ഗ്ലോസ്റ്റർ :  ഗൃഹാതുരുത്വം ഉണർത്തുന്ന പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങളുടെ ഇടയിൽ വ്യത്യസ്തതയുമായി ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ(ജി എം എ ) .101 വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിര ആയിരുന്നു ജി എം എ യുടെ ഓണാഘോഷങ്ങളുടെ മുഖ്യ ആകർഷണം. മാസങ്ങൾ നീണ്ട ചിട്ടയായ പരിശീലനം അവസാനം സഫലീകൃതമായി .

 

ചുവടുകൾ അണുവിട തെറ്റാതെ കേരളീയ വേഷത്തിൽ അണിനിരന്ന തിരുവാതിര നൃത്തം ആസ്വാദകരെ ആനന്ദത്തിലാക്കി . യുകെയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ പരിശീലനം നടത്തി 101 പേരെ ഉൾപ്പെടുത്തി തിരുവാതിരകളി അരങ്ങേറുന്നത് .

തിരുവാതിര കളി കൂടാതെ 15 ഓളം വനിതകൾ അണിനിരന്ന ചെണ്ടമേളവും , പുലികളിയും ,മുത്തുകുടയും , താലപ്പൊലിയും ഒക്കെ ആസ്വാദകരുടെ കണ്ണിനും കാതിനും കുളിർമയേകുന്നതുമായിരുന്നു . തിരുവാതിരക്കു ശേഷം ചെൽറ്റൻഹാമും ഗ്ലോസ്റ്ററും തമ്മിൽ നടന്ന വാശിയേറിയ വടം വലി മത്സരത്തിൽ ചെൽറ്റൻഹാമും വിജയികളായി. എന്നും മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്ന ഒരു പറ്റം ഓർമകളുമായാണ് ഗ്ലോസ്റ്റെർ ഷെയർ മലയാളി അസോസിയേഷൻെറ (ജി എം എ )യുടെ ഓണാഘോഷത്തിന് തിരശീലവീണത് .