ലണ്ടൻ : യുകെയിൽ വരും ദിനങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്ന് മെറ്റ് ഓഫീസ് പ്രവചനം. ശീതകാല മഴയും മഞ്ഞുവീഴ്ചയും യാത്രാ തടസ്സമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാത്രി 8 മുതൽ യെല്ലോ അല്ലെർട്ട് പ്രാബല്യത്തിൽ ഉണ്ടായിരുന്നു. സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ്, പടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ 10 മണി വരെ ഇത് നീണ്ടു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ഈ പ്രശ്നങ്ങൾ റോഡ് റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചേക്കാം എന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ തന്നെ പ്രധാന മുന്നറിയിപ്പുകൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടിരുന്നു. ചില സമയങ്ങളിൽ മഴയോടൊപ്പം മഞ്ഞു പെയ്തേക്കും. ചില സ്ഥലങ്ങളിൽ 1.2 ഇഞ്ച് (3 സെ.മീ) വരെ മഞ്ഞ് കാണാൻ സാധ്യതയുണ്ട്, പ്രധാനമായും 200 മീറ്ററിനു മുകളിൽ. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ട്, വെയിൽസ്, പടിഞ്ഞാറൻ സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ ഉയർന്ന സ്ഥലങ്ങളിൽ 3.1 ഇഞ്ച് (8 സെ.മീ) വരെയും മഞ്ഞുവീഴ്ച ഉണ്ടാവാൻ സാധ്യതയുണ്ട്. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്,
നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്,
വടക്കൻ അയർലൻഡ്, ലണ്ടൻ, വെയിൽസ്,
വെസ്റ്റ് മിഡ്‌ലാന്റ്സ്,
യോർക്ക്ഷയർ & ഹംബർ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നലെ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു.

ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന മഞ്ഞുവീഴ്ച സ്കോട്ലൻഡിലെ ഉയർന്ന പ്രദേശങ്ങളെ ആവും ബാധിക്കുക. ഒപ്പം താപനില താഴുന്നത് കൂടുതൽ പ്രതിസന്ധികളിലേക്കും നയിക്കുമെന്ന് നിരീക്ഷണകേന്ദ്രം അറിയിച്ചു.