മുംബൈ ആസ്ഥാനമായുള്ള ദേനാ ബാങ്ക്, ബെംഗളൂരൂ ആസ്ഥാനമായ വിജയ ബാങ്ക്, ഗുജറാത്തിലെ വഡോദര ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡ എന്നീ മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാക്കി മാറ്റാനാണ് മന്ത്രിസഭ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.
ദില്ലി:പൊതുമേഖലാ ബാങ്കുകളായ ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിപ്പിച്ച് ഒന്നാക്കാൻ ധനമന്ത്രാലയത്തിന്‍റെ നിർദ്ദേശം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുംബൈ ആസ്ഥാനമായുള്ള ദേനാ ബാങ്ക്, ബെംഗളൂരൂ ആസ്ഥാനമായ വിജയ ബാങ്ക്, ഗുജറാത്തിലെ വഡോദര ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡ എന്നീ മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാക്കി മാറ്റാനാണ് മന്ത്രിസഭ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.

ഈ മൂന്ന് ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. ബാങ്ക് ലയനം ജീവനക്കാരെ ബാധിക്കില്ലെന്ന ഉറപ്പും ധനമന്ത്രാലയം നല്‍കിയിരിക്കുകയാണ്. അതോടൊപ്പം ബാങ്കിംങ്ങ് രംഗത്തെ പരിഷ്കരണം ഫലം ചെയ്യുന്നുവെന്നും ധനമന്ത്രാലയം വ്യക്തമാക്കി. എൻഡിഎ കൊണ്ടുവന്ന നിയമഭേദഗതികൾ കിട്ടാക്കടം കുറയ്ക്കാൻ സഹായിക്കുന്നു. കിട്ടാക്കടത്തിൽ ഈ വർഷം ഉണ്ടായത് 21000 കോടിയുടെ കുറവ്. 2014 നു മുന്‍പ് ബാങ്കുകൾ കാലിയാക്കാനായിരുന്നു യുപിഎ ശ്രമമെന്നും അരുണ്‍ ജയ്റ്റ്‍ലി പറഞ്ഞു.

എസ്ബിഐയും ഐസിഐസിഐയുമാണ് ഇപ്പോൾ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 14.82 ലക്ഷം കോടിയുടെ ഇടപാടാണ് മൂന്ന് ബാങ്കുകൾക്കും ചേർന്നുള്ളത്.  ഓഹരി വിപണിയിൽ ഇന്ന് വൻ ഇടിവുണ്ടായതിനു തൊട്ടു പിന്നാലെയാണ് സർക്കാരിൻറെ പ്രഖ്യാപനം. സെൻസക്സ് 505 പോയിൻറ് ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ നിരക്ക് 72.51 ആയി. ബാങ്കിംഗ് പരിഷ്ക്കാരങ്ങൾ വിപണിയിൽ പ്രതീക്ഷയുണർത്തുമെന്ന് സർക്കാർ കരുതുന്നു.

അതേസമയം പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി. കേരളത്തിൽ ലിറ്ററിന് 15 പൈസയും ഡീലലിന് ആറു പൈസയും  കൂടി. ജെഡിഎസ് കോൺഗ്രസ് സഖ്യം ഭരിക്കുന്ന കർണ്ണാടകത്തിൽ ഇന്ധന വില രണ്ടു രൂപ കുറയ്ക്കാൻ തീരുമാനിച്ചു.

ഇന്ധനവില കുറക്കുന്നതിനെക്കുറിച്ച് ധനമന്ത്രാലയമാണ് തീരുമാനം പറയേണ്ടതെന്ന് ട്രാൻസ്പോർട്ട് മന്ത്രി നിതിൻ ഗഡ്കരി പ്രതികരിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസ് ധനമന്ത്രാലയത്തെ അറിയിച്ചിട്ടില്ല.