പ്രണയവും വിരഹവും പാടി സംഗീതത്തിന്റെയും ഉന്മാദത്തിന്റെയും ഉച്ചസ്ഥായികളിൽ വിഷാദലഹരിയോടെ ജീവിച്ച ഹൊസെ ഹൊസെ(71)യ്ക്കു വിട. അർബുദത്തിനു ചികിത്സയിലായിരുന്നു.

അതേസമയം, ഹൊസെയുടെ മൃതദേഹം എവിടെയെന്നതിൽ സ്ഥിരീകരണമില്ലാത്തതു വിവാദമായി. മൃതദേഹം തങ്ങളുടെ ഇളയ അർധസഹോദരി സറീത്തയും അമ്മ സാറ സാലസറും ചേർന്ന് ഒളിപ്പിച്ചിരിക്കുകയാണെന്നു ഹൊസെയുടെ മക്കളായ ജോയലും മരിസോളും ആരോപിച്ചു. ഇവർ പൊലീസിൽ പരാതിയും നൽകി.

മെക്സിക്കോയിൽ, ഗായകൻ ഹൊസെ സൊസ എസ്ക്വിവലിന്റെയും പിയാനിസ്റ്റ് മാർഗരിത്ത ഓർടിസിന്റെയും മകനായി 1948 ഫെബ്രുവരി 17നു ജനിച്ച് സംഗീതത്തിൽ കളിച്ചുവളർന്ന ഹൊസെ റോമുലോ സൊസ ഓർടിസാണു ഹൊസെ ഹൊസെയായി പ്രശസ്തനായത്. ഉപേക്ഷിച്ചുപോയിട്ടും പിതാവിനോടുള്ള കടപ്പാടിന്റെ സ്നേഹമുദ്രയായി സ്വീകരിച്ചതാണു ‘ഹൊസെ ഹൊസെ’ എന്ന പേര്.

1970ലെ ലാറ്റിനമേരിക്കൻ ഗാനോത്സവത്തിൽ പാടിയ ‘എൽ ത്രിസ്തെ’ ഗാനമാണ് അത്രകാലം ജാസിലും മറ്റും ശ്രദ്ധയർപ്പിച്ചിരുന്ന ഗായകനെ താരമാക്കിയത്. 8 തവണ ഗ്രാമി നാമനിർദേശങ്ങൾ ലഭിച്ചിട്ടും പുരസ്കാരം സ്വന്തമാക്കാനായില്ല. ലാറ്റിൻ റിക്കോഡിങ് അക്കാദമിയുടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ലഹരിമരുന്നിന് അടിമയായി, വിവാഹം തകർന്ന്, ടാക്സി കാറിൽ അന്തിയുറങ്ങി ജീവിതം കാറ്റിൽപ്പറത്തിയ ഗായകന് സുഹൃത്തുക്കളാണ് പുനർജന്മം നൽകിയത്. രോഗം മൂലം പിൽക്കാലത്തു സ്വരം നഷ്ടപ്പെട്ടിരുന്നു.