കൊച്ചി: വടയമ്പാടി ഭജന മഠത്ത് എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ നടക്കുന്ന ജനകീയ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരി, അനന്തു രാജഗോപാല്‍ ആശ എന്നിവരെയാണ് രാമമംഗലം പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ കൂടാതെ സമരത്തില്‍ പങ്കെടുത്ത 7 ഓളം പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റ് ചെയ്തവരെ രാമമംഗലം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. മാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരിയും അനന്തു രാജഗോപാല്‍ ആശയും മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന് പൊലീസ് ആരോപിച്ചു. എന്നാല്‍ ന്യൂസ് പോര്‍ട്ട് എന്ന ഓണ്‍ലെന്‍ പത്രത്തിന്റെ എഡിറ്ററും റിപ്പോര്‍ട്ടറുമാണ് അറസ്റ്റ് ചെയ്യപ്പെട്ട അഭിലാഷും അനന്തുവും.

വടയമ്പാടി ഭജന മഠത്ത് എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ ദലിത് ഭൂ അവകാശമുന്നണിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സമരം ചെയ്യുന്നവരെ മാവോയിസ്റ്റാക്കാന്‍ പൊലീസ് ശ്രമമുണ്ടെന്ന് നേരത്തെ സമര സ്മിതി ആരോപിച്ചിരുന്നു. പുലര്‍ച്ചെ 5.30 വന്‍ പൊലീസ് സന്നാഹവുമായി എത്തിയ റവന്യൂ അധികാരികള്‍ സമര പന്തല്‍ പൊളിച്ചു മാറ്റിയിരുന്നു.