സ്വന്തം ലേഖകൻ

കൊറോണ വൈറസിനെ പറ്റിയുള്ള ചിന്തകൾ ബ്രിട്ടനിലെ കുട്ടികളുടെയും ചെറുപ്പക്കാരുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്നതായി ചൈൽഡ് ലൈനിൽ റിപ്പോർട്ടുകൾ. ലോകത്തെമ്പാടുമുള്ള അഞ്ചു ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണാ വൈറസിനെ കുറിച്ച് ആശങ്കാകുലരായ കുട്ടികൾക്ക് ഏകദേശം 900 ത്തിലധികം കൗൺസിലിംഗ് ക്ലാസുകൾ നടത്തിയതായി ചൈൽഡ് ലൈൻ കൗൺസിലിംഗ് സർവീസ് പറയുന്നു. ചൈൽഡ് ലൈൻ സെക്ഷനുകൾ ഏകദേശം മൂന്നിൽ രണ്ടുഭാഗവും മാർച്ച് 16 നും 22 നും ഇടയിലാണ് നടന്നിരിക്കുന്നതെന്നും ഏകദേശം 121 കോളുകളാണ് പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ സ്കൂളുകൾ അടയ്ക്കുന്നതിനായി പ്രഖ്യാപനം നടത്തിയ മാർച്ച് 18ന് നടന്നതെന്നുമാണ് റിപ്പോർട്ടുകൾ.

ഈ ആഴ്ചയിലെ 50 സെക്ഷനുകളിൽ അധികവും വൈറസിനെക്കുറിച്ച് ആശങ്ക ഉണ്ടായി ആത്മഹത്യാ പ്രവണത കാട്ടിയ കുട്ടികളോട് ഒപ്പമായിരുന്നുവെന്നും ചാരിറ്റി അറിയിച്ചു. ഒരു പെൺകുട്ടി ഹെൽപ് ലൈനിനോട് വിളിച്ച് ഇപ്രകാരമാണ് പറഞ്ഞത് “എനിക്കും എന്റെ അമ്മയ്ക്കും വളരെ നല്ല ബന്ധമാണുള്ളത്. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് പണ്ടേ പോലെ കെട്ടിപ്പിടിക്കാനും അടുത്തിടപഴകാനും സാധിക്കുന്നില്ല. ഇത് മാസങ്ങളോളം നീളും എന്ന ചിന്ത എന്നെ ഭയപ്പെടുത്തുന്നു. കൊറോണാ വൈറസിനെ കുറിച്ച് അമ്മ സംസാരിക്കുന്നത് എന്റെ ഉത്കണ്ഠ വർധിപ്പിക്കുകയും ചെയ്യുന്നു.”

വീടുകളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് അവരുടെ കൂട്ടുകാരും സ്കൂളും ആണ് ആശ്വാസം പകരുന്നത്. എന്നാൽ കോവിഡ് -19ന്റെ വ്യാപനം തടയാൻ ഉള്ള നിയന്ത്രണങ്ങൾ കാരണം ഇവർ ശരിക്കും ഒറ്റപ്പെടാൻ തുടങ്ങിയിരിക്കുന്നു. ചൈൽഡ് ലൈൻ സ്ഥാപകനായ ഡാം എസ്തർ റാന്റസെൻ പറയുന്നു: “ചിലപ്പോഴൊക്കെ ചെറുപ്പക്കാർക്ക് അവരുടെ പ്രശ്നങ്ങൾ മാതാപിതാക്കളുമായി പങ്കുവയ്ക്കാൻ ബുദ്ധിമുട്ടാണ്. അവരെ കൂടുതൽ വിഷമിപ്പിക്കാതിരിക്കാനാണിത്. ” എന്നാൽ കുടുംബങ്ങൾ ഒരുമിച്ച് അവരുടെ വികാരങ്ങളെ കുറിച്ച് സംസാരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.

സ്കൂൾ, സുഹൃത്തുക്കൾ തുടങ്ങിയ കുട്ടികളുടെ ജീവിതത്തിലെ സുപ്രധാന കണ്ണികൾ വിച്ഛേദിക്കപ്പെടുമ്പോൾ അവരിലെ എകാന്തതയും ദുർബലതയും ആണ് വർധിക്കുന്നത്. നിലവിലെ പ്രതിസന്ധികൾ അവരുടെ മാനസിക ആരോഗ്യത്തെ രൂക്ഷമാക്കുന്നുവെന്ന് തങ്ങൾ മനസ്സിലാക്കുന്നു എന്നും ഗവൺമെന്റ് വക്താവ് പറയുന്നു.