യുകെയിലെ അഞ്ച് പ്രദേശങ്ങളില്‍ മീസില്‍സ് പടരുന്നു; കനത്ത ജാഗ്രത

യുകെയിലെ അഞ്ച് പ്രദേശങ്ങളില്‍ മീസില്‍സ് പടരുന്നു; കനത്ത ജാഗ്രത
January 17 08:52 2018 Print This Article

മാഞ്ചസ്റ്റര്‍: ബ്രിട്ടനില്‍ മീസില്‍സ് പടരുന്നു. പ്രധാന നഗരങ്ങളായ വെസ്റ്റ് യോര്‍ക്ക്ഷയര്‍, ചെഷയര്‍ ആന്റ് ലിവര്‍പൂള്‍, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, സറേ, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പകര്‍ച്ചവ്യാധി മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാന്‍ സാധ്യത കുറവാണെങ്കിലും സമീപ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. മീസില്‍സ് ബാധയാണെന്ന് സംശയം തോന്നിയാല്‍ ജി.പിമാരെ കാണുകയോ എന്‍.എച്ച്.എസ് 111ല്‍ വിളിക്കുകയോ ചെയ്യണമെന്നും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കണമെന്നുമാണ് നിര്‍ദേശം.

ജനുവരി 9വരെ വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ 34ഉം ചെഷയര്‍ ആന്റ് ലിവര്‍പൂളില്‍ 29ഉം വെസ്റ്റ് മിഡ്ലാന്‍ഡില്‍ 32ഉം സറെയില്‍ 20ഉം ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ 7ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാക്സിനേഷന്‍ എടുക്കാത്തവര്‍ മീസില്‍സ് പടര്‍ന്നു പിടിച്ചിരിക്കുന്ന രാജ്യങ്ങളായ റുമേനിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് അപകട സാധ്യതയുണ്ടാക്കുമെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനുകള്‍ നിങ്ങള്‍ എടുത്തിട്ടില്ലെങ്കില്‍ ജിപിമാരെ സമീപിക്കാനും നിര്‍ദേശമുണ്ട്. വാക്‌സിന്‍ എടുക്കാത്തവരിലും മുമ്പ് ഈ രോഗം ബാധിക്കാത്തവരിലും മീസില്‍സ് വരാനുള്ള സാധ്യത ഏറെയാണ്. കുട്ടികള്‍ക്ക് ഇത് അപകടകരമായേക്കാം. ഏഴ് മുതല്‍ 10 ദിവസം വരെ രോഗം നീണ്ടുനിന്നേക്കാം.

കുട്ടികള്‍ക്ക് നല്‍കുന്ന രണ്ട് ഡോസ് എംഎംആര്‍ വാക്‌സിനുകള്‍ എടുക്കാത്തവര്‍ എത്രയും പെട്ടന്ന് വാക്‌സിനുകളെടുത്ത് കുട്ടികളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കണമെന്ന് ഇമ്യുണൈസേഷന്‍ മേധാവി ഡോ. മേരി റാംസേ അറിയിച്ചു. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ജി.പിയുമായി ബന്ധപ്പെടണമെന്നും റാംസേ കൂട്ടിച്ചേര്‍ത്തു.

സാധാരണ പനിയുടെ ലക്ഷണങ്ങളായ മൂക്കടപ്പ്, തുമ്മല്‍, കണ്ണുകള്‍ നിറയുക തുടങ്ങിയ ലക്ഷണങ്ങളുമായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. കണ്‍പോളകളിലെ വീക്കം, കണ്ണുകള്‍ ചുവന്ന് തുടുക്കുകയും പ്രകാശത്തിലേക്ക് നോക്കുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യുക, 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന പനി, വായില്‍ വെള്ളയും ചാര നിറത്തിലുമുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുക, ശരീര വേദന, ചുമ, ഭക്ഷണത്തോട് വിരക്തി, ശരീരത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാവരിലും എല്ലാ ലക്ഷണങ്ങളും കാണണമെന്നില്ല. ലക്ഷണങ്ങള്‍ കണ്ടാല്‍ ജിപിമാരുടെ സഹായം തേടണമെന്നാണ് നിര്‍ദേശം.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles