അസോസിയേഷനുകളും ക്യാമ്പയിനുകളുമൊക്കെ വരുന്നതിന് മുന്‍പ് തന്നെ പുരുഷാധിപത്യവും നടിമാര്‍ക്കെതിരെയുള്ള ചൂഷണവും മലയാള സിനിമയില്‍ നിലനിന്നിരുന്നുവെന്ന് തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി കെ.പി.എ.സി ലളിത. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ ഭാസിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് കെ.പി.എസി ലളിത മനസ്സു തുറന്നിരിക്കുന്നത്.

ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും എന്നെ മാറ്റി നിര്‍ത്തി. ഒരു ദിവസം അയാള്‍ വീട്ടില്‍ കയറി വന്നു മദ്യപിക്കാന്‍ തുടങ്ങി. ഞാനും എന്റെ ജോലിക്കാരി പെണ്ണും എന്റെ സഹോദരനും വീട്ടില്‍ ഉണ്ട്. ഇങ്ങേര്‍ അവിടെയിരുന്നു കള്ള് കുടിയാണ്. എന്റെ വേലക്കാരിയെ വിളിച്ച് കഞ്ഞിയും ചമ്മന്തിയും ഒക്കെ ഉണ്ടാക്കി കൊടുക്കാന്‍ പറയുന്നുണ്ട്.

അന്ന് അയാള്‍ക്കെതിരേ ആര്‍ക്കും ഒന്നും പറയാനാകില്ല. അങ്ങേര്‍ സിനിമാ ലോകം അടക്കിവാണിരുന്ന കാലമാണ്. നസീര്‍ സാറിന് പോലും അങ്ങനെ ഒരു സ്ഥാനം ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്. ഭാസി ചേട്ടന്‍ പറയുന്നതിന് അപ്പുറത്തേക്ക് വേറൊന്നുമില്ല അന്ന്. പല ചിത്രങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. അങ്ങേര്‍ പറയുന്നത് അനുസരിച്ച് ജീവിക്കാമെങ്കില്‍ സിനിമയിലെടുക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. അതില്ലാത്തതിന്റെ പേരില്‍ ഒഴിവാക്കി. പരാതി പറഞ്ഞാലും കാര്യമൊന്നുമില്ല.

അന്ന് അയാളവിടെ ഇരുന്നു മദ്യപിച്ചു, ശര്‍ദ്ദിച്ച് കുളമാക്കി കൂടെ തെറി വിളിയും. പുലര്‍ച്ചെയായിട്ടും അവിടുന്ന് പോകാതായതോടെ ഞങ്ങള്‍ ബഹദൂറിക്കയുടെ വീട്ടില്‍ ചെന്നു. കരഞ്ഞ് കരഞ്ഞ് എന്റെ മുഖമാകെ വീര്‍ത്തിരിക്കുകയാണ്. ബഹദൂര്‍ക്ക ഞങ്ങളുടെ കൂടെ വന്നു. ഇങ്ങേരെ പൊക്കിയെടുത്ത് വണ്ടിയില്‍ കയറ്റി വിട്ടു. വീടൊക്കെ അടിച്ചു തെളിച്ചാണ് ഞങ്ങള്‍ക്കവിടെ കേറാന്‍ പറ്റിയത്.

അന്ന് ഇങ്ങനത്തെ അസോസിയേഷനൊക്കെ ഉണ്ടെങ്കില്‍ ഇതൊന്നും നടക്കില്ല. അന്നുണ്ടായിരുന്നു ഒരു ചലചിത്ര പരിഷത് എന്ന അസോസിയേഷന്‍. ഉമ്മറിക്കയായിരുന്നു സെക്രട്ടറി. ഈ സംഭവം കഴിഞ്ഞ് കുറേ പടത്തില്‍ നിന്നും എന്നെ ഒഴിവാക്കി. മെയ്ക്കപ്പ് ഇട്ട് വൈകുവോളം ഇരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിങ്ങനെ തുടര്‍ന്ന് പോകാന്‍ വയ്യെന്ന് കാണിച്ച് ഹരന്‍ സാറും മറ്റും ഒപ്പിട്ടു തന്ന എന്റെ പരാതി ഞാന്‍ പരിഷത്തില്‍ കൊണ്ട് കൊടുത്തു. അന്ന് രാത്രി ഉമ്മറിക്ക എന്നെ വിളിച്ചു.

‘നിനക്കിതിന്റെ വല്ല ആവ്യവുമുണ്ടോ അങ്ങേര് ഇവിടെ വാഴുന്നോരാണ്, നീയാര്’ എന്ന് ചോദിച്ചു. ‘സഹിക്കാന്‍ വയ്യാതായോണ്ട് ചെയ്തതാണ് നടപടിയെടുക്കാന്‍ പറ്റുമോ ഇല്ലയോ’ എന്ന് ഞാന്‍ ചോദിച്ചു. ഉമ്മറിക്ക പറഞ്ഞു ‘പറ്റില്ല’എന്ന്..ഞാന്‍ പറഞ്ഞു ‘നട്ടെല്ലില്ലാത്തവര്‍ ഇവിടെ കേറി ഇരുന്നാല്‍ ഇങ്ങനെയൊക്കെ നടക്കും എന്നാലാവുന്നത് ഞാന്‍ ചെയ്തോളാം എന്ന്’. അന്ന് അത്രയും പറയാനുള്ള ധൈര്യം ഞാന്‍ കാണിച്ചു. എന്റൊപ്പം ഹരന്‍ സാറൊക്കെ ഉണ്ടായിരുന്നു. അന്ന് തുടങ്ങിയതാണ് ഇയാളുടെ അധ:പതനം. ആശുപത്രിയില്‍ കിടന്ന സമയത്തു കാണാന്‍ ചെന്ന എന്നോട് ചോദിച്ചത് എന്തിനാ വന്നേ എന്നാണ്.