ജോജി തോമസ്

കേന്ദ്രസര്‍ക്കാരും ബിജെപിയും എന്തൊക്കെ മറുവാദങ്ങളുമായി എത്തിയാലും കറന്‍സി നിരോധനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രേരിപ്പിച്ചത് സാമ്പത്തിക കാരണങ്ങളേക്കാള്‍ ഉപരിയായി രാഷ്ട്രീയ കാരണങ്ങളായിരുന്നു. ജനങ്ങളുടെ കയ്യടി നേടാന്‍ രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുകയാണ് നോട്ടു നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചിരുന്നത്. കോടിക്കണക്കിനു വരുന്ന ഇന്ത്യന്‍ ജനത കറന്‍സി നിരോധനത്തെ തുടര്‍ന്ന് പട്ടിണി കിടന്നതും ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂനിന്നതും കള്ളപ്പണം ഇല്ലാതാക്കുക എന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയാണ്. എന്നാല്‍ അടുത്ത കാലത്ത് നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളും നോട്ടുനിരോധനത്തിലൂടെ സാധ്യമായ കള്ളപ്പണ നിയന്ത്രണത്തിന്റെ കണക്കുകളും പരിശോധിക്കുകയാണെങ്കില്‍ നോട്ടു നിരോധനത്തിനു പിന്നിലുണ്ടായിരുന്നത് രാഷ്ട്രീയ കാരണങ്ങള്‍ മാത്രമാണെന്ന് മനസിലാക്കാന്‍ സാധിക്കും. നോട്ടു നിരോധനത്തിന്റെ ബാക്കിപത്രം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സാമ്പത്തിക പിന്‍ബലമുള്ള ഏക പാര്‍ട്ടി ബിജെപി ആയിത്തീര്‍ന്നു എന്നതാണ്. മോദിയുടെയും അമിത്ഷായുടെയും കുശാഗ്രബുദ്ധിയില്‍ തെളിഞ്ഞ നോട്ടുനിരോധനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുകയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ പണാധിപത്യത്തിന്റെ സ്ഥാനം പരസ്യമായ രഹസ്യമാണ്. ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളുമെല്ലാം ജനവിധി അനുകൂലമാക്കാന്‍ വേണ്ടി പണം വാരിയെറിയുന്നുണ്ട്. കേംബ്രിഡ്ജ് അനലറ്റിക്ക പോലുള്ള കമ്പനികളുമായി ചേര്‍ന്ന് ഓരോ കക്ഷികളും വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നതിന്റെയും അതുവഴി തങ്ങള്‍ക്കനുകൂലമായ തരംഗങ്ങള്‍ സൃഷ്ടിച്ചതിന്റെയും വാര്‍ത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരത്തില്‍ ജനവിധി അനുകൂലമാക്കാനായി ചിലവിടുന്ന കോടിക്കണക്കിന് വരുന്ന തുക തെരഞ്ഞെടുപ്പ് ചിലവുകളില്‍ കാട്ടാറില്ല. വന്‍കിട ബിസിനസ് ഗ്രൂപ്പുകളും കോര്‍പ്പറേറ്റുകളും തങ്ങളോട് അനുഭാവം പുലര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിലെത്തുന്നതിനായി ശതകോടികളാണ് വാരിയെറിയുന്നത്. തങ്ങളോട് അനുഭാവം പുലര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ ജനകീയ താല്‍പര്യത്തെക്കാള്‍ ഉപരിയായി തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും അതുവഴി തെരഞ്ഞെടുപ്പ് രംഗത്ത് വാരിയെറിഞ്ഞ പണം നൂറിരട്ടിയായി തിരികെ ലഭിക്കുമെന്നും ഉറപ്പുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് രംഗത്ത് കോര്‍പ്പറേറ്റുകളുടെ ഇത്തരത്തിലുള്ള ഇടപെടലിന് കാരണം. നിയമാനുസൃതമായി ഒരു സ്ഥാനാര്‍ത്ഥിക്ക് തന്റെ നിയമസഭാ മണ്ഡലത്തില്‍ ചിലവഴിക്കാന്‍ സാധിക്കുന്നത് ഇരുപത്തിയെട്ട് ലക്ഷം രൂപ മാത്രമാണ്. ലോക്‌സഭാ ഇലക്ഷനുകള്‍ ഈ പരിധി എഴുപത് ലക്ഷം രൂപ വരെയാകാം. പ്രസ്തുത പരിധിയില്‍ നില്‍ക്കുന്ന വരവു ചെലവു കണക്കുകള്‍ ഓരോ സ്ഥാനാര്‍ത്ഥിയും നല്‍കാറുണ്ടെങ്കിലും ഇതിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. ലോക്‌സഭയിലേക്ക് നടക്കുന്ന ഒരു പൊതുതെരഞ്ഞെടുപ്പില്‍ പ്രമുഖ ദേശീയ പാര്‍ട്ടികളുടെ ചിലവുകള്‍ ഇന്ത്യയിലെ ഒരു സാധാരണ പൗരന്റെ ചിന്തകള്‍ക്ക് അതീതമാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇത്തരത്തില്‍ പണത്തിനുള്ള സ്വാധീനമാണ് നരേന്ദ്രമോദി തന്ത്രപൂര്‍വ്വമായ സമീപനത്തിലൂടെ തനിക്കും ബിജെപിക്കും അനുകൂലമാക്കിയത്.

ഇന്ത്യയില്‍ ജനാധ്യപത്യ സംവിധാനത്തിലൂടെയുള്ള തെരഞ്ഞെടുപ്പ് വിജയങ്ങള്‍ എന്നും ചിലവേറിയതാണ്. അതിലേറെ ചിലവേറിയതാണ് ഇലക്ഷന് ശേഷം ജനവിധി അട്ടിമറിക്കാനും കുതിരക്കച്ചവടത്തിനുവേണ്ട സാമ്പത്തിക പിന്‍ബലം. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് മണിപ്പൂരില്‍ രണ്ട് സമാജികര്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇപ്പോള്‍ അധികാരം പങ്കിടുന്നത്. ഗോവയിലും സമാജികരുടെ എണ്ണത്തില്‍ പിന്നിലായിരുന്നെങ്കിലും കോണ്‍ഗ്രസിനെ നോക്കുകുത്തിയാക്കി ബിജെപി അധികാരത്തിലെത്തി. ബിജെപിയെ മാത്രമായി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ല. വര്‍ഷങ്ങളായി ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇത്തരത്തിലുള്ള കുതിരക്കച്ചവടങ്ങള്‍ നടക്കാറുണ്ട്. പക്ഷെ നോട്ടുനിരോധനത്തിനുശേഷമുള്ള അവസ്ഥ തെരഞ്ഞെടുപ്പില്‍ പണം വാരിയെറിയാനും കുതിരക്കച്ചവടത്തിനും ശേഷിയുള്ള ഏക പാര്‍ട്ടിയായി ബിജെപി മാറിയെന്നതാണ്.

വന്‍കിട കോര്‍പ്പറേറ്റുകളായ അംബാനി, അദ്വാനിമാരുടെ പിന്തുണ കൂടിയാകുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി ചോദ്യം ചെയ്യാനാവാത്ത ശക്തിയായി തീരുന്നു. ത്രിപുരയിലെയും മറ്റും ഇലക്ഷന്‍ പ്രചാരണത്തില്‍ പണമൊഴുക്കിയ രീതി പരിശോധിച്ചാല്‍ ഇത് വളരെ വ്യക്തമാകും.

നോട്ടു നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം കള്ളപ്പണം തടയുക ആയിരുന്നെങ്കിലും കള്ളപ്പണക്കാരുടെ ഭൂരിഭാഗം നിക്ഷേപങ്ങളും ഇന്ത്യന്‍ കറന്‍സിയായല്ലെന്ന് കേന്ദ്രസര്‍ക്കാരിന് വ്യക്തമായി അറിയാമായിരുന്നു. വിദേശ ബാങ്കുകളിലും വിലയേറിയ സ്ഥാവര ജംഗമ വസ്തുക്കളിലുമാണ് അവര്‍ നിക്ഷേപം നടത്തിയിരുന്നത്. അതുകൊണ്ടാണ് കറന്‍സി നിരോധനത്തിലെ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം സാധിക്കാതെ പോയത്. കറന്‍സി നിരോധനം കൂടുതല്‍ ബാധിച്ചത് സാമ്പത്തിക സ്ഥിതിയില്‍ ഇടത്തരക്കാരായുള്ളവര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മത സാമുദായിക സംഘടനകള്‍ തുടങ്ങിയവയെ ആണ്. ഇതുതന്നെയായിരുന്നു നോട്ടുനിരോധനത്തിനു പിന്നിലുള്ള നരേന്ദ്രമോദിയുടെ ഹിഡന്‍ അജണ്ട. ഇടത്തരക്കാരുടെ കൈവശമുള്ള പണം മാത്രം ബാങ്കുകളിലെത്തിക്കുകയും അതുവഴി തന്റെ പിന്നില്‍ അണിനിരന്നിരിക്കുന്ന കോര്‍പ്പറേറ്റുകളുടെ ലോകത്തിന് കൂടുതല്‍ പണലഭ്യത ഉറപ്പുവരുത്തുകയുമായിരുന്നു ഒന്നാമത്തെ ലക്ഷ്യം. അടുത്ത ലക്ഷ്യം ബിജെപിയൊഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തികാടിത്തറ തകര്‍ത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജൈത്രയാത്ര തുടരുക എന്നതായിരുന്നു. എന്തായാലും ബിസിനസ് ലോകത്ത് നിന്ന് കേള്‍ക്കുന്ന വാര്‍ത്തകളും അടുത്ത കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും വ്യക്തമാക്കുന്നത് മോദിയുടെ തന്ത്രങ്ങള്‍ വിജയിക്കുന്നു എന്നു തന്നെയാണ്.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.