മാഞ്ചസ്റ്റര്‍: ക്ഷീണിതനായ അഗതിക്ക് ബര്‍ഗര്‍ വാങ്ങിക്കൊടുക്കാനുള്ള ശ്രമം മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാര്‍ പരാജയപ്പെടുത്തിയെന്ന പരാതിയുമായി സ്ത്രീ. വൃദ്ധനായ അയാളെ ഒഴിവാക്കാനാണെന്ന് പറഞ്ഞ് ബര്‍ഗര്‍ നല്‍കാന്‍ ജീവനക്കാര്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് പരാതിയില്‍ ഇവര്‍ പറയുന്നു. മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റിന്റെ ഡ്രൈവ് ത്രൂ വിന്‍ഡോയിലാണ് ഈ മറുപടി തനിക്ക് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു. ഈ വിധത്തില്‍ ഭക്ഷണം കൊടുക്കുന്നത് വൃദ്ധന് അവിടെത്തന്നെ തുടരാന്‍ പ്രേരണയാകുമെന്ന് പറഞ്ഞാണ് ജീവനക്കാര്‍ ഭക്ഷണം നല്‍കാന്‍ തയ്യാറാകാതിരുന്നതെന്ന് സ്ത്രീ പറഞ്ഞതായി മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞായറാഴ്ച ഹാര്‍പ്പര്‍ഹേയിലുള്ള ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിലാണ് ഈ സംഭവമുണ്ടായത്. സംഭവത്തില്‍ താന്‍ അങ്ങേയറ്റം നിരാശയാണെന്ന് മക്‌ഡൊണാള്‍ഡ്‌സിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പരാതിയില്‍ സ്ത്രീ വ്യക്തമാക്കി. റെസ്റ്റോറന്റിനു പുറത്ത് മഴയില്‍ കുതിര്‍ന്ന് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വൃദ്ധന് ചൂടുള്ള ഭക്ഷണം എന്തെങ്കിലും വാങ്ങി നല്‍കാന്‍ തീരുമാനിച്ചത്. തന്റെ കുട്ടികള്‍ക്കായുള്ള ഭക്ഷണം വാങ്ങിയ ശേഷമാണ് ഇയാള്‍ക്കായി ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഇത് നിഷേധിക്കപ്പെടുകയായിരുന്നു.

പിന്നീട് കെഎഫ്‌സിയില്‍ നിന്നാണ് ഇയാള്‍ക്ക് താന്‍ ഭക്ഷണം വാങ്ങി നല്‍കിയതെന്നും സ്ത്രീ പരാതിയില്‍ പറയുന്നു. പരാതിയോട് പ്രതികരിച്ച് മക്‌ഡൊണാള്‍ഡ്‌സ് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അഗതികളായവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുന്നത് തടയുക എന്നത് തങ്ങളുടെ നയമല്ലെന്നും എന്നാല്‍ തുടര്‍ച്ചയായി ശല്യമുണ്ടാക്കുന്ന ചിലര്‍ക്ക് ഇപ്രകാരം ഭക്ഷണം വാങ്ങി നല്‍കുന്നവരം പ്രോത്സാഹിപ്പിക്കാറില്ലെന്നും മക്‌ഡൊണാള്‍ഡ്‌സ് വ്യക്തമാക്കി.