പ്ലാസ്റ്റിക്ക് കഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യുകെയില്‍ വിറ്റഴിക്കപ്പെട്ട ഹാപ്പി ഷോപ്പര്‍ ടൊമാറ്റോ കെച്ചപ്പ് പായ്ക്കറ്റുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു. ബുക്കര്‍ മൊത്തവ്യാപര ശ്യഖലയാണ് പ്ലാസ്റ്റിക്ക് കഷ്ണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന സംശയത്തിന്റെ പേരില്‍ ഹാപ്പി ഷോപ്പര്‍ ടൊമാറ്റോ കെച്ചപ്പുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചത്. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ഇവ പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് കഷണങ്ങള്‍ അടങ്ങിയ ബോട്ടിലുകളുടെ ബാച്ച് നമ്പര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കരുതെന്നും അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നല്‍കിയാല്‍ ഉല്‍പ്പന്നത്തിന്റെ പണം തിരികെ നല്‍കുമെന്നും ഉപഭോക്താക്കള്‍ക്ക് കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉല്‍പന്നം വിറ്റഴിക്കപ്പെട്ട ലോന്‍ഡിസ് ബഡ്‌ജെന്‍സ് സ്‌റ്റോറുകളിലും പിന്‍വലിക്കല്‍ സംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്ന നോട്ടീസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ടൊമാറ്റോ കെച്ചപ്പുകളില്‍ കണ്ടെത്തിയിട്ടുള്ള പ്ലാസ്റ്റിക്ക് കഷണങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. നിലവില്‍ കെച്ചപ്പ് പായ്ക്കറ്റുകള്‍ വാങ്ങിയിട്ടുള്ളവര്‍ അത് ഉപയോഗിക്കരുതെന്നും അടുത്തുള്ള സ്‌റ്റോറുകളില്‍ ഇവ തിരികെ നല്‍കി പണം തിരികെ കൈപ്പറ്റണമെന്നും ഏജന്‍സി അറിയിച്ചു.

ഹാപ്പിഷോപ്പറിന്റെ ബാച്ച് നമ്പര്‍ 7269ലുള്ള ടൊമാറ്റോ കെച്ചപ്പുകളില്‍ പ്ലാസ്റ്റിക്ക് കഷണങ്ങള്‍ അടങ്ങിയിട്ടുണ്ട് മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് വിപണിയില്‍ നിന്നും അവ പിന്‍വലിക്കുകയാണ്. മറ്റു ബാച്ച് നമ്പറുകളിലെ ഉത്പ്പന്നങ്ങളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബുക്കര്‍ തങ്ങളുടെ പ്രോഡക്ട് റികോള്‍ നോട്ടീസില്‍ അറിയിച്ചു. മാര്‍ച്ച് അവസാനം വരെ കാലാവധിയുള്ള ബാച്ച് നമ്പര്‍ 7269ന്റെ 440ഗ്രാമിന്റെ പായ്ക്കറ്റിലാണ് പ്ലാസ്റ്റിക്ക് കഷ്ണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.