ന്യൂയോര്‍ക്ക്: ഹാപ്പി മീല്‍ മെനുവില്‍ നിന്ന് മക്‌ഡൊണാള്‍ഡ്‌സ് ചീസ്ബര്‍ഗറുകള്‍ ഒഴിവാക്കുന്നു. അമേരിക്കയിലെ ഔട്ട്‌ലെറ്റുകളിലാണ് ഈ പരിഷ്‌കാരം ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യകരമായ ഭക്ഷണം സംബന്ധിച്ചുള്ള പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. ഇതനുസരിച്ച് മെനുവില്‍ നിന്ന് ചോക്കളേറ്റ് മില്‍ക്ക് ഒഴിവാക്കും. പകരം ബോട്ടില്‍ഡ് വാട്ടര്‍ നല്‍കാനാണ് തീരുമാനം. കൂടുതല്‍ ആരോഗ്യകരമായ പാനീയങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കാനാണ് നീക്കം. ഒപ്പം കുട്ടികള്‍ക്കായുള്ള സിക്‌സ് പീസ് ചിക്കന്‍ മക്‌നഗ്ഗെറ്റ് മൈറ്റി മീല്‍സിനൊപ്പം നല്‍കിയിരുന്ന ഫ്രൈസിന്റെ അളവ് പകുതിയായി കുറച്ചിട്ടുമുണ്ട്.

ഭക്ഷണത്തിലെ കലോറി കുറയ്ക്കാനും സോഡിയം, പൂരിത കൊഴുപ്പ്, പഞ്ചസാര എന്നിവ തങ്ങളുടെ ഉല്‍പന്നങ്ങളില്‍ കുറയ്ക്കാനുമുള്ള മക്‌ഡൊണാള്‍ഡ്‌സിന്റെ ആഗോളതലത്തിലുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. യുകെയില്‍ ഇത് നേരത്തേതന്നെ നടപ്പിലാക്കിയിരുന്നു. 2022ഓടെ ഡ്രൈവ്ത്രൂ, റെസ്‌റ്റോറന്റുകള്‍, ഡിജിറ്റല്‍ മെനുകള്‍ എന്നിവയിലൂടെ നല്‍കുന്ന ഹാപ്പി മീലുകളിലെ കലോറി മൂല്യം 600 ആയി കുറയ്ക്കാനാണ് ഫാസ്റ്റ് ഫുഡ് ഭീമന്‍ ശ്രമിക്കുന്നത്. ഒഴിവാക്കുന്ന ചീസ്ബര്‍ഗറുകളും ചോക്കളേറ്റ് മില്‍ക്കും വാങ്ങാന്‍ ലഭിക്കുമെങ്കിലും മെനുവില്‍ നിന്ന് ഒഴിവാക്കുന്നത് അത് ഓര്‍ഡര്‍ ചെയ്യുന്ന നിരക്ക് കുറയ്ക്കുമെന്നാണ് കമ്പനി കരുതുന്നത്.

നാല് വര്‍ഷം മുമ്പ് കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ മെനുവില്‍ നിന്ന് ഒഴിവാക്കിയതോടെ അവയ്ക്കായുള്ള ഓര്‍ഡറുകള്‍ 14 ശതമാനത്തോളം കുറഞ്ഞുവെന്നാണ് മക്‌ഡൊണാള്‍ഡ്‌സ് അവകാശപ്പെടുന്നത്. ഫ്രൈസിന് പകരം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകരമായ മെനു അവതരിപ്പിക്കാനുള്ള പദ്ധതികളും മക്‌ഡൊണാള്‍ഡ്‌സിനുണ്ട്. സ്‌പെയിനിലുള്ള കമ്പനിയുടെ റെസ്റ്റോറന്റുകളില്‍ പൈനാപ്പിള്‍ സ്പിയറുകളും ചൈന, ജപ്പാന്‍, തായ്‌വാന്‍ എന്നിവിടങ്ങളില്‍ കുക്ക്ഡ് കോണും ഇപ്പോള്‍ നല്‍കി വരുന്നുണ്ട്.

ഹാപ്പി മീലുകള്‍ പ്രോത്സാഹിപ്പിക്കാന്‍ അതിനൊപ്പം ടോയ്‌സ് നല്‍കുന്നതില്‍ മക്‌ഡൊണാള്‍ഡ്‌സ് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇനി കളിപ്പാട്ടങ്ങള്‍ക്ക് പകരം പുസ്തകങ്ങള്‍ നല്‍കാനാണ് തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം ഔട്ട്‌ലെറ്റുകളില്‍ ഇവ ലഭ്യമാകും. അമേരിക്കയില്‍ ഈ മാറ്റങ്ങള്‍ ജൂണില്‍ നിലവില്‍ വരും. ഫ്രൈസിനൊപ്പമുള്ള ചീസ്ബര്‍ഗര്‍ ഹാപ്പിമീലും സ്‌ട്രോബെറി മില്‍ക്ക്‌ഷേക്കും 738 കലോറിവരുമെന്നാണ് കണക്കാക്കുന്നത്.