ലണ്ടന്‍: ഒന്നാം, രണ്ടാം ലോകമഹായുദ്ധങ്ങളില്‍ പങ്കെടുത്ത സിഖ് പട്ടാളക്കാരുടെ ആദരസൂചകമായി ബ്രിട്ടനില്‍ നിര്‍മ്മിച്ച പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമ അനാച്ഛാദനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലുണ്ടായി ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് സൂചന. ‘സിപ്പായീസ് നോ മോര്‍’ എന്ന് അതിക്രമം നടത്തിയവര്‍ പ്രതിമയുടെ മുകളില്‍ എഴുതി വെച്ചിരുന്നു. യൂറോപ്പിലെ സഖ്യ സേനയ്‌ക്കൊപ്പം പൊരുതിയ ഇന്ത്യന്‍ സൈനികരെ സിപ്പായിമാരെന്നാണ് വിളിച്ചിരുന്നത്. ബ്രിട്ടന്റെ അധീനതയിലായിരുന്ന കാലത്താണ് ഈ പേര് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ലഭിക്കുന്നത്.

ഒന്നാം, രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടനുള്‍പ്പെടുന്ന സഖ്യത്തോടപ്പം പോരാടിയ ഇന്ത്യന്‍ സൈനിക വിഭാഗത്തിലെ സിഖുകരോടുള്ള ആദരസൂചകമായിട്ടാണ് പ്രതിമ നിര്‍മ്മിച്ചത്. ഈ മാസം നാലിനാണ് 10 ഫീറ്റ് ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുന്നത്. പഞ്ചാബിലെയും ഇന്നത്തെ പാകിസ്ഥാന്റെ ചില ഭാഗങ്ങളില്‍ നിന്നുമാണ് സിഖ് ചരിത്രം പ്രാരംഭം കുറിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് സിഖ് ജനതയുടെ സാമിപ്യമുണ്ട്. ബ്രിട്ടനിലും നല്ലൊരു ശതമാനം സിഖ് ജനത കുടിയേറി താമസിക്കുന്നുണ്ട്. സിഖ് ആരാധനാലയങ്ങളും കമ്യൂണിറ്റി വെല്‍ഫെയര്‍ സ്ഥാപനങ്ങളുമെല്ലാം ബ്രിട്ടനിലും സജീവമായി തന്നെയുണ്ട്.

സിഖ് ജനതയ്ക്ക് നേരെയുണ്ടായ കൈയ്യേറ്റമായിട്ടാണ് പ്രതിമയ്ക്ക് നേരെയുണ്ടായിരിക്കുന്ന അതിക്രമത്തെ കാണുന്നതെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് നേരെ ഉണ്ടായിരിക്കുന്ന ആക്രമണം സിഖ് സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയതായി വ്യക്തമാണെന്നും സംഭവത്തില്‍ ഗൗരവപൂര്‍ണമായ അന്വേഷണമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസിനാണ് അന്വേഷണച്ചുമതല. പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായി സൂചനകള്‍ ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.