ജോൺ കുറിഞ്ഞിരപ്പള്ളി

ഇന്ന് പൗർണ്ണമിയാണ് .
പൗർണ്ണമി നാളുകളിൽ  തലശ്ശേരിയിൽ കടൽ പ്രക്ഷുബ്ധമായിരിക്കും .ലൈറ്റ് ഹൗസിനടുത്തുള്ള  പാറക്കൂട്ടങ്ങൾ കാണാനേയില്ല. കടൽ പാലത്തിൽ തിരമാലകൾ ആഞ്ഞടിക്കുന്നത് കണ്ടാൽ ഭയം തോന്നും.വീട്ടിൽ നിന്നും ഓഫിസിലേക്ക് കടൽ തീരത്തുകൂടി   പോയാൽ നാരായണൻ മേസ്ത്രിക്ക് അല്പം ദൂരം കുറവുണ്ട്. രണ്ടാൾ ഉയരത്തിൽ  ആർത്തലച്ചുവരുന്ന തിരമാലകൾ കരയെ വാരി പുണരുന്നതും നോക്കി ഒരു നിമിഷം നിന്നു.പിന്നെ വേഗം നടന്നു.മനുഷ്യരിലും ജീവജാലങ്ങളിലും പൂർണ ചന്ദ്രൻ സ്വാധീനം ചെലുത്തും എന്ന് പറയുന്നത് ശരിയാണ് എന്ന് തോന്നുന്നു.നാരായണൻ മേസ്ത്രി ചിന്തയിൽ മുഴുകി.
ഇന്ന് ജെയിംസ് ബ്രൈറ്റിൻ്റെ  കൂടെ സൈറ്റ് ഇന്സ്പെക്ഷന് പോകാനുള്ളതാണ്.
നേരം പുലരുന്നതേയുള്ളു.നഗരം ഇനിയും ഉണർന്നു കഴിഞ്ഞിട്ടില്ല.
കഴിവതും നേരത്തെ വരണമെന്നാണ് ശങ്കരൻ നായരുടെ നിർദ്ദേശം.കൂട്ടുപുഴയിലെ വർക്ക് സൈറ്റും മാക്കൂട്ടത്തിനടുത്തുള്ള  സ്പോട്ടും സന്ദർശിക്കണം.
യാത്രയ്ക്ക് വേണ്ടി മൂന്നു കുതിരവണ്ടികൾ പറഞ്ഞു ഏൽപ്പിച്ചിരുന്നു.അത് എത്തിയിട്ടുണ്ടാകും.
തിരക്കിട്ടു വരുമ്പോൾ ബംഗ്ലാവിൻ്റെ  മുൻപിലെ മൈതാനത്തു കുതിരവണ്ടിക്കാർ റെടിയായി നിൽക്കുന്നു.
കൂടെ വരുന്ന ജോലിക്കാർ സാധനങ്ങൾ വണ്ടിയിൽ കയറ്റുന്നതിരക്കിലാണ്.
നാരായണൻ മേസ്ത്രി സർവ്വേയ്ക്ക് വേണ്ടിയുള്ള ഉപകരണങ്ങൾ അടങ്ങുന്ന പെട്ടി രണ്ടു ജോലിക്കാരെക്കൊണ്ട്  എടുപ്പിച്ചു കൊണ്ടു വന്നു.പെട്ടി തുറന്നു, എല്ലാം ചെക് ചെയ്തു.തിയോഡലൈറ്റ് ,സർവ്വേ കോമ്പസ്,ഒപ്റ്റിക്കൽ മിറർ, ചെയിനുകൾ ,ക്രോസ്സ് സ്റ്റാഫ്, എല്ലാം ഉണ്ട് എന്ന് ഉറപ്പുവരുത്തി.എന്തെങ്കിലും വിട്ടുപോയാൽ ശങ്കരൻ നായർ ഒച്ച വയ്ക്കും.
പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും ശങ്കരൻ നായർ എത്തി.അല്പം കഴിഞ്ഞു ജെയിംസ് ബ്രൈറ്റും വന്നു.
“പോകാൻ റെഡി ആയോ  മിസ്റ്റർ നായർ?”
“യെസ് സർ”
ജെയിംസ് ബ്രൈറ്റ് ബംഗ്ലാവിന് അകത്തേക്കുപോയി ഒരു ബാഗും തൻ്റെ ഡബിൾ ബാരൽ വിൻചെസ്റ്റർ മെയ്ക്ക്  തോക്കും എടുത്തുകൊണ്ടുവന്നു വണ്ടിയിൽ വച്ചു..
” ഇന്ന് തന്നെ തിരിച്ചു വരൻ കഴിയുമോ മിസ്റ്റർ നായർ?”
“ശ്രമിച്ചുനോക്കാം.ആദ്യം മാക്കൂട്ടത്തെ സൈറ്റിൽ  പോയിട്ട് തിരിച്ചുവരുമ്പോൾ സമയമുണ്ടെങ്കിൽ കൂട്ടുപുഴ സൈറ്റിൽ  പോകാം.” നായർ പറഞ്ഞു.
മൂന്നു  കുതിരവണ്ടികളിലായി അവർ പുറപ്പെട്ടു. ജെയിംസ് ബ്രൈറ്റും ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും ഒരു കുതിരവണ്ടിയിലും മറ്റു അഞ്ചു ജോലിക്കാർ മറ്റേ കുതിരവണ്ടികളിലും കയറി.അത്യാവശ്യം  സാധനങ്ങൾ  എടുത്തു എല്ലാ വണ്ടികളിലുമായി വച്ചു.
ഇന്നുതന്നെ തിരിച്ചുപോരണം,അതാണ് നായരുടെ പ്ലാൻ.
പതിവിനു വിപരീതമായി ബ്രൈറ്റ് വളരെ സന്തോഷവാനായി കാണപ്പെട്ടു.എങ്കിലും ഇടക്കിടക്ക് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഹിപ്പ്  ഫ്ലാസ്കിൽ നിന്നും, ജാക്ക് ഡാനിയേൽ  അകത്താക്കിക്കൊണ്ടിരുന്നു.
നായരോട് കൂട്ടുപുഴയിലെ സർവ്വേ ജോലികളെക്കുറിച്ചും മാക്കൂട്ടത്തിനടുത്തുള്ള പാറക്കൂട്ടങ്ങൾ ഒഴിവാക്കി റോഡും റയിൽവേ ലൈൻ പണിയുന്നതിനെക്കുറിച്ചും വളരെ വാചാലനായി സംസാരിച്ചുകൊണ്ടിരുന്നു ബ്രൈറ്റ്.
കൂട്ടുപുഴയിൽ എത്തിയപ്പോൾ വർക് സൈറ്റിൽ ജോലിക്കാരുടെ  അടുത്ത് മേമൻ ഉണ്ട്.
“അത് മേമൻ അല്ലെ?”
“അതെ”
“അവനെക്കൂടി കൂട്ടിക്കോളൂ”
നായർ വിളിച്ചു,”മേമൻ നീ ഞങ്ങളുടെ കൂടെ വരുന്നോ?”
“ഇല്ല”അവൻ നിഷേധാർത്ഥത്തിൽ തല കുലുക്കി.
“അവൻ വരുന്നില്ല “എന്ന്..
“അവനെ കൂട്ടിക്കോളൂ,സമയമുണ്ടെങ്കിൽ നമുക്ക് അവൻ്റെ ഊരിൽ ഒന്ന് പോയാലോ?”
നായർ ജെയിംസ് ബ്രൈറ്റിനെ നോക്കി ആശ്ചര്യപ്പെട്ടു.എന്തൊരു മാറ്റമാണ് ഈ മനുഷ്യന്?
നായർ വിളിച്ചു;”മേമൻ ”
എന്തുകൊണ്ടോ അവനു അവരുടെ കൂടെ പോകാൻ അത്ര താല്പര്യം കണ്ടില്ല.ചിലപ്പോൾ ജെയിംസ് ബ്രൈറ്റിനെ കണ്ടത് കൊണ്ടായിരിക്കും.
“മേമൻ” നായർ വീണ്ടും വിളിച്ചു..അവൻ അടുത്ത് വന്നു.”നീയും വാ ഞങ്ങളുടെ കൂടെ .”
അവരുടെ നിർബ്ബന്ധം മൂലം മേമനും ബൂ വും ജോലിക്കാരുടെ വണ്ടിയിൽ കയറി.
നായർ  ശ്രദ്ധിച്ചു,എന്തുകൊണ്ടോ മേമന് തീരെ ഉത്സാഹമില്ല.എന്തെങ്കിലും ചോദിക്കുമ്പോൾ അവൻ്റെ  മുഖത്ത് കാണാറുള്ള ആ ചിരിയില്ല.താൻ  നിർബ്ബന്ധിച്ചതുകൊണ്ടു മാത്രം വരുന്നതാണ് എന്ന് തോന്നുന്നു.
ചിലപ്പോൾ അവൻ്റെ മിന്നിയ്ക്ക് എന്തെങ്കിലും ?
ബ്രൈറ്റ് വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഗട്ടർ  റോഡിലെ കുഴികളിൽ കുതിരവണ്ടിയുടെ ചക്രം വീഴുമ്പോളുണ്ടാകുന്ന പ്രകമ്പനം ആസ്വദിക്കുകയാണ്.
വണ്ടി നിർത്തി നടന്ന് സൈറ്റിലെത്തുമ്പോൾ സമയം  നാലുമണി.എല്ലാവരും യാത്രകൊണ്ട് ക്ഷീണിച്ചിരുന്നു.വേഗം ജോലിതീർത്തു പോകണം. ഇരുട്ടുന്നതിനു മുൻപ് കാടിറങ്ങണം.
ഇരുട്ടിയാൽ പിന്നെ തിരിച്ചുള്ള യാത്ര വിഷമത്തിലാകും.
ഇത്തവണ പാറക്കൂട്ടത്തിന് താഴെ ഒരു മൈൽ അകലെ  വരെ കഷ്ടിച്ച് കുതിരവണ്ടി കൊണ്ടുപോകാൻ കഴിഞ്ഞതു ഭാഗ്യമായി.
പിന്നെ സൈറ്റിലേക്ക് സർവ്വേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ എല്ലാം ജോലിക്കാർ ചുമന്നുകൊണ്ടുവന്നു.
രണ്ടു ജോലിക്കാരുമായി ശങ്കരൻ നായർ താഴെയുള്ള  സ്പോട്ടിലേക്ക് പോയി.
നാരായണൻ  മേസ്ത്രി കുറച്ചകലെ  ഇൻസ്ട്രുമെൻറ്  സെറ്റ് ചെയ്യുന്നു.
എല്ലാം നോക്കി ജെയിംസ് ബ്രൈറ്റ് നിർദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു.
ഇടയ്ക്  ജാക് ഡാനിയേൽ ഒരു സിപ്പ് എടുക്കാനായി ബ്രൈറ്റ് ഹിപ്പ് ഫ്ലാസ്ക് എടുത്തു.അതിൽ ഒരു തുള്ളിപോലുമില്ല-
ജാക്കറ്റിൻ്റെ അടുത്ത പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി എടുക്കാനായി കൈയ്യിട്ടപ്പോൾ തലേ ദിവസം കിട്ടിയ കത്ത് കയ്യിൽ തടഞ്ഞു.
കോണ്ഫിഡൻഷ്യൽ  എന്ന് അതിൽ ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിരുന്നു.ഇന്നലെ അത് തുറന്നു വായിക്കാൻ തോന്നിയില്ല.
ജെയിംസ് ബ്രൈറ്റ് കത്ത് തുറന്നു വായിച്ചു.
ബ്രൈറ്റിൻ്റെ മുഖം വലിഞ്ഞു മുറുകി.”ഷിറ്റ്,.ബാസ്‌റ്റാർഡ് ” ബ്രൈറ്റ് അലറി.
ശബ്ദം കേട്ട് നായർ ഓടിവന്നു.
“എന്തുപറ്റി,മിസ്റ്റർ ബ്രൈറ്റ്?”
ബ്രൈറ്റ് ഒന്നും പറയാതെ കത്ത് പോക്കറ്റിലിട്ടു.ദേഹം അടിമുടി വിറയ്ക്കുന്നു.ശങ്കരൻ നായരെ  തുറിച്ചു നോക്കി.ജെയിംസ് ബ്രൈറ്റിൻ്റെ  മുഖം വെളുത്തു വിളറിയിരിക്കുന്നു.
“മിസ്റ്റർ ബ്രൈറ്റ്,എന്തുപറ്റി?”
“യു ഷട്ട് അപ്.”ബ്രൈറ്റ് അലറി.ആദ്യമായിട്ടാണ് ജെയിംസ് ബ്രൈറ്റ് നായരോട് ദേഷ്യപ്പെടുന്നത്.നായർ വിചാരിച്ചു,ഈ മനുഷ്യന് എന്ത് സംഭവിച്ചു?മദ്യത്തിൻ്റെ  ലഹരിയിൽ ബോധമില്ലാതെ സംസാരിക്കുന്നതായിരിക്കും.
ബ്രൈറ്റ് എന്തൊക്കെയോ വിളിച്ചുപറയുന്നു,എല്ലാം നായർക്കും ദാനിയേൽ വൈറ്റ് ഫീൽഡിനും എതിരായിട്ടും.ജെയിംസ് ബ്രൈറ്റിന് പെട്ടന്നുണ്ടായ ഈ മാറ്റം എന്തുകൊണ്ടാണ് എന്ന് ആർക്കും മനസ്സിലായില്ല.
ഈ ബഹളങ്ങളൊന്നും മേമൻ അറിഞ്ഞില്ല..അവൻ ആ പാറയുടെ മുകളിൽ കയറി ചുറ്റുപാടും നോക്കി. പിന്നെ ആ പാറക്കൂട്ടങ്ങൾക്ക് മുകളിൽ അവൻ ശേഖരിച്ചു വച്ചിരുന്ന കുറച്ചു മരക്കമ്പുകൾ എടുത്ത് തീ കത്തിച്ചു.തീ ആളികത്തി.
ധാരാളം പാമ്പുകളും കടുവകളും കാട്ടാനകളും  ഉള്ള സ്ഥലമാണ്.തീ കണ്ടാൽ അവയൊന്നും അടുത്ത് വരില്ല.
അവിടെനിന്നും അവൻ്റെ  ഊരിലേക്കു രണ്ടു മൈൽ നടന്നാൽ എത്തും.
മേമൻ പാറയുടെ മുകളിൽ ഒരു കൽ പ്രതിമപോലെ നിശ്ചലനായി നിന്ന് ചുറ്റുപാടും നോക്കികൊണ്ടിരുന്നു.അവിടെ  നടക്കുന്ന ജോലികൾ എന്താണെന്ന് അവനറിയില്ല.
അവൻ നിൽക്കുന്ന പാറക്കെട്ടുകളുടെ അടി ഭാഗം ചേർന്ന് അഗാധമായ കുഴിയാണ്.നോക്കിയാൽ ഇരുളിൻ്റെ  കഷണങ്ങൾ മൂടിയ കൊല്ലിയുടെ  അടി ഭാഗങ്ങൾ കാണാൻ കഴിയില്ല.എവിടെ നിന്നോ ഒരു കാട്ടരുവി ഒഴുകുന്ന ശബ്ദം കേൾക്കുന്നുണ്ട്.ചിലപ്പോൾ അങ്ങ് താഴ്വാരത്തു നിന്നാകും.
ബ്രൈറ്റ് കുറെ നേരം എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.അമിതമായ മദ്യപാനം കൊണ്ടുള്ള വിഭ്രാന്തി ആയിരിക്കും,നായർ വിചാരിച്ചു
ബ്രൈറ്റ് നടന്ന്  കൊല്ലിയുടെ അടുത്ത് ചെന്ന് താഴേക്ക് നോക്കി നിന്നു.നാരായണൻ മേസ്ത്രി വിളിച്ചു പറഞ്ഞു,”സാർ സൂക്ഷിക്കണം,അവിടെ വലിയ കുഴിയാണ്”.
ബ്രൈറ്റ് അല്പസമയം കൂടി അവിടെ നിന്നിട്ട്  തിരിഞ്ഞു നടന്നു.
നായർ വിളിച്ചു,”സാർ,ഇത് ഒന്ന് ചെക്ക് ചെയ്തോളു.”
ബ്രൈറ്റ് അനങ്ങിയില്ല.
നായർ വീണ്ടും വിളിച്ചു.,”സാർ.”
ബ്രൈറ്റ് പറഞ്ഞു, “മിസ്റ്റർ നായർ എല്ലാം നിങ്ങൾ നോക്കിയാൽ മതി.അല്ലെങ്കിൽ ഞാൻ നോക്കിയിട്ടെന്താ?”
അൽപ്പ സമയം നിശ്ശബ്ദനായിരുന്നിട്ട് ബ്രൈറ്റ് ചോദിച്ചു,”മിസ്റ്റർ നായർ,ആൻ സൂയിസൈഡ് ചെയ്തത് ഞാൻ എന്ത് ചെയ്തിട്ടാണ്?”
“സാർ,നിങ്ങൾ വല്ലാതെ മദ്യപിച്ചിരിക്കുന്നു”.
“അവൾ പോയി.”
?
“ഐ ലോസ്റ്റ് മൈ ഡ്രീംസ്.”എൻ്റെ സ്വാപ്നങ്ങൾ,എല്ലാം അവസാനിച്ചു……………..
ഐ ലോസ്റ്റ് എവെരിതിങ്…………..”.
ഹിപ് പോക്കറ്റിൽ നിന്ന് ജാക്ക് ഡാനിയേൽ പുറത്തെടുത്തു. രണ്ടു സിപ് ആഞ്ഞുവലിച്ചു കുടിച്ചു.
“ഞാൻ തോൽക്കില്ല,എന്നെ തോൽപിക്കാൻ അനുവദിക്കില്ല.ഒന്നുകിൽ ഈ പ്രോജക്ട് ബ്രൈറ്റിൻ്റെ പേരിൽ അറിയപ്പെടണം.അല്ലെങ്കിൽ ഒന്നും വേണ്ട.ഞാൻ അനുവദിക്കില്ല…………”
ശങ്കരൻ നായർ അന്തം വിട്ടു. ഈ മനുഷ്യൻ എന്താണ് പറയുന്നത്?
“നായർ പറഞ്ഞു,ഇന്നത്തെ ജോലി നമുക്ക് അവസാനിപ്പിക്കാം.പിന്നൊരിക്കൽ ആകട്ടെ.”
ബ്രൈറ്റ്  പൊട്ടി ചിരിക്കാൻ തുടങ്ങി.ചിരിച്ചു  ചിരിച്ചു് പിന്നെ ഉറക്കെ കരഞ്ഞു.
നായർ നാരായണൻ മേസ്ത്രിയോട് പറഞ്ഞു.
“പാക് അപ്പ് .ഈ ജോലി ഇനി തുടരുന്നതിൽ  കാര്യമില്ല”
ബ്രൈറ്റ് പറഞ്ഞു,”നോ.continue .ഓർഡർ ഞാൻ തരും നിങ്ങളല്ല മിസ്റ്റർ നായർ.ഞാൻ പറയുന്നത് നിങ്ങൾ അനുസരിക്കണം.”.
നായർ ഒന്നും മിണ്ടിയില്ല.
“മേമൻ,യു ആർ ദി ഗ്രേയ്റ്റസ്റ്റ്………… “.ബ്രൈറ്റ് വിളിച്ചുപറഞ്ഞു.
നായർ അമ്പരന്നു.ബ്രൈറ്റിന് ഭ്രാന്തു പിടിച്ചോ?
നാരായണൻ മേസ്ത്രി പറഞ്ഞു,”ഇന്ന് വെളുത്ത വാവാണ്,അതിന്റെ കേടാ:”
“മേമൻ റൂട്ട്,.മേമൻ ഡിസ്‌കവേഡ്  തലശ്ശേരി മൈസൂർ  റെയിൽവേ റൂട്ട് .യു ആർ  ദി ഗ്രെയ്റ്റസ്റ്റ് …………….
മഹത് വ്യക്തികൾ വരുമ്പോൾ  നമ്മൾ ആകാശത്തിലേക്കു വെടി വച്ചു് ആദരിക്കുമല്ലോ.എന്താണ് മിസ്റ്റർ നായർ അതിനു പറയുന്നത്? ഓ, നിങ്ങൾ പറയില്ല.”
“ആചാര വെടി”.
“എസ്.അതെ.അതുതന്നെ.”.
“മേമൻ”.ബ്രൈറ്റ് ഉറക്കെ വിളിച്ചു.
അവൻ താഴേക്ക് നോക്കി വെറുതെ ചിരിച്ചു.
“എൻ്റെ സ്വപ്നമായിരുന്നു,ഈ റെയിൽവേ ലൈൻ….എല്ലാം നീ കൊണ്ടുപോയി.”ഒന്നും മനസ്സിലാകാതെ മേമൻ ചിരിച്ചുകൊണ്ടിരുന്നു.
നായർ വിചാരിച്ചു ഇയാൾ എന്തിനുള്ള പുറപ്പാട് ആണ്?ഇപ്പോൾ കാര്യം മനസ്സിലായി.തലശ്ശേരി മൈസൂർ റെയിൽവേ മേമൻ റൂട്ട് എന്ന് വിളിക്കുന്നത് ബ്രൈറ്റിന് ഇഷ്ടപ്പെടുന്നില്ല.അത് തികച്ചും ബ്രൈറ്റിൻ്റെ പേരിൽ അറിയപ്പെടണം.
നാരായണൻ  മേസ്ത്രി ഒന്നും പിടികിട്ടാതെ നായരെ നോക്കി.
“മേമൻ…………മേമൻ…………മേമൻ ……………എല്ലാം  ഇവിടെ അവസാനിക്കുന്നു വഴിയേ പോയ ഒരു ബെഗ്ഗർ ഇപ്പോൾ എല്ലാവരുടെയും ആരാധനാപാത്രം .”
ആർക്കും ഒന്നും മാനസ്സിലായില്ല.ജോലിക്കാർ ചെയ്തിരുന്ന ജോലി മതിയാക്കി എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി.
നായർ പറഞ്ഞു,”ഇരുട്ട് വീഴുന്നതിനു മുൻപേ മടങ്ങാം.ഇനി വർക്ക് തുടരാൻ കഴിയില്ല.”
ബ്രൈറ്റ് വീണ്ടും വീണ്ടും എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു.
മേമൻ  ഒന്നും മനസ്സിലായില്ലെങ്കിലും പാറക്കൂട്ടത്തിനു മുകളിൽ നിന്നും ബ്രൈറ്റിനെ നോക്കി ചിരിച്ചു.
അത് ബ്രൈറ്റിനെ ഒന്നുകൂടി ഭ്രാന്ത് പിടിപ്പിച്ചു.
“എല്ലാം തട്ടിയെടുത്തിട്ട് ചിരിക്കുന്നു? എൻ്റെ ഡ്രീംസ് ഇനി വെറും സ്വപ്നങ്ങൾ മാത്രം………..ഇഡിയറ്റ് …എടാ തെണ്ടി നീ താഴെ ഇറങ്ങി വാ .”
ബ്രൈറ്റ് സംസാരിക്കുന്നത് തന്നോടാണ് എന്നുപോലും മേമന് മനസ്സിലായില്ല.
ബ്രൈറ്റ് നിൽക്കുന്നതിനടുത്തായി ഒരു മരത്തിൽ ചാരി വച്ചിരുന്ന തൻ്റെ ഡബിൾ ബാരൽ ഗൺ എടുത്ത് മേമനെ ലക്ഷ്യമാക്കി ഉയർത്തി പിടിച്ചിട്ടു വീണ്ടും വിളിച്ചു,”ഇറങ്ങി വാടാ……….”
മേമന് ഭയം തോന്നിയിട്ടുണ്ടാകണം,തോക്ക് തൻ്റെ  നേരെ പിടിച്ചിരിക്കുന്നത് കണ്ടിട്ട്.
ബ്രൈറ്റിനെ നോക്കി അവൻ  ചിരിച്ചു.
“കിംഗ് ,മേമൻ,ഗുഡ്ബൈ,”ബ്രൈറ്റ് കാഞ്ചി വലിച്ചു.എന്നിട്ടു ഉറക്കെ വീണ്ടും പറഞ്ഞു,”ഗുഡ് ബൈ.”
തോക്കിൽ നിന്നും വെടി പൊട്ടി.
എല്ലാം വളരെ പെട്ടന്ന് ആയിരുന്നു.തികച്ചും അപ്രതീക്ഷിതമായി യാതൊരു പ്രകോപനവുമില്ലാതെ ഒരു മനുഷ്യനെ വെടി വയ്ക്കുക.
നായരും നാരായണമേസ്ത്രിയും ഞെട്ടി വിറച്ചു.നായാട്ടിനു ഉപയോഗിക്കുന്ന ഡബിൾ ബാരൽ തോക്കിൽ നിന്നും ഉയർന്ന വെടി ശബ്ദത്തിൽ കുടകിലെ കാടുകൾ ഞെട്ടി വിറച്ചു.
അടുത്ത വൃക്ഷശിഖരങ്ങളിൽ കുടിയേറിയിരുന്ന പക്ഷികൾ ചിറകടിച്ചു പറന്നു പോയി.
തോക്കിൽ നിന്നും ഉയർന്ന പുകയുടെ പിന്നിൽ പാതി മറഞ്ഞ ജെയിംസ്  ബ്രൈറ്റിൻ്റെ ഭ്രാന്തമായ മുഖം അവർ കണ്ടു.
നായർ അലറി.” എടാ തന്തയില്ലാത്തവനെ…………..….”.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി