രാജേഷ്‌ ജോസഫ്‌, ലെസ്റ്റര്‍

പെസഹാ അഥവാ കടന്ന് പോകലിനെ തിരുവത്താഴമായി, അന്ത്യ അത്താഴമായി നാം കാണുന്നു. എന്നാല്‍ നമ്മുടെ അനുദിന ജീവിതം സ്‌നേഹത്തിന്റെ, പ്രതീക്ഷയുടെ, കരുണയുടെ, നല്ല സ്പന്ദനങ്ങളുടെ വിരുന്ന് മേശയാണ്. എളിമയുടെ മഹനീയ മാതൃക മാനവരാശിക്ക് പകര്‍ന്നു നല്‍കിയ പുണ്യദിനം നമ്മുടെ ജീവിതങ്ങളിലൂടെ സ്‌നേഹത്തിന്റെ വിരുന്ന് മേശയായി മാറണം. ഏത് ജീവിതാവസ്ഥയിലും സാഹചര്യങ്ങളിലും കര്‍മ്മ മണ്ഡലങ്ങളിലും നിസ്വാര്‍ത്ഥമായി പാദങ്ങള്‍ കഴുകാനും സ്‌നേഹ ചുംബനം നല്‍കാനും സാധിക്കുന്നുണ്ട് എങ്കില്‍ പെസഹാ ആവര്‍ത്തിക്കപ്പെടുന്നു. ജീവിതം വിശുദ്ധ കുര്‍ബാനയാകുന്നു. ഒറ്റിക്കൊടുക്കാന്‍ പോകുന്നവന്‍ ആരാണ് എന്നറിഞ്ഞിട്ടും നിസ്വാര്‍ത്ഥമായ സ്‌നേഹത്തിലൂടെ പാദം കഴുകി വിരുന്ന് മേശ പങ്കുവെച്ച ഗുരു സ്‌നേഹത്തിന്റെ അവസാന വാക്കാണ്.

ആവശ്യത്തിലധികം വരുമാനവും ജീവിത സൗകര്യങ്ങളും ഇന്ന് നമ്മുടെയൊക്കെ വിരുന്ന് മേശകളില്‍ നിന്ന് അര്‍ഹരായവരെ അകറ്റി നിര്‍ത്തുന്നു. മുറിക്കപ്പെടാനാകാതെ വിലപിക്കുന്ന ക്രിസ്തു അവന്റെ രോദനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാം കടന്നു ചെല്ലാം. സ്‌നഹത്തിന്റെ ത്യാഗത്തിന്റെ നല്ല സൗഹൃദങ്ങളുടെ, പരസ്പര സഹായത്തിന്റെ കരുതലിന്റെ വിരുന്ന് മേശ ഒരുക്കാം, മുറിച്ച് പങ്കുവെയ്ക്കാം. ഞാന്‍ നിന്റെ പാദങ്ങള്‍ കഴുകിയില്ല എങ്കില്‍ നീ ഇന്ന് എന്റെ കൂടെയല്ല എന്ന് ഏറ്റുപറയാം.

കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെയുള്ള ജീവിത സ്‌നേഹത്തിന്റെ പുതിയ സന്ദേശമാണ്. മാനവരാശിയുടെ അനുദിന ജീവിത ക്ലേശങ്ങളും സങ്കടങ്ങളും എല്ലാം നമ്മോട് ആവശ്യപ്പെടുന്നത് പരസ്പരം പാദങ്ങള്‍ കഴുകി സഹനത്തിന്റെ സമര്‍പ്പണത്തിന്റെ കുരിശ് യാത്രയിലൂടെ മുന്നോട്ട് നീങ്ങുന്നവനാണ്. കുരിശിന്റെ വഴിയില്‍ സഹജീവികളുടെ മുഖം തുടക്കാനും കണ്ണീരൊപ്പാനും ആശ്വസിപ്പിക്കാനും സാധിച്ചെങ്കില്‍ മാത്രമേ കാല്‍വരിയിലെ ബലിയര്‍പ്പണം അര്‍ത്ഥവത്താവുകയുള്ളൂ. അപ്പോള്‍ പൗലോസിനെപ്പോലെ നമുക്കും പറയാന്‍ സാധിക്കും ഞാന്‍ നല്ലവണ്ണം ഓടി, എന്റെ ഓട്ടം പൂര്‍ത്തിയാക്കി.

രാജേഷ്‌ ജോസഫ്