നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കാന്‍ നീക്കവുമായി എംപിമാര്‍. രാഷ്ട്രീയ ഭേദമില്ലാതെയുള്ള നീക്കമാണ് നടക്കുന്നത്. മാര്‍ച്ചിനുള്ളില്‍ സര്‍വസമ്മതമായ ഉടമ്പടി രൂപീകരിക്കാന്‍ സാധിക്കില്ലെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു ഭേദഗതിക്ക് ശ്രമിക്കാനാണ് എംപിമാരുടെ സംഘം ശ്രമിക്കുന്നത്. ലേബര്‍ എംപി യിവെറ്റ് കൂപ്പര്‍, ടോറി മുന്‍ മന്ത്രിയായ സര്‍ ഒലിവര്‍ ലെറ്റ്‌വിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ശ്രമവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രിമാര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഒരു നീക്കത്തിനാണ് ഇവര്‍ തയ്യാറെടുക്കുന്നത്. ഈ മുന്നേറ്റത്തിന് പിന്തുണ നല്‍കിക്കൊണ്ട് നോ ഡീലിനെ എതിര്‍ക്കുന്ന മന്ത്രിമാര്‍ രാജി വെച്ചേക്കുമെന്നും വെസ്റ്റ്മിന്‍സ്റ്ററില്‍ ചിലര്‍ കരുതുന്നു.

മേയ് അവതരിപ്പിച്ച ഉടമ്പടിയെ പിന്തുണച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ യൂണിയന്‍ മുഖ്യ നെഗോഷ്യേറ്റര്‍ പറഞ്ഞത് ബ്രെക്‌സിറ്റ് അനുകൂലികളുടെ രോഷം വിളിച്ചു വരുത്തിയതിനു പിന്നാലെയാണ് പുതിയ നീക്കം. ആര്‍ട്ടിക്കിള്‍ 50 നടപടികള്‍ക്ക് കൂടുതല്‍ സമയം നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായേക്കുമെന്ന് ചീഫ് നെഗോഷ്യേറ്ററായ ഓലി റോബിന്‍സ് ബ്രസല്‍സിലെ ഒരു ഹോട്ടല്‍ ബാറില്‍ വെച്ച് തന്റെ സഹപ്രവര്‍ത്തകരോട് പറയുന്നത് കേട്ടുവെന്ന് ഐടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉടമ്പടിയെ എംപിമാര്‍ പിന്തുണച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് ഒരു ദൈര്‍ഘ്യമേറിയ പ്രവൃത്തിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്.

ഈ ദീര്‍ഘിപ്പിക്കലിന്റെ കാര്യത്തില്‍ ബ്രസല്‍സിന് വ്യക്തതയുണ്ടോ എന്ന കാര്യത്തില്‍ മാത്രമാണ് വ്യക്തത വരേണ്ടത്. എന്തായാലും ഒടുവില്‍ ബ്രസല്‍സ് യുകെയ്ക്ക് കൂടുതല്‍ സമയം അനുവദിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ക്രിസ് ഫിലിപ്പ് ഈ റിപ്പോര്‍ട്ടിനെ തള്ളി. ഒരു ഉദ്യോഗസ്ഥന്‍ ബാറിലിരുന്ന് കുറച്ചു ഡ്രിങ്കുകള്‍ക്ക് ശേഷം പറയുന്നതും ഊഹിക്കുന്നതുമായ കാര്യങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രി തന്റെ ആദ്യ കരാറിന് അംഗീകാരം വാങ്ങാന്‍ എംപിമാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കം നടത്തുകയാണോ എന്ന സംശയം പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ റോബിന്‍സിന്റെ കമന്റിന് കഴിഞ്ഞിട്ടുണ്ട്.