ജീവനക്കാരിയുമായി അടുത്തിടപഴകിയതിന്‍റെ പേരില്‍ മക്ഡൊണാൾഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്റ്റീവ് ഈസ്റ്റർബ്രൂക്ക് പുറത്തേക്ക്. കമ്പനി നയം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഫാസ്റ്റ്ഫുഡ് ഭീമനായ മക്ഡൊണാൾഡില്‍ നിന്നും ഏറ്റവും മുതിര്‍ന്ന സ്ഥാനചലനം ഉണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് വംശജനായ മുൻ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ ഈസ്റ്റർ ബ്രൂക്കിന്‍റെ തീരുമാനം ശരിയായില്ലെന്ന് മക്ഡൊണാൾഡ് പറഞ്ഞു.

ജീവനക്കാരുമായി നേരിട്ടോ, പരോക്ഷമായോ പ്രണയബന്ധം പുലർത്തുന്നതില്‍നിന്നും മാനേജർമാരേ കമ്പനി വിലക്കുന്നു. കമ്പനിയിലെ ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിൽ ബന്ധം അംഗീകരിച്ച ഈസ്റ്റർബ്രൂക്ക് അത് തെറ്റായിപോയെന്നും പറയുന്നുണ്ട്. ‘കമ്പനിയുടെ മൂല്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഞാൻ പടിയിറങ്ങേണ്ട സമയമാണിത്’- അദ്ദേഹം പറഞ്ഞു. ഈസ്റ്റർബ്രൂക്കിനെതിരായ ആരോപണം വിശദമായി ചര്‍ച്ചചെയ്ത കമ്പനി ഡയരക്ടര്‍ ബോര്‍ഡ് അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം വോട്ടിനിട്ട് പാസാക്കിയിരുന്നു. നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള കൂടുതല്‍ വിഷദാമാഷങ്ങള്‍ പുറത്തുവരാന്‍ അല്‍പംകൂടെ സമയമെടുക്കും.

മക്ഡൊണാൾഡിന്റെ ഓഹരി വിലയ്‌ക്കൊപ്പം ഈസ്റ്റർബ്രൂക്കിന്റെ പ്രതിഫലവും ഉയർന്നിട്ടുണ്ടെന്ന് വാൾസ്ട്രീറ്റ് ജേണൽ പറയുന്നു. 2017-ൽ മൊത്തം 21.8 മില്യൺ ഡോളറായിരുന്നു അദ്ദേഹത്തിന്‍റെ പ്രതിഫലം. മക്ഡൊണാൾഡ്സ് അതിന്റെ മൂന്നാം പാദ വരുമാന റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. രണ്ടാഴ്ച മുമ്പ് അവരുടെ വരുമാനത്തില്‍ 2% ഇടിവ് രേഖപ്പെടുത്തിയിരുന്നു. സ്റ്റോർ റീ മോഡലിംഗിനായി വളരെയധികം ചെലവഴിക്കുകയും ഡെലിവറി സേവനം വിപുലീകരിക്കുകയും ചെയ്തതാണ് കാരണം. കമ്പനിയുടെ ഓഹരി വില 7.5% കുറഞ്ഞു. നേതൃ മാറ്റവും വിപണിയിലെ കമ്പനിയുടെ പ്രകടനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഒരു വാർത്താക്കുറിപ്പിലൂടെ കമ്പനി അറിയിച്ചു.

52 കാരനായ ഈസ്റ്റർബ്രൂക്ക് 1993-ലാണ് മക്ഡൊണാൾഡില്‍ എത്തുന്നത്. 2006-ൽ അദ്ദേഹം ബ്രിട്ടീഷ് ബ്രാഞ്ചിന്‍റെ മേധാവിയായി. തുടർന്ന് 1,800 റെസ്റ്റോറന്റുകളുടെ മേൽനോട്ടമുള്ള വടക്കൻ യൂറോപ്യൻ മേഖലാ പ്രസിഡന്‍റായി. 2011-ൽ കമ്പനി വിട്ട അദ്ദേഹം പിസ്സ എക്സ്പ്രസിന്റെയും പിന്നീട് വാഗാമയുടെയും ചീഫ് എക്സിക്യൂട്ടീവ് ആയി. 2013-ല്‍ ആഗോള ചീഫ് ബ്രാൻഡ് ഓഫീസറായി വീണ്ടും മക്ഡൊണാൾഡിലേക്ക്. 2015-ൽ അദ്ദേഹം ചീഫ് എക്സിക്യൂട്ടീവ് ആയി. വിവാഹമോചിതനാണ്.