സൗമ്യയുടെ ഭർത്താവ് വള്ളികുന്നം തെക്കേമുറി ഉപ്പൻവിളയിൽ സജീവ് നാളെ നാട്ടിലെത്തും. സൗമ്യയുടെ അന്ത്യകർമങ്ങൾ നാളെത്തന്നെ നടന്നേക്കും. ലിബിയയിൽനിന്നു തുർക്കിയിലെത്തി ജിദ്ദ, അബുദാബി വഴി തിരുവനന്തപുരത്തോ കൊച്ചിയിലോ ആകും എത്തുന്നത്. ലിബിയയിലേക്കു ജോലിക്കായി പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. ഇന്നലെ ജോലിസ്ഥലത്തു നിന്നു നാട്ടിലേക്കു തിരിച്ച സജീവിനെ സൗമ്യയുടെ മരണവിവരം അറിയിച്ചിട്ടില്ല. ഗുരുതരമായി പരുക്കേറ്റെന്നാണ് അറിയിച്ചിരിക്കുന്നത്.

‘കുഞ്ഞുമക്കളുടെ കാര്യമോർത്ത് സങ്കടമുണ്ട്. അവർക്കു വിഷമങ്ങളൊന്നും കൂടാതെ പറ്റുന്ന കാലത്തോളം സംരക്ഷിക്കും. കുഞ്ഞുമോൾ ഋതികയെ ഒരു വയസ്സുള്ളപ്പോൾ ക്ലാപ്പനയിലെ വീട്ടിലേക്കു കൊണ്ടുപോയതാ… ഇപ്പൊ മൂന്നര വയസ്സായി. ഇനിയും കുഞ്ഞുങ്ങളെയെല്ലാം പൊന്നുപോലെ തന്നെ നോക്കും…’ – കൊച്ചുമക്കളെക്കുറിച്ചു പറഞ്ഞപ്പോൾ സൗമ്യയുടെ അച്ഛൻ പുഷ്പാകരന്റെ കണ്ണുകൾ നിറഞ്ഞു.

ഇപ്പോൾ പറയുന്നതും കേൾക്കുന്നതുമായ കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസത്തെ സംഭവശേഷം ഓരോരുത്തർ പറഞ്ഞാണ് അറിയുന്നത്. സൗമ്യയും അമ്മയും ഒന്നും പറഞ്ഞിട്ടില്ല. എന്തെങ്കിലുമൊന്നു സൂചിപ്പിച്ചിരുന്നെങ്കിൽ, അപകടപ്പെടുത്താനുള്ള എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കിൽ ഇതൊന്നും നടക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു. അതിനായി ഏതു മാർഗവും സ്വീകരിച്ചേനെ – പക്ഷാഘാതം തളർത്തിയ ശരീരത്തിന്റെ പാതി വിറയൽ മറന്നു വള്ളികുന്നത്ത് സൗമ്യയുടെ വീട്ടിലിരുന്ന് പുഷ്പാകരൻ പറഞ്ഞു.

14 വർഷം മുൻപ്, കൊല്ലം എസ്എൻ കോളജിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കിയ സമയത്തായിരുന്നു സൗമ്യയുടെ വിവാഹം. ആദ്യം വന്ന ആലോചന തന്നെ വിവാഹത്തിലെത്തി. ആ സമയത്ത് ചെറിയ തോതിൽ പണമിടപാട് ജോലിയായിരുന്നു വള്ളികുന്നം സ്വദേശി സജീവിന്. മെക്കാനിക്കൽ – പ്ലമിങ് ജോലികളും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് 2 മാസത്തിനകം വാങ്ങിയതാണ് വള്ളികുന്നിലെ 33 സെന്റ് സ്ഥലം.

വിവാഹശേഷം സൗമ്യ പിഎസ്‌സി പരീക്ഷകൾ പലതും എഴുതുമായിരുന്നു. കെഎസ്ആർടിസിയിൽ ജോലി കിട്ടിയെങ്കിലും പോയില്ല. പിന്നെയാണ് പൊലീസ് സർവീസിൽ കിട്ടിയത്. തൃശൂരിലെ പരിശീലനത്തിനു ശേഷം ആലപ്പുഴ എസ്പി ഓഫിസിലായിരുന്നു നിയമനം. 15 ദിവസം ജോലിക്കു പോയെങ്കിലും ദൂരക്കൂടുതൽ മൂലം മാറ്റത്തിനു ശ്രമിച്ചു. അന്നത്തെ എംപി കെ.സി.വേണുഗോപാൽ ഇടപെട്ടാണ് വള്ളികുന്നം സ്റ്റേഷനിലേക്കു മാറ്റം കിട്ടിയത്. ആയിടയ്ക്കാണ് സജീവ് ജോലി തേടി ഗൾഫിൽ പോയത്. 2 പ്രാവശ്യമായി ഗൾഫിൽ ജോലി ചെയ്തു. അവിടെനിന്നു വന്നിട്ട് 10 മാസമായി. ഇപ്പോൾ ജോലി തേടി ലിബിയയിലേക്കു പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല.