതീകമാണ്. എന്നാല്‍ സംസ്ഥാനത്തെ ഇപ്പോഴത്തെ റോഡുകളുടെ സ്ഥിതി സമീപകാല കേരള ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ്. ലോകം വളരുമ്പോള്‍, ജനങ്ങളുടെ ജീവിത നിലവാരം മുന്നോട്ട് കുതിക്കുമ്പോള്‍ പല കാര്യങ്ങളിലും യൂറോപ്യന്‍ നിലവാരം അവകാശപ്പെടുന്ന കേരള ജനതയുടെ വിധി റോഡില്‍ നിറഞ്ഞ കുണ്ടും കുഴിയും ഗര്‍ത്തങ്ങളും താണ്ടി യാത്ര ചെയ്യാനാണ്.

മണ്‍സൂണ്‍ കഴിഞ്ഞ്, ഒക്ടോബര്‍ അവസാനിച്ചെങ്കിലും ഭൂരിഭാഗം സംസ്ഥാനപാതകളുടെയും അവസ്ഥ വളരെ പരിതാപകരമാണ്. റോഡുകള്‍ നന്നാക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും ഒരു ഭാഗത്തുനിന്നും കാണാനില്ല. ശബരിമലയ്ക്കുള്ള പാതകളാണ് ഇതിനൊരു അപവാദം. കേരളത്തിലെ റോഡുകള്‍ മനുഷ്യായുസ്സിലെ നല്ലൊരു സമയം യാത്രക്കായി കവര്‍ന്നെടുക്കുക മാത്രമല്ല, മനുഷ്യ ജീവന് ഭീഷണിയുമാണ്. നിരവധി ജീവനുകളാണ് റോഡുകളുടെ ശോചനീയാവസ്ഥ നിമിത്തം വര്‍ഷം തോറും പൊലിയുന്നത്. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ വളരെ ശ്രദ്ധേയമായ സ്ഥാനമാണ് ടൂറിസത്തിനുള്ളത്. പക്ഷേ ഇത്തരത്തിലുള്ള റോഡുകള്‍ വിദേശികളായ വിനോദസഞ്ചാരികളില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ കുറിച്ചുണ്ടാക്കുന്ന പ്രതിച്ഛായ വളരെ മോശമാണ്. അഡ്വഞ്ചര്‍ ടൂറിസം പോലെ സാഹസികത ഇഷ്ടപ്പെടുന്ന ടൂറിസ്റ്റുകളേ കേരളത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ധൈര്യപ്പെടുകയുള്ളൂ.

മോശമായ റോഡുകള്‍ നിമിത്തം ഉണ്ടാകുന്ന ഇന്ധന നഷ്ടവും അന്തരീക്ഷ മലിനീകരണവും ഭീകരമാണ്. ജനങ്ങള്‍ കൂടുതല്‍ ഇന്ധനം ഉപയോഗിച്ചാല്‍ ഖജനാവ് കൂടുതല്‍ സമ്പന്നമാകുമെന്ന പ്രതീക്ഷയാണ് ഭരണ നേതൃത്വത്തിന്. വാഹനങ്ങളുടെ എണ്ണം അനിയന്ത്രിതമായി പെരുകിയതാണ് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്ക് കാരണമെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട്. പക്ഷേ വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിശീര്‍ഷ വാഹന ഉടമസ്ഥതയില്‍ ഇന്ത്യ വളരെ പിന്നിലാണ്. അമേരിക്കയില്‍ ആയിരം പേര്‍ക്ക് 900 വാഹനങ്ങളും, യൂറോപ്പില്‍ 700 വാഹനങ്ങളും ഉളപ്പോള്‍ ഇന്ത്യയില്‍ ഉള്ളത് 23 വാഹനങ്ങള്‍ മാത്രമാണ്. പുരോഗതിയിലേക്ക് കുതിക്കുന്നെന്ന് അവകാശപ്പെടുന്ന നാളുകളില്‍ ലോക സാമ്പത്തിക ശക്തിയാവാന്‍ ഒരുങ്ങുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതു കുറഞ്ഞ അനുപാതമാണെന്ന് മാത്രമല്ല സാമ്പത്തിക പുരോഗതി കൈവരിക്കുകയാണെങ്കില്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതോടെ വാഹനങ്ങളുടെ എണ്ണത്തില്‍ പല മടങ്ങ് വര്‍ദ്ധനവും ഉണ്ടാകും.

നിലവിലെ സാഹചര്യത്തില്‍ വാഹനങ്ങളുടെ എണ്ണത്തിലുള്ള ചെറിയ വര്‍ധനപോലും നമ്മുടെ ഗതാഗത സൗകര്യങ്ങള്‍ക്ക് താാങ്ങാന്‍ സാധിക്കില്ല. 6 മാസം നീണ്ടുനില്‍ക്കുന്ന കനത്ത മഴയാണ് കേരളത്തിലെ റോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ഒരു പ്രചരണമുണ്ട്. ഈ പ്രചരണത്തിനു പിന്നില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെടുന്ന ലോബിയാണ്. ഇവരാണ് സംസ്ഥാന ഖജനാവിനെ കൊള്ളയടിക്കുന്ന ഈ കഥയുടെ ഉപഭോക്താക്കള്‍. എല്ലാ വര്‍ഷവും റോഡുകള്‍ തകരുകയും വീണ്ടും പണിയുകയും ചെയ്താലേ ഇത്തരക്കാരുടെ പോക്കറ്റ് നിറയുകയുള്ളൂ. മഴയത്ത് ഒലിച്ചുപോകുന്ന ഗുണനിലവാരത്തിലാണ് സംസ്ഥാന പാതകളുടെ നിര്‍മ്മാണം നടക്കുന്നത്.

കേരള സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രി കര്‍ക്കശക്കാരനും അഴിമതി രഹിതനുമായി അറിയപ്പെടുന്ന ജി. സുധാകരനാണ്. പക്ഷേ അദ്ദേഹത്തിന്റെ ഭരണനൈപുണ്യമൊന്നും സംസ്ഥാനത്തെ റോഡുകള്‍ യഥാസമയം പരിപാലിക്കുന്ന കാര്യത്തില്‍ കാണാനില്ല. റോഡുകള്‍ പരിപാലിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനുമായി നികുതിയിനത്തില്‍ അതിഭീമമായ തുകയാണ് പൊതുജനങ്ങളില്‍ നിന്നും വാഹനയുടമകളില്‍ നിന്നുമായി സംസ്ഥാന ഖജനാവിലേയ്ക്ക് ലഭിക്കുന്നത്. നികുതി നല്‍കുന്ന പൊതുജനങ്ങള്‍ക്കും വാഹന ഉടമകള്‍ക്കും അതിനു തക്കതായ സേവനം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

ഒരു വര്‍ഷം പിന്നിട്ട പിണറായി സര്‍ക്കാര്‍ രാഷട്രീയ വിവാദങ്ങളില്‍ നിന്നും ഒഴിവായി വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്ന റോഡുകള്‍ സജീവമായ ഒരു ഭരണ നേതൃത്വമുണ്ടെന്നുള്ള പ്രതീതി ജനങ്ങളില്‍ സൃഷ്ടിക്കാന്‍ സഹായിക്കും. ഇന്ത്യന്‍ റോഡുകളിലെ 30 ശതമാനവും ഗതാഗതേതര ആവശ്യങ്ങള്‍ക്കായി ആണ് ഉപയോഗിക്കുന്നത്. അനധികൃത കയ്യേറ്റക്കാരെയും വഴിയോര കച്ചവടങ്ങളും ഒഴിവാക്കി റോഡുകള്‍ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കായി പര്യാപ്തമാക്കണം. റോഡുകള്‍ കയ്യേറി സ്മാരകങ്ങളും മറ്റും നിര്‍മ്മിച്ചിരിക്കുന്ന മതസാമുദായിക സംഘടനകള്‍ കയ്യേറ്റമൊഴിവാക്കി സമൂഹത്തിന് മാതൃക കാട്ടേണ്ടിയിരിക്കുന്നു. അപകട രഹിതവും സുരക്ഷിതവുമായ റോഡുകളാവട്ടെ ദൈവത്തിന്റെ സ്വന്തം നാടിന്റെ മുഖമുദ്ര.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.