അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങി ഡബ്ല്യുസിസി. നടിമാരായ രേവതി, പത്മപ്രിയ തുടങ്ങിയവര്‍ വൈകിട്ട് നാലിന് കൊച്ചിയില്‍ മാധ്യമങ്ങളെ കാണും. കൂടുതല്‍ നടിമാര്‍ അമ്മയില്‍ നിന്ന് രാജിവയ്ക്കുന്നതടക്കം ശക്തമായ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ഇതിനിടെ നടിമാരുടെ ‌’മീ ടൂ’ വെളിപ്പെടുത്തല്‍ സാധ്യത സൂചിപ്പിച്ച എന്‍.എസ്.മാധവന്‍റെ ട്വീറ്റും വൈറലാണ്. ‌

ns madhavan

നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെതിരെ സംവിധായിക അഞ്ജലി മേനോന്‍. ശക്തരായ നടന്‍മാരും എഴുത്തുകാരും ചലച്ചിത്രകാരന്‍മാരും ഉണ്ടായിട്ടും ആക്രമണത്തിനിരയായ നടിക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കാന്‍‍ ആരും മുതിര്‍ന്നില്ല. കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളുമായി നടി മുന്നോട്ടുപോകുമ്പോഴും ഇതാണ് സ്ഥിതി. അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണ് ഇതെന്നും അഞ്ജലി മേനോന്‍ ട്വിറ്ററില്‍ കുറിച്ചു.

മീ ടു ക്യാംപെയിനിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണ്. ആരോപണവിധേയര്‍ ഉള്‍പ്പെട്ട പരിപാടികള്‍ ഒഴുവാക്കിയും സിനിമകള്‍ വേണ്ടെന്നുവെച്ചും സംഘടനകളിലെ അംഗത്വം റദ്ദാക്കിയുമെല്ലാം ഇത്തരം അതിക്രമങ്ങള്‍ ഒരുവിധത്തിലും അനുവദിച്ചുകൊടുക്കില്ലെന്ന ശക്തമായ നിലപാടെടുത്തിരിക്കുകയാണ് മുംബൈ സിനിമാമേഖലയെന്നും അഞ്ജലി മേനോന്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങളിലടക്കം അമ്മയുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ട് നടിമാര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ അമ്മ എക്സിക്യൂട്ടിവ് യോഗത്തിലടക്കം അനുകൂലമായ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ശക്തമായ പ്രതികരണങ്ങളിലേക്ക് കടക്കുന്നതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി