പിന്തുണച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് തന്നെ ഇല്ലാതാകുമെന്ന് കണ്‍സര്‍വേറ്റീവ് റിബല്‍ എംപിമാര്‍ക്ക് പ്രധാനമന്ത്രി തെരേസ മേയുടെ ഭീഷണി. മേയ് മുന്നോട്ടുവെച്ച ബ്രെക്‌സിറ്റ് ഉടമ്പടി കോമണ്‍സ് രണ്ടാമതും വോട്ടിനിട്ട് തള്ളിയ സാഹചര്യത്തിലാണ് തനിക്കെതിരെ വോട്ടു ചെയ്ത സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ക്ക് മുന്നറിയിപ്പുമായി അവര്‍ രംഗത്തെത്തിയത്. ബ്രെക്‌സിറ്റ് ഡീല്‍ ഒരിക്കല്‍ കൂടി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് മേയ് പദ്ധതിയിടുന്നത്. അടുത്തയാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ ഇതിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 50 അനിശ്ചിതകാലത്തേക്ക് നീളുമെന്നാണ് മേയ് വ്യക്തമാക്കുന്നത്. ബുധനാഴ്ച രാത്രിയിലും മേയ്ക്ക് എതിരെയുള്ള ശക്തമായ വികാരമാണ് കോമണ്‍സില്‍ അലയടിച്ചത്. നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ പാടില്ലെന്ന പ്രമേയത്തിന് ഇന്നലെ കോമണ്‍സ് അംഗീകാരം നല്‍കിയിരുന്നു. രണ്ടു ദിവസങ്ങളിലായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ തിരിച്ചടി നേരിടുന്നതിനിടെ ക്യാബിനറ്റ് മൂന്നായി തിരിയുകയും ചെയ്തത് മേയ്ക്ക് കൂടുതല്‍ പ്രതിസന്ധി സമ്മാനിച്ചിരിക്കുകയാണ്.

നോ ഡീലിനെതിരായ പ്രമേയത്തില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്യണമെന്ന പാര്‍ട്ടി വിപ്പ് നാല് ക്യാബിനറ്റ് അംഗങ്ങള്‍ ലംഘിച്ചതാണ് പുതിയ പിളര്‍പ്പുണ്ടാക്കിയിരിക്കുന്നത്. ക്യാബിനറ്റ് മിനിസ്റ്റര്‍മാരായ ആംബര്‍ റൂഡ്, ഡേവിഡ് മുന്‍ഡേല്‍, ഡേവിഡ് ഗോക്ക്, ഗ്രെഗ് ക്ലാര്‍ക്ക് എന്നിവരാണ് വിപ്പ് ലംഘിച്ചത്. ആറ് മറ്റു മന്ത്രിമാരും വ്യത്യസ്ത നിലപാടുമായി രംഗത്തെത്തി. ഇനി ഒരിക്കല്‍ കൂടി ബ്രെക്‌സിറ്റ് ഡീല്‍ കോമണ്‍സ് വോട്ടിനായി സമര്‍പ്പിക്കുമെന്നാണ് മേയ് സൂചന നല്‍കിയിരിക്കുന്നത്. ബ്രെക്‌സിറ്റ് നീട്ടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് പാര്‍ലമെന്റില്‍ വോട്ടിംഗിന് എത്തുകയാണ്.

എന്നാല്‍ തന്റെ ഡീല്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ ആര്‍ട്ടിക്കിള്‍ 50 സാങ്കേതികമായി ചെറിയൊരു കാലയളവിലേക്ക് നീട്ടാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കാമെന്നാണ് മേയ് ഇപ്പോള്‍ എംപിമാര്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഉടമ്പടിക്ക് അംഗീകാരം ലഭിച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് അനന്തകാലത്തേക്ക് നീളാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു. അതിനാല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും യുകെയ്ക്ക് പങ്കെടുക്കേണ്ടതായി വരും. അത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ശരിയായ കീഴ് വഴക്കമാകില്ലെന്നും മേയ് പറയുന്നു.