ജെയ്‌ഷെ തലവന്‍ മസൂദ് അസര്‍ തടങ്കലിലെന്ന് പാക് ദിനപ്പത്രം

ജെയ്‌ഷെ തലവന്‍ മസൂദ് അസര്‍ തടങ്കലിലെന്ന് പാക് ദിനപ്പത്രം
January 15 06:59 2016 Print This Article

ലാഹോര്‍: പത്താന്‍കോട്ട് വ്യോമത്താവളത്തിലെ ആക്രമണത്തിന് കാരണക്കാരനെന്ന് ഇന്ത്യ ആരോപിക്കുന്ന മസൂദ് അസര്‍ പിടിയിലെന്ന് പാക് മന്ത്രിയെ ഉദ്ധരിച്ച് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ജെയ്‌ഷെ മുഹമ്മദ് തലവനെ അറസ്റ്റ് ചെയ്തതല്ലെന്നും ഇയാള്‍ സംരക്ഷിത തടങ്കലിലാണെന്നും പഞ്ചാബ് പ്രവിശ്യയിലെ നിയമമന്ത്രി റാണാ സനാവുള്ള പറഞ്ഞു. പഞ്ചാബ് പൊലീസിലെ ഭീകരവിരുദ്ധ വിഭാഗമാണ് ഇയാളെ സംരക്ഷിത തടങ്കലില്‍ ആക്കിയത്. അസര്‍ തടങ്കലിലാണെന്ന ആദ്യ സ്ഥിരീകരണമാണിത്. ഇയാളെ അറസ്റ്റ് ചെയ്തതായി പാക് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ഇല്ലെന്നായിരുന്നു ഇന്നലെ പാക് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. പത്താന്‍ കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അസറിനെ തടവിലാക്കിയിരിക്കുന്നത്. ഇയാള്‍ക്ക് ആക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെന്നും സനാവുളള പറഞ്ഞു. ഈമാസം രണ്ടിന് നടന്ന പത്താന്‍കോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നാണ് ഇന്ത്യയുടെ ആരോപണം. ഇതിന്റെ തെളിവായി രണ്ട് പാക് ഫോണ്‍നമ്പരുകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ആക്രമമണം നടത്തിയ ആറ് ഭീകരര്‍ ഈ നമ്പരുകളിലേക്ക് വിളിച്ചതായും ഇന്ത്യ ആരോപിക്കുന്നു.

ജെയ്‌ഷെയുടെ പല പ്രവര്‍ത്തകരെയും തടവിലാക്കിയതായും ഇവരുടെ പല ഓഫീസുകള്‍ സീല്‍ ചെയ്തതായും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അസറിനെ തടവിലാക്കിയ നടപടി ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് സ്വാഗതം ചെയ്തു. ഇരുരാജ്യത്തെയും വിദേശകാര്യ സെക്രട്ടറിമാര്‍ ഫോണില്‍ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്ന് നടത്താനിരുന്ന സെക്രട്ടറി തല മാറ്റി വച്ചതായും ഉടന്‍ തന്നെ അത് നടക്കുമെന്നും സ്വരൂപ് പറഞ്ഞു.

പാക് അന്വേഷക സംഘം ഇന്ത്യയിലെത്തി വിവരങ്ങള്‍ ശേഖരിക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നതായും ഇന്ത്യ അറിയിച്ചു. പത്താന്‍കോട്ട് ആക്രമണത്തില്‍ ഏഴ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ഇരുപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles