ന്യൂഡല്‍ഹി: മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ അടക്കം മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട വിധി പറഞ്ഞ എന്‍.ഐ.എ ജഡ്ജ് രവീന്ദര്‍ റെഡ്ഡി രാജിവച്ചു. ഏറെ വിവാദമായ കേസില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെ വിട്ട വിധി പറഞ്ഞ് മണിക്കൂറുകള്‍ക്കമാണ് റെഡ്ഡി രാജിവച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റിസിന് അദ്ദേഹം രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി.

2007ലാണ് മക്ക മസ്ജിദ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദ വിരുദ്ധ ഏജന്‍സിക്ക് കേസിലെ പ്രതികള്‍ക്കെതിരെ തെളിവുകള്‍ നല്‍കുന്നതില്‍ പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. സ്വാമി അസീമാനന്ദ ഉള്‍പ്പെടെ പത്തു പ്രതികളായിരുന്നു കേസില്‍ വിചാരണ നേരിട്ടത്. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്ത മക്ക മസ്ജിദില്‍ 2007 മെയ് 18 നാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേസ് അന്വേഷണത്തില്‍ ലോക്കല്‍ പോലീസിനെതിരെ ആക്ഷേപങ്ങളുയര്‍ന്നപ്പോളാണ് കേസ് അന്ന് സിബിഐക്ക് വിട്ടത്. തുടര്‍ന്ന് 2011 ലാണ് സിബിഐയില്‍ നിന്നും എന്‍ഐഎ കേസ് ഏറ്റെടുത്തത്.

പ്രതികളെയെല്ലാം വെറുതെ വിട്ട കോടതി വിധിയില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജിയുടെ ദൂരൂഹമായ രാജി. അസീമാനന്ദ അടക്കം പ്രതികളെല്ലാം സംഘപരിവാര്‍ ബന്ധമുള്ളവരാണ്. 10 പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അസീമാനന്ദ അടക്കം അഞ്ച് പ്രതികളെ മാത്രമാണ് അന്ന് അറസറ്റ് ചെയ്യാന്‍ സാധിച്ചത്. നാല് പ്രതികള്‍ ഒളിവില്‍ പോയി. സുനില്‍ ജോഷി എന്ന മറ്റൊരു പ്രതി ഇതിനിടെ മരണപ്പെട്ടു.