നോ ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടായാല്‍ വന്നേക്കാവുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള മുന്‍കരുതല്‍ നടപടികളുമായി എന്‍എച്ച്എസ് ആശുപത്രികള്‍. ജീവനക്കാരുടെയും മരുന്നിന്റെയും ക്ഷാമം ഉണ്ടാകാതിരിക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ശസ്ത്രക്രിയകള്‍ മാറ്റിവെക്കാതിരിക്കാനുള്ള നടപടികളും ആശുപത്രികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സ്‌കൈ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മരുന്നുകള്‍ കൊള്ളയടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഫാര്‍മസികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് ആശുപത്രികള്‍ അറിയിച്ചു. സ്പാനിഷ് നഴ്‌സുമാര്‍ ഒന്നടങ്കം വിട്ടുപോകുന്നത് തങ്ങള്‍ക്ക് പ്രതിസന്ധിയായിരിക്കുകയാണെന്ന് ഒരു വിഭാഗം ആശുപത്രികള്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഉപാധിരഹിതമായി വിട്ടുപോയാല്‍ മരുന്നുകള്‍ക്ക് ക്ഷാമമുണ്ടായേക്കാമെന്നും അത്തരമൊരു സാഹചര്യത്തെ നേരിടാനായി വേണ്ട നിര്‍ദേശങ്ങള്‍ എന്‍എച്ച്എസ് നേതൃത്വത്തില്‍ നിന്നോ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തില്‍ നിന്നോ ലഭിക്കുന്നില്ലെന്നും ട്രസ്റ്റുകള്‍ വ്യക്തമാക്കുന്നു.

ഇഗ്ലണ്ടിലെ 130 ട്രസ്റ്റുകളില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നോ ഡീല്‍ സാഹചര്യത്തില്‍ പൗണ്ടിന്റെ മൂല്യത്തകര്‍ച്ച മുതലെടുത്തുകൊണ്ട് യൂറോപ്യന്‍ വിതരണക്കാര്‍ക്ക് മറിച്ചു വില്‍ക്കാനായി മരുന്നുകള്‍ പൂഴ്ത്തിവെക്കാന്‍ ചിലര്‍ ശ്രമിച്ചേക്കാമെന്നും ഇത്തരം ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തടയിടണമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ മേഖല ആവശ്യപ്പെടുന്നു. നോ ഡീല്‍ സാഹചര്യത്തെ നേരിടാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ മാസങ്ങളായി പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. മരുന്നുകള്‍ പൂഴ്ത്തിവെക്കുന്നതിനെക്കുറിച്ചും മരുന്നുകളുടെ ഇറക്കുമതി തടസങ്ങളില്ലാതെ നടത്തുന്നതിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഈയാഴ്ച പുറത്തു വിട്ടിരുന്നു.

മരുന്നുകളുടെ ലഭ്യതയില്‍ യാതൊരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറയുന്നത്. ഓരോരുത്തരും അവരുടെ ഉത്തരവാദിത്തം നിറവേറിയാല്‍ മാത്രം മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹെല്‍ത്ത് സെക്രട്ടറിയുടെ ആത്മവിശ്വാസം ആശുപത്രികള്‍ക്ക് ഇല്ലെന്നാണ് ട്രസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.